KeralaNews

എല്‍.ഡി.എഫ് വന്നു; ആക്ഷേപങ്ങള്‍ക്കിടയില്‍ ഒരെണ്ണം ശരിയായി

അങ്കമാലി: ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള (ടെല്‍ക്) നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യ ആറുമാസംകൊണ്ടുണ്ടായ 15 കോടി രൂപയുടെ നഷ്ടം മറികടന്ന് രണ്ടാം അര്‍ധവര്‍ഷം ഒരുകോടി രൂപ ലാഭത്തിലെത്തി. ആദ്യ ആറുമാസം 32 കോടി വിറ്റുവരവുണ്ടായിരുന്നിടത്ത് രണ്ടാം അര്‍ധവര്‍ഷം 160 കോടിയായി ഉയര്‍ന്നതോടെയാണ് ലാഭത്തിലെത്തിയത്.

ഇത് റെക്കോഡ് നേട്ടമാണ്. ഒരു വര്‍ഷംകൊണ്ടാണ് പണ്ടൊക്കെ ഇത്രയും ഉല്‍പ്പാദനം സാധ്യമാക്കിയത്. ആറുമാസംകൊണ്ട് മുമ്പില്ലാത്തവിധം വലിയ റേഞ്ചിലുള്ള ഒമ്പത് ട്രാന്‍സ്ഫോര്‍മറുകളാണ് നിര്‍മിച്ചത്. നേരത്തെ ഒരു വര്‍ഷത്തില്‍ ഈ റേഞ്ചില്‍ നിര്‍മിച്ചത് ഏഴെണ്ണമാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു 100 കോടി രൂപ വിറ്റുവരവുണ്ടായിരുന്ന ടെല്‍ക്കിനെ 220 കോടിയിലെത്തിച്ചത്. 170 കോടി രൂപയായിരുന്നു ലാഭം. എന്നാല്‍ യുഡിഎഫ് അധികാരത്തിലെത്തിയതോടെ വിറ്റുവരവ് 130 കോടിയായി താഴ്ന്നു. ഓര്‍ഡര്‍ ദയനീയമായി. കിട്ടുന്ന ഓര്‍ഡര്‍ മറിച്ചുനല്‍കലും അഴിമതിയും സ്ഥാപനത്തെ വലച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പൊതുമേഖലാ വിരുദ്ധനിലപാടുംകൂടിയായതോടെ തകര്‍ച്ചയ്ക്ക് വേഗംകൂടി. സ്ഥാപനം നഷ്ടത്തിലായതോടെ സംയുക്ത സംരംഭക കരാറില്‍നിന്ന് 2016 ഏപ്രില്‍മാസം എന്‍ടിപിസി പിന്‍വാങ്ങാന്‍ തീരുമാനിച്ചു. 2017 ജനുവരി 24ന് കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു. എന്‍ടിപിസിയുടെ കൈവശമുള്ള 44.67 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിനോ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നവര്‍ക്കോ കൈമാറാനും തയ്യാറായി.

സിഐടിയു സംസ്ഥാന സര്‍ക്കാര്‍തന്നെ ഓഹരി വാങ്ങണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് ടെല്‍ക്കിന്റെ നഷ്ടം 48 കോടി രൂപയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ടെല്‍ക്കിനെ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സംഘടനയുടെ നേതാവ് പി രാജീവിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കി. ചെയര്‍മാനായി നിയോഗിക്കപ്പെട്ട അഡ്വ. എന്‍ സി മോഹനന്‍ യൂണിയന്‍ പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളുമടങ്ങുന്ന കമ്മിറ്റിക്ക് രൂപംനല്‍കി. പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉല്‍പ്പാദനം.

ഇതിനിടെ കെഎസ്ഇബി പ്രത്യേക പരിഗണനയിലൂടെ 40 കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കി. അതുകൂടി ആയപ്പോഴാണ് നഷ്ടം മറികടക്കാനായത്. കെഎസ്ഇബിയുടെ ഓര്‍ഡറുകളില്‍ 40 ശതമാനം ടെല്‍ക്കിന് നല്‍കാനും ധാരണയായി. കൂടാതെ ബജറ്റില്‍ 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അടുത്തവര്‍ഷത്തെ ലക്ഷ്യം 250 കോടി രൂപ വിറ്റുവരവും 20 കോടി ലാഭവുമാണ്. കാലാവധികഴിഞ്ഞ ദീര്‍ഘകാലകരാര്‍ ചര്‍ച്ച എത്രയുംപെട്ടെന്ന് ആരംഭിക്കുമെന്നും കഴിഞ്ഞ കരാര്‍ കുടിശ്ശിക ഉടന്‍ വിതരണംചെയ്യുമെന്നുമുള്ള വിശ്വാസത്തിലാണ് തൊഴിലാളികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button