കോട്ടയം: ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നുപറഞ്ഞ് 800 രൂപ തട്ടിയെടുത്തയാളെ സ്ത്രീകൾ ചേർന്ന് കൈകാര്യം ചെയ്തു. തുടർന്ന് ഇയാൾ പോലീസ് പിടിയിലാവുകയും ചെയ്തു. കിടങ്ങൂർ തെക്കേമഠം വേണുഗോപാൽ (43) ആണ് എസ്എച്ച് മൗണ്ട് പടിഞ്ഞാറേതിൽ രമ്യ പ്രകാശ്, രാഖി രതീഷ് എന്നീ വീട്ടമ്മമാരുടെ ഇടപടൽമൂലം പിടിയിലായത്. രമ്യയുടെ ഭർത്താവ് ഗൾഫിൽ നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഇയാൾ വീട്ടിലെത്തിയത്.
രമ്യയുടെ ഭർത്താവ് പ്രകാശിനൊപ്പമാണ് താൻ ജോലി ചെയ്യുന്നതെന്നും പ്രകാശ് കൊടുത്തുവിട്ട സമ്മാനം കൊറിയറായി കോട്ടയത്തെത്തിയിട്ടുണ്ടെന്നും ഇതിന്റെ സർവീസ് ചാർജായി 800 രൂപ നൽകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. മകളുടെ ജന്മദിനം അടുത്തുവരുന്നതിനാല്‍ ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് രമ്യ വിശ്വസിച്ചു. പണം കൊടുത്തുകഴിഞ്ഞ്, ഭര്‍ത്താവ് പ്രകാശിനെ േഫാണില്‍ വിളിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. ഈസമയം സഹോദരന്റെ ഭാര്യ രാഖിയും വീട്ടിലെത്തി. അപ്പോഴേക്കും കാശുമായി വേണുഗോപാൽ പോയിരുന്നു. രമ്യ, രാഖിയെയുംകൂട്ടി ചൂട്ടുവേലി ജങ്ഷനിലും സമീപത്തും ഇയാളെ തിരഞ്ഞു. ഒടുവില്‍ നാഗമ്പടം സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഇയാളെ കണ്ടു.
വേണുഗോപാലിനെ തടഞ്ഞുനിർത്തി രാഖിയും രമ്യയും പണം തിരികെ ആവശ്യപ്പെട്ടു. രമ്യയെ തള്ളിയിട്ട ശേഷം വേണുഗോപാൽ ബസ് സ്റ്റാൻഡിന്റെ ഭാഗത്തേക്ക് ഓടിയെങ്കിലും പിന്നാലെ ഓടിയ ഇരുവരും ചേർന്ന് ഇയാളെ പിടികൂടി. അപ്പോഴേക്കും നാട്ടുകാരും പൊലീസും സഹായത്തിനെത്തി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Post Your Comments