ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പ്രഖ്യാപനത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബ് മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കില്ലയെന്ന അമരീന്ദര്‍ സിങ്ങിന്റെ പ്രഖ്യാപനം ആം ആദ്മി സര്‍ക്കാരിനെ മാതൃകയാക്കിയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഔദ്യോഗിക വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് നിരോധിച്ചുകൊണ്ടുള്ള നീക്കവും, ലോക്പാല്‍ കൊണ്ടുവരാനുളള അമരീന്ദര്‍ സിങ് സര്‍ക്കാരിന്റെ നടപടികളും, ആപ്പ് സര്‍ക്കാര്‍ നടപ്പിലാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നൂതനമായ തീരുമാനങ്ങള്‍ കൈകൊണ്ട് രാഷ്ട്രീയത്തില്‍ മാറ്റം ഉണ്ടാക്കാന്‍ തങ്ങളുടെ സര്‍ക്കാരിന് സാധിച്ചു. അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ നേടിയ കുറഞ്ഞ ഭൂരിപക്ഷത്തെ സംബന്ധിച്ച് വളണ്ടിയര്‍മാരുമായി നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും 20 സീറ്റാണ് പഞ്ചാബില്‍ പാര്‍ട്ടിയ്ക്ക് നേടാനായത്. പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്.
വിഐപി സംസ്‌കാരം പൂര്‍ണമായി ഇല്ലാതാക്കാനുള്ള തീരുമാനങ്ങളായിരുന്നു അമരീന്ദര്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. മന്ത്രിമാര്‍, എംഎല്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്യും. അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ വിദേശ യാത്ര ഉണ്ടാവില്ല, സര്‍ക്കാര്‍ ചിലവില്‍ വിരുന്നുകള്‍ നടത്തില്ല, എംഎല്‍മാരുടെ അലവന്‍സുകള്‍ ഉള്‍പ്പെടെയുള്ള ശമ്പള വിവരങ്ങള്‍ എല്ലാമാസവും സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരസ്യമാക്കും തുടങ്ങി സുപ്രധാന തീരുമാനങ്ങളാണ് മന്ത്രിസഭ കൈകൊണ്ടത്.
Post Your Comments