ന്യൂഡല്‍ഹി: ഒടുവില്‍ നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്നതില്‍ നിന്നും ആം ആദ്മി പിന്‍മാറുന്നു. തുടര്‍ച്ചയായുണ്ടാകുന്ന തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ നിലപാടു മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുന്നതു കൊണ്ട് ജനസമ്മതി നേടാനാവില്ലെന്ന തിരിച്ചറിവിലാണിപ്പോള്‍ പാര്‍ട്ടി. നരേന്ദ്രമോദിക്കെതിരേ ആരോപണമുന്നയിക്കുന്നതു നിര്‍ത്തി കൂടുതല്‍ പുരോഗമനാത്മകമായ വഴികളിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടാമെന്ന തീരുമാനത്തിലാണ് പാര്‍ട്ടി നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്.
2015ലെ ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പില്‍ പോസിറ്റീവ് കാമ്പയിന്‍ കൊണ്ടാണ് എ.എ.പി സീറ്റുകള്‍ നേടിയതെന്ന് ഒരു മുതിര്‍ന്ന ആം ആദ്മിനേതാവ് ചൂണ്ടിക്കാട്ടി. 2015നു മുന്‍പത്തെ 49 ദിന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഞങ്ങള്‍ 2015 തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത്തരത്തിലൊരു നയസമീപനമാകും ഇനി മേല്‍ ആം ആദ്മി പാര്‍ട്ടി സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലും, ഉത്തരാഖണ്ഡിലും ഭാരതീയ ജനതാപാര്‍ട്ടി കൈവരിച്ച ഉജ്ജ്വലവിജയവും മോദിക്കെതിരേ ആക്രമണമഴിച്ചു വിടുന്നതില്‍ നിന്നു പിന്‍തിരിയാന്‍ കാരണമായതായി നേതാവ് ചൂണ്ടിക്കാട്ടി. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുമുളള നിരവധി സമ്മതിദായകരാണ് ഡല്‍ഹിയില്‍ അധിവസിക്കുന്നത്. മോദി വിരോധം വച്ചുകൊണ്ടുളള സമീപനം അവരുടെ വോട്ടുകള്‍ നഷ്ടപ്പെടുത്തുകയേയുളളൂവെന്നും എ.എ.പി തിരിച്ചറിയുന്നു.
വരാനിരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ ആക്രമിച്ചുകൊണ്ടുളള പ്രചാരണം ആം ആദ്മി പാര്‍ട്ടിക്ക് കനത്ത പ്രഹരമായിരിക്കും ഏല്‍പ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
2014ല്‍ നരേന്ദ്രമോദിക്കെതിരേ വാരണാസിയില്‍ മത്സരിച്ച് ദയനീയ പരാജയമേറ്റു വാങ്ങിയ അന്നു മുതല്‍ തുടങ്ങിയതാണ് ആം ആദ്മി പാര്‍ട്ടിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും കഷ്ടകാലം. ഡല്‍ഹിയില്‍ നാമമാത്രമായ വിജയം നേടിയതൊഴിച്ചാല്‍, പരാജയങ്ങളുടെ പരമ്പര തന്നെയാണ് എ.എ.പി ഏറ്റുവാങ്ങിയത്. തുടര്‍ന്നിങ്ങോട്ട് മോദിക്കെതിരേയുളള ആരോപണങ്ങള്‍ പതിവാക്കിയതും വന്‍ തിരിച്ചടിയാണ് എ.എ.പിക്കു നല്‍കിയത്. അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടികള്‍ക്കിടയില്‍പ്പോലും നരേന്ദ്രമോദിയെ അനുകൂലിച്ചുകൊണ്ടുളള മുദ്രാവാക്യങ്ങളുയര്‍ന്നതും പാര്‍ട്ടിക്ക് വീണ്ടുവിചാരത്തിന് അവസരമൊരുക്കിയിരിക്കാമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
Post Your Comments