രാജ്യത്തെ പ്രമുഖ പൊതുമേഖല ഓയിൽ കമ്പനികളിൽ ഒന്നായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ 13,750 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം സമാന കാലയളവിൽ 1,992 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ മുന്നേറ്റം കൈവരിച്ചിട്ടുള്ളത്. ജനുവരി-മാർച്ച് പാദവുമായി താരതമ്യം ചെയ്യുമ്പോൾ 37 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
പലിശ, നികുതി തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം 22,163 കോടി രൂപയാണ്. കമ്പനിയുടെ മൊത്തത്തിലുള്ള ചെലവുകൾ ഇത്തവണ 20 ശതമാനം ഇടിഞ്ഞ് 2.03 ലക്ഷം കോടി രൂപയായിട്ടുണ്ട്. കഴിഞ്ഞ വർഷം സമാന പാദത്തിലെ ചെലവ് 2.55 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം, പെട്രോളിയം ഉൽപ്പന്നങ്ങൾ, പെട്രോകെമിക്കൽ വിഭാഗങ്ങൾ എന്നിവയിൽ നിന്നുള്ള വരുമാനത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ 2.42 ലക്ഷം കോടി രൂപയിൽ നിന്ന് 2.11 ലക്ഷം കോടി രൂപയായാണ് കുറഞ്ഞിരിക്കുന്നത്.
Also Read: പുതുമ നഷ്ടപ്പെട്ട് ത്രെഡ്സ്! ഉപഭോക്താക്കളെ ചേർത്തുനിർത്താൻ പുതിയ ഫീച്ചറുകൾ ഉടൻ എത്തിയേക്കും
Post Your Comments