മുണ്ടക്കയം: ബംഗളൂരുവിൽ നഴ്സിംഗിന് അഡ്മിഷനുവേണ്ടി പലിശരഹിത ലോണ്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കൊല്ലമുള മണ്ണടിശാല ഭാഗത്ത് കലതിക്കാട്ട് വീട്ടിൽ ലിജിൻ കെ. ലിറ്റി(27)യെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
മുണ്ടക്കയം സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് ഇയാൾ ഇവരുടെ മകൾക്ക് ബംഗളൂരുവിലെ ലക്ഷ്മിദേവി കോളജ് ഓഫ് നഴ്സിംഗ് എന്ന സ്ഥാപനത്തിൽ അഡ്മിഷൻ ശരിയാക്കി നൽകാമെന്നും ഈ കോഴ്സിന്റെ ഫീസായ 6,95,000 രൂപ ബാംഗളൂരിലുള്ള സ്വകാര്യ സ്ഥാപനം വഴി പലിശരഹിത വായ്പയായി തരപ്പെടുത്തി നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ഇവരിൽനിന്നു പലപ്പോഴായി 1,63,500 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇയാൾ ഇവരിൽനിന്ന് വാങ്ങിയ തുക ഒന്നുംതന്നെ കോളജിൽ അടയ്ക്കാതെയും അഡ്മിഷൻ കാര്യത്തിനായി ഇവരിൽനിന്നു വാങ്ങിയ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാതിരുന്നതിനെയും തുടർന്ന് വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ ബംഗളൂരുവിൽ നിന്നു പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്എച്ച്ഒ എ. ഷൈൻ കുമാർ, എസ്ഐ പി.എസ്. അനീഷ്, സിപിഒ നൂറുദീൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments