കോട്ടയം: സ്ത്രീകളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസിനുള്ള വീഴ്ച വീണ്ടും തുടരുന്നു. മൂന്നു മക്കളുടെ അമ്മയായ യുവതി കരഞ്ഞു പറഞ്ഞിട്ടും എസ്ഐയുടെ മനസലിഞ്ഞില്ല. പ്രവാസി മലയാളിയായ ഭര്‍ത്താവിന്റെ വ്യാജ പരാതിയില്‍ യുവതിയെ ഇരുപതുകാരനൊപ്പം വിട്ടയച്ചു. കാമുകനാണെന്നു ഭര്‍ത്താവ് കുറ്റപ്പെടുത്തിയ ഇരുപതുകാരനൊപ്പമാണ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് എസ്ഐ പെണ്‍കുട്ടിയെ വിട്ടയച്ചത്. തനിക്ക് യുവാവിനൊപ്പം പോകാന്‍ താല്പര്യമില്ലെന്നു പറഞ്ഞിട്ടും എസ്ഐ നിര്‍ബന്ധിച്ചു യുവാവിനൊപ്പം അയക്കുകയായിരുന്നെന്നു യുവതി ജില്ലാ പൊലീസ് മേധാവിയ്ക്കു മൊഴി നല്‍കി.
തൃക്കൊടിത്താനം സ്വദേശിയായ പെണ്‍കുട്ടിയ്ക്കു 18 വയസുള്ളപ്പോഴാണ് പ്രവാസി മലയാളിയായ ആലപ്പുഴ സ്വദേശിയുമായി പ്രണയത്തിലാകുന്നത്. ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പുകളെല്ലാം മറികടന്ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഭര്‍ത്താവും വീട്ടുകാരും ക്രൂരമായി മര്‍ദിച്ച് അവശനിലയില്‍ ആശുപത്രിയിലായ പെണ്‍കുട്ടി ജില്ലാ പൊലീസ് മേധാവിയുടെ മുന്നിലെത്തി കരഞ്ഞു പറഞ്ഞതോടെ കഥമാറി. യുവതിയുടെ പരാതിയില്‍ ജില്ലാ പൊലീസ് മേധാവി ആലപ്പുഴ സ്വദേശിയായ ഷാജിയ്ക്കെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു.
ഷാജിയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു. എന്നാല്‍ ഭര്‍ത്താവ് നല്‍കിയ വ്യാജ പരാതിയില്‍ തൃക്കൊടിത്താനം എസ്ഐ യുവതിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ ശേഷം യുവതിയോടു ഇരുപതുകാരനായ യുവാവിനൊപ്പം പോകാന്‍ നിര്‍ദേശിച്ചു. മൂത്ത രണ്ടു കുട്ടികളെ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം വിട്ടയച്ചു. വിവാഹപ്രായം പൂര്‍ത്തിയാകാത്ത യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ താല്പര്യം പോലും പരിഗണിക്കാതെ എസ്ഐ വിട്ടയച്ചത്. തുടര്‍ന്നു യുവാവ് യുവതിയെ ആലപ്പുഴയിലെ ഒരു വീട്ടില്‍ വാടകയ്ക്കു താമസിപ്പിച്ചു.
ദിവസങ്ങള്‍ക്കു ശേഷം കുട്ടികളെ കാണാന്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയെ ബന്ധുക്കള്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചു. മര്‍ദനമേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന യുവതി, ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്റെ അടുത്തെത്തി തന്റെ കദനകഥ തുറന്നു പറയുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗം കേസ് അന്വേഷിച്ചു ജില്ലാ പൊലീസ് മേധാവിയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്ഐയ്ക്കെതിരെ അച്ചടക്ക നടപടിയെടുത്തു. യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ തുടര്‍ അന്വേഷണം നടത്താനും ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments