നാവികസേന മുങ്ങിക്കപ്പലുകൾക്ക് കരുത്താകുന്ന സാങ്കേതിക ഉപകരണങ്ങൾ നിർമിച്ചത് കൊച്ചിയിൽ. അന്തർവാഹിനികളിൽ ഉപയോഗിക്കുന്ന ഉഷസ്-2 സംയോജിത അന്തർവാഹിനി സോണാർ സാങ്കേതികവിദ്യയും കപ്പലുകളിൽ ഘടിപ്പിക്കുന്ന ഡയറക്ടിങ് ഗിയർ(ഡിജി) എന്ന ഉപകരണവുമാണ് കേരളത്തിൽ നിർമ്മിച്ച് രാജ്യത്തിന് സമർപ്പിച്ചത്. ഇന്ത്യൻ പ്രതിരോധ ഗവേഷണ കേന്ദ്രത്തിനു (ഡിആർഡിഒ) കീഴിലുള്ള കൊച്ചിയിലെ തൃക്കാക്കര നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറിയിലാണ് ഇവ വികസിപ്പിച്ചെടുത്തത്. ഇപ്പോൾ അന്തർവാഹിനികളിൽ ഉപയോഗിക്കുന്ന ഉഷസ് സോണാറിന്റെ പരിഷ്കരിച്ച പതിപ്പാണ് ഉഷസ്-2.
ശത്രുസേനയുടെ യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും തിരിച്ചറിഞ്ഞു അവയുടെ സ്ഥാന നിർണയം നടത്തി വിവരം നൽകാൻ സോണാറിന് കഴിയും. കപ്പലുകളിൽ ഭാരമേറിയ സോണാർ സെൻസറുകളെ നിശ്ചിത അളവുകളിൽ തിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഡയറക്ടിങ് ഗിയർ(ഡിജി). രാജ്യത്തെ വിവിധ വ്യവസായ ശാലകളുടെ സഹകരണത്തോടെയാണ് ഇവ രണ്ടും നിർമ്മിച്ചത്. ഇതോടെ നാവികസനയുടെ അന്തർവാഹിനികളിൽ ഉപയോഗിക്കുന്ന റഷ്യൻ നിർമിത സോണാറുകൾ പൂർണമായി ഒഴിവാക്കാനാകും.
Post Your Comments