കൊച്ചി: ഗുണ്ടകളെ പിടിക്കാന്‍ പോലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ ശരിക്കും പെട്ടത് ജയിലധികൃതര്‍. ഓരോദിവസവും ജയിലിലേക്ക് ക്വട്ടേഷന്‍കാരും ഗുണ്ടകളും നിരനിരയായി എത്താന്‍ തുടങ്ങിയതോടെ കുടുക്കിലായത് എറണാകുളം ജില്ലാ ജയിലധികൃതരാണ്. ജില്ലയിലെ ജയിലുകള്‍ തടവുപുള്ളികളെ കൊണ്ട് നിറഞ്ഞതോടെ മറ്റ് ജില്ലകളിലെ ജയിലുകളിലേക്ക് തടവുകാരെ മാറ്റിക്കൊണ്ടാണ് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചുകൊണ്ടിരിക്കുന്നത്.
എറണാകുളം റേഞ്ച് ഐ.ജി പി വിജയന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം ഗുണ്ടാപ്പട്ടികയിലും ലോങ് പെന്‍ഡിങ്ങ് വാറണ്ടിലും ഉള്‍പ്പെട്ടവര്‍ക്കായി പൊലീസ് പരക്കെ റെയ്ഡ് ആരംഭിച്ചതോടെ പലരും സംസ്ഥാനം വിട്ടെങ്കിലും പിന്നാലെ ചെന്ന് പ്രതികളെ പിടികൂടുകയാണ് പോലീസ്.
ഗുണ്ട-ലഹരിമരുന്ന് കേസുകളില്‍ ചുരുങ്ങിയത് മൂന്നു മാസം ശിക്ഷ ഉറപ്പാണ്. ജയില്‍ നിയമം അനുസരിച്ച് മൂന്ന് മാസത്തില്‍ താഴെ ശിക്ഷയുള്ളവരെ സബ് ജയിലിലും ആറു മാസം വരെ ശിക്ഷ ലഭിച്ചവരെ ജില്ലാ ജയിലിലുമാണ് പാര്‍പ്പിക്കേണ്ടത്. ആറു മാസത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റേണ്ടി വരും.
എറണാകുളം ജില്ലയില്‍ കാക്കനാട് ജില്ലാ ജയിലും, ആലുവ, മട്ടാഞ്ചേരി ,എറണാകുളം എന്നിവിടങ്ങളില്‍ സബ് ജയിലുകളും മൂവാറ്റുപുഴയില്‍ ഒരു സ്പെഷ്യല്‍ സബ് ജയിലുമാണുള്ളത്.
133 പേരെ മാത്രം താമസിപ്പിക്കാന്‍ കഴിയുന്ന കാക്കനാട് ജയിലില്‍ പൊലീസ് റെയ്ഡ് ശക്തമാക്കിയതിനെ തുടര്‍ന്ന് 206 പേരെയാണ് കുത്തിനിറച്ചിരിക്കുന്നത്.
സ്പെഷ്യല്‍ സബ് ജയിലായ മൂവാറ്റുപുഴയില്‍ 99 പേര്‍ക്കാണ് ഇടമുള്ളത് ഇവിടെ ഇപ്പോള്‍ 122 പേരുണ്ട്. മറ്റ് മൂന്ന് സബ് ജയിലുകളിലും ശേഷിയേക്കാള്‍ വളരെ കൂടുതലാണ് ഇപ്പോള്‍ തന്നെയുള്ള അംഗ സംഖ്യ.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു ശേഷം കര്‍ശന നടപടികളിലേക്ക് പൊലീസ് കടക്കുകയായിരുന്നു. റെയ്ഞ്ച് ഐ.ജി പി.വിജയന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശ്, ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര എന്നിവരാണ് സിറ്റി ഗുണ്ടാവിരുദ്ധ മേഖലയാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. പ്രത്യേക ടീമിനെ തന്നെ ഗുണ്ടകളെ പിടികൂടുന്നതിനായി നിയോഗിച്ചിട്ടുണ്ട്.
ഇനി ക്രിമിനലുകളുമായി പൊലീസ് വരരുതേ എന്നാണ് ഓരോദിവസവും ജയിലധികൃതരുടെ പ്രാര്‍ത്ഥന. എന്നാല്‍ ജയിലില്‍ സ്ഥലം ഉണ്ടോ ഇല്ലയോ എന്നത് തങ്ങളുടെ നടപടികള്‍ക്ക് ബാധകമായ കാര്യമല്ലന്നും അതുകൊണ്ട് ഇക്കാര്യം തങ്ങള്‍ പരിഗണിക്കുന്നില്ലെന്നുമാണ് പോലീസ് നിലപാട്.
Post Your Comments