കണ്ണൂർ: അനുമതിയില്ലാതെ പ്രവര്‍ത്തനം ആരംഭിച്ച ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റിന് മുന്നില്‍ ഉപരോധ സമരം നടത്തുന്നവരും മദ്യം വാങ്ങാനെത്തിയവരും തമ്മിൽ ഏറ്റുമുട്ടൽ. മയ്യിലിലെ ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റിന്റെ മുന്നിലാണ് സംഭവം. ശ്രീകണ്ഠാപുരം കോട്ടൂരില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല കഴിഞ്ഞ ദിവസം വളരെ രഹസ്യമായി പാടിക്കുന്ന് റോഡരികിലെ ടിവികെ കോംപ്ലക്സിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. തുടർന്ന് ബോര്‍ഡ് പോലും സ്ഥാപിക്കാതെ പ്രവര്‍ത്തനം ആരംഭിച്ച മദ്യശാലയ്ക്കെതിരെ പ്രദേശവാസികൾ സമരത്തിനിറങ്ങുകയായിരുന്നു.
ഇവിടെ മദ്യശാല പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് സ്ത്രീകളടക്കമുള്ളവര്‍ ഉപരോധ സമരം ആരംഭിച്ചത്. മദ്യശാല പൂട്ടിക്കാന്‍ സമരം ചെയ്തവര്‍ക്കെതിരെ മദ്യം വാങ്ങാനെത്തിയ കുടിയന്മാര് സംഘടിച്ചതോടെ സംഘർഷം ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സമരം ചെയ്ത സ്ത്രീകളടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ഔട്ട്ലെറ്റില് മദ്യവില്പന പുനരാരംഭിച്ചത്.
Post Your Comments