മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സുരഭിക്കല്ല മരണപ്പെട്ട ജിഷ്ണുവിന്റെ മാതാവ് മഹിജക്കാണ് നല്‍കേണ്ടതെന്ന് സി പി എം അനുകൂല സൈബര്‍ ഗ്രൂപ്പ്. ചെഗുവേരയുടെ പ്രൊഫൈല്‍ ചിത്രമുള്ള ഫേസ്ബുക്ക് പേജിലാണ് മഹിജയെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ഫേസ്ബുക്ക് പോസ്റ്റ് നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങളും ഉയര്‍ന്നുവന്നിരിക്കുകയാണ്.
മകന്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ മനമുരുകി കഴിയുന്ന ഒരമ്മ നീതിക്കുവേണ്ടി നടത്തുന്ന സമരത്തെ ഇങ്ങനെ പരിഹസിക്കുന്നത് മനുഷ്യത്വമില്ലായ്മയാണെന്നാണ് സി പി എം സൈബര്‍ ഗ്രൂപ്പിനെതിരെയുള്ള പൊതുവികാരം.
ഒരമ്മയുടെ കണ്ണീരിനെ പരിഹസിക്കുന്ന ഇത്തരം വിഷജന്തുക്കള്‍ സി പി എമ്മിന്റെ ശാപമാണെന്ന് ഇടതുപക്ഷ സഹയാത്രികയും എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിഷാന്ത് ശക്തമായ ഭാഷയില്‍ തുറന്നടിച്ചു.
ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണം-ഒന്ന് വര്‍ഗശത്രുവിന് നേരെയും മറ്റൊന്ന് വഴിപിഴക്കുന്ന സ്വന്തം നേതൃത്വത്തിന് നേരെയും എന്ന ഹോചിമിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ദീപ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഈ പോസ്റ്റിനെ പലരും അനുകൂലിക്കുമ്പോള്‍ സി പി എം അനുകുലികള്‍ എതിര്‍ക്കുന്നുണ്ട്. വ്യാജഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഇങ്ങനെയൊരു പോസ്റ്റ് വന്നതെന്ന് ചിലര്‍ പറയുമ്പോള്‍ നൂറുശതമാനവും വ്യാജ അക്കൗണ്ടല്ലെന്ന് ബോധ്യപ്പെട്ടിട്ടാണ് പ്രതികരിച്ചതെന്നാണ് ദീപ വ്യക്തമാക്കുന്നത്.
മഹിജയും കുടുംബവും നടത്തുന്ന സമരം സി പി എം നേതൃത്വത്തെയും സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പോലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മഹിജയെ അധിക്ഷേപിച്ച് സംസാരിച്ച മന്ത്രി എം എം മണിയെയും പിന്തുണക്കുന്നതില്‍ സി പി എം സൈബര്‍ ഗ്രൂപ്പുകള്‍ മത്സരിക്കുകയാണ്. മഹിജക്കെതിരെ കൃത്യമായ അജണ്ടയോടെ പ്രചരണങ്ങള്‍ നടത്താനാണ് ഇപ്പോള്‍ ഈ ഗ്രൂപ്പുകള്‍ സമയം കണ്ടെത്തുന്നത്.
Post Your Comments