KeralaLatest NewsNews

ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ: ഒറ്റ ദിനത്തിലെ ലാഭം 14,61,217 രൂപ

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ചുമതല ഏറ്റെടുത്തശേഷം നടപ്പിലാക്കുന്ന ആദ്യ ആശയം റൂട്ട് റാഷണലൈസേഷൻ കേരളത്തിലെ എല്ലാ യൂണിറ്റുകളിലും മിന്നൽ വേഗത്തിൽ നടപ്പിലാക്കി. വെറും 14 ദിവസത്തിനുള്ളിലാണ് കേരളത്തിലെ എല്ലാ യൂണിറ്റുകളിലും കെഎസ്ആർടിസി ചെയർമാൻ ഡയറക്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയത്.

ഇതിലൂടെ ഒരു ദിവസം 52,456 ഡെഡ് കിലോമീറ്റേഴ്‌സ് ഒഴിവാക്കി 13,101 ലിറ്റർ ഡീസൽ ഉപഭോഗം കുറയ്ക്കുന്നതുവഴി 12,51,392 രൂപ ഡീസൽ തുകയിനത്തിൽ ലാഭിക്കും. 2,09,825 രൂപ മെയിന്റനൻസ് തുകയിനത്തിൽ ലാഭിക്കുകയും കിലോമീറ്ററിന് നാലു രൂപ സ്‌പെയർപാർട്‌സ് കോസ്റ്റ് ലാഭിക്കുകയും ചെയ്യും. ഇവയെല്ലാം ഉൾപ്പെടെ ഒരു ദിവസത്തെ ലാഭം 14,61,217 രൂപയാണ്.

ഇത്തരത്തിൽ കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതിലൂടെ ഒരു മാസം ലഭിക്കാൻ കഴിയുന്നത് 4,38,36,500 രൂപയാണ്. അനാവശ്യ ചെലവുകളും വരുമാന ചോർച്ചയും തടയുക എന്നതാണ് കോടികൾ വരുമാനമുള്ള കെഎസ്ആർടിസി എന്ന മഹാ പ്രസ്ഥാനത്തിന്റെ നിലനിൽപ്പിന് പ്രഥമ പരിഗണന നൽകേണ്ടത് എന്ന തിരിച്ചറിവാണ് ഓരോ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഉണ്ടാകേണ്ടതെന്ന് കെഎസ്ആർടിസി അറിയിച്ചു. അതിലേക്കുള്ള മഹത്തായ സന്ദേശമാണ് റൂട്ട് റാഷണലൈസേഷനിലൂടെ നമുക്കേവർക്കും ബോധ്യപ്പെടുന്നതെന്നും കെഎസ്ആർടിസി ചൂണ്ടിക്കാട്ടി.

ഓർഡിനറി സർവീസുകളിൽ നടപ്പിലാക്കി വൻവിജയമായ ഈ പദ്ധതി സൂപ്പർഫാസ്റ്റ് മുതൽ മുകളിലോട്ടുള്ള ദീർഘദൂര സർവീസുകളിൽ കൂടി സമയബന്ധിതമായി തന്നെ പ്രാവർത്തികമാക്കുന്നതായിരിക്കും. അതിലൂടെ കെഎസ്ആർടിസിയുടെ വരുമാനത്തിന്റെ നട്ടെല്ലായ സർവീസ് ഓപ്പറേഷനിലെ ഭീമമായ നഷ്ടം ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button