കൊല്‍ക്കത്ത•സംസ്ഥാന സര്‍ക്കാര്‍ സിലബസ് അംഗീകരിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളുകള്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഈ സ്കൂളുകളില്‍ സിലബസ് പഠിപ്പിക്കാതെ മതവിദ്വേഷം കുത്തിവയ്ക്കുന്നു എന്നാണ് ആരോപണം. ആര്‍.എസ്.എസുമായി ബന്ധമുള്ള ശാരദ ശിശു വിദ്യാമന്ദിര്‍, സരസ്വതി ശാരദ ശിശു വിദ്യാമന്ദിര്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 125 സ്കൂളുകളോടാണ് ബംഗാള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് പിന്തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കുട്ടികള്‍ക്കിടയില്‍ ഈ സ്കൂളുകള്‍ മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതുവരെ 125 സ്കൂളുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ സിലബസ് പിന്തുടരാന്‍ തയ്യാറായില്ലെങ്കില്‍ ഈ സ്കൂളുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.
ഈ സ്‌കൂളുകളോട് തങ്ങളുടെ സിലബസ് വിദ്യാഭ്യാസ വകുപ്പിന് മുന്‍പാകെ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂച്ച്-ബഹര്‍, നോര്‍ത്ത് ദിനാജ്പൂര്‍, വെസ്റ്റ് മിഡ്നാപൂര്‍ തുടങ്ങിയ ജില്ലകളിലാണ് ഈ സ്കൂളുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്. ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് ഈ സ്കൂളുകളില്‍ മതവര്‍ഗീയത പ്രചരിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ ആരോപണം.
എന്നാല്‍ ആരോപണം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നിഷേധിച്ചു. കുട്ടികളില്‍ ഏകാഗ്രത വളര്‍ത്തുക ലക്ഷ്യമിട്ട് യോഗ പരിപാടിയും മതപ്രഭാഷണവും സംഘടിപ്പിച്ചതെന്ന് വനവാസി കല്യാണ്‍ ആശ്രം വക്താക്കള്‍ പറഞ്ഞു.
2015 ല്‍ ആസാമിലെ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളില്‍ പഠിച്ച മുസ്ലിം വിദ്യാര്‍ത്ഥി സി.ബി.എസ്.ഇ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ കാര്യവും സംഘം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.
Post Your Comments