News Story

പൊള്ളയായ വാഗ്ദാനങ്ങൾ ; ജപ്തി ഭീഷണിയിൽ മുങ്ങി ഒല, യൂബർ ഡ്രൈവർമാർ

പൊള്ളയായ വാഗ്ദാനങ്ങൾ മൂലം ജപ്തി ഭീഷണിയിൽ മുങ്ങി ഒല, യൂബർ ഡ്രൈവർമാർ. അധികൃതരുടെ ചൂഷണവും വാഗ്ദാന ലംഘനവും മൂലം ഈ ഓൺലൈൻ ടാക്സി കമ്പനികൾക്ക് വേണ്ടി തിരുവനന്തപുരം കൊച്ചി നഗരങ്ങളിൽ വായ്‌പ എടുത്ത് വാഹനം ഓടിക്കുന്ന മൂവായിരത്തോളം ഡ്രൈവർമാരാണ് ജപ്തി ഭീഷണിയിൽ മുങ്ങി നിൽക്കുന്നത്. ജീവിതം തന്നെ വഴിമുട്ടി നിൽക്കുന്ന ഇവരിൽ പലരും  ആത്മഹത്യയുടെ വക്കിലാണ്. ഇത് സംബന്ധിച്ച് പലതവണ പരാതി നൽകിയിട്ടും അധികൃതർ അവഗണിക്കുകയാണ് ചെയുന്നത്. അതിനാൽ മരണം വരെ നിരാഹാര സമരത്തിനും, മറ്റ് സമര പരിപാടികളിലേക്കും നീങ്ങാനൊരുങ്ങുകയാണ് ഡ്രൈവർമാർ .

മാസം ഒന്നരലക്ഷം രൂപ വരെ വരുമാനം എന്ന ആകർഷകമായ പരസ്യം കണ്ട് എത്തിയ ഡ്രൈവർമാർക്കാണ് ഇപ്പോൾ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. ഇതിന് പിന്നിലെ തട്ടിപ്പറിയാതെ പലരും സ്വർണ്ണം പണയം വെച്ചും, കൊള്ള പലിശക്ക് കടമെടുത്തും, ആധാരം പണയം വെച്ചുമൊക്കെയാണ്  സ്വന്തം പേരിൽ ഇവർ ലക്ഷങ്ങൾ വായ്പയെടുത്ത് വാഹനങ്ങൾ വാങ്ങിയത്. എന്നാല്‍ ആദ്യ ഘട്ടത്തിൽ നൽകി വന്നിരുന്ന ആകർഷകരമായ വാഗ്ദാനങ്ങളും സൗജന്യങ്ങളും അധികകാലം നീണ്ടു നിന്നില്ല. കാർ ഡീലർമാരും, വായ്‌പ സംഘടിപ്പിച്ച് കൊടുക്കുന്നവരും, മറ്റ് ഇടനിലക്കാരുമായി  ചേർന്ന് കമ്മീഷൻ വ്യവസ്ഥയിൽ പണം വാങ്ങുക മാത്രമാണ് കമ്പനികളുടെ ലക്ഷ്യമെന്നും ഡ്രൈവർമാർ ആരോപിക്കുന്നു. അതിനോടൊപ്പം തന്നെ  അധികൃതരുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും , അന്യായങ്ങൾക്കുമെതിരെ  പ്രതികരിക്കുന്നവരെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കാനും തുടങ്ങിയെന്ന് ഡ്രൈവർമാർ പറയുന്നു.

യാത്രക്കാർ തൊട്ടടുത്ത് ഓൺലൈൻ ആയി ഉണ്ടായിരുന്നാലും ട്രിപ്പ് തരാതെയും, ഗുണനിലവാര പരിശോധനയിൽ തരംതാഴ്ത്തിയും പേയ്മെന്റ് തടഞ്ഞു വെച്ച് ദ്രോഹിക്കുന്നതിന് പുറമെ ഭീഷണിപ്പെടുത്തി പിന്മാറ്റാനും കമ്പനി ശ്രമിക്കുന്നു. കൂടുതൽ കാറുകൾ ദിവസം തോറും അറ്റാച്ച് ചെയ്യുന്നതോടെ മുൻപുണ്ടായിരുന്നതിനേക്കാൾ ഏറെ ട്രിപ്പുകളുടെ എണ്ണവും ഇപ്പോള്‍ കുറഞ്ഞു.

ആദ്യ ഘട്ടത്തിൽ അഞ്ച് മാസത്തേക്ക് ദിവസം അഞ്ച് മണിക്കൂർ ഡ്രൈവർ ഓൺലൈനിൽ ഉണ്ടെങ്കിൽ 1500 വീതം കമ്മീഷൻ നൽകിയിരുന്നു. 10 മണിക്കൂറിന് 3500 രൂപയും, 15 മണിക്കൂറിന് 7000 രൂപയുമായിരുന്നു വാഗ്ദാനം. ഇത് പാലിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വർഷം ഓഗസ്റ്റ് ആയതോടെ ഇത് നിലച്ചു. ഓഗസ്റ്റോടെയാണ് യൂബർ കമ്പനി വ്യാപകമായി കാറുകൾ അറ്റാച്ച് ചെയ്യാൻ തുടങ്ങിയത്. ഒരു ഡ്രൈവർ ദിവസം 10 ട്രിപ്പെടുത്താൽ 3000 രൂപ, 15 ട്രിപ്പ് എടുത്താൽ 4000, 20 ട്രിപ്പ് എടുത്താൽ 5000 എന്നിങ്ങനെ ആയിരുന്നു കമ്പനിയുടെ വാഗ്‌ദാനം. ആദ്യ കാലങ്ങളിൽ പതിനഞ്ചും, ഇരുപതും ട്രിപ്പുകൾ ഡ്രൈവർക്ക് കിട്ടിയിരുന്നത് ഇന്ന് അത് പകുതിയിലേറെ കുറഞ്ഞു. ഇപ്പോൾ പതിനാറ് മണിക്കൂർ പണിയെടുത്താലും ദൈനംദിന ജീവിതത്തിനും,വായ്പാ തിരിച്ചടവിനുമുള്ള പൈസ കണ്ടെത്താനാകുന്നില്ല.

കേന്ദ്ര സർക്കാർ ഓൺലൈൻ ടാക്സി സർവീസിന് പ്രവർത്തനാനുമതി നൽകിയെങ്കിലും, ഇവരുടെ പ്രവർത്തനം നിയന്ത്രിക്കാൻ ഫലപ്രദമായ നിയമം നടപ്പാക്കിയില്ല. അതിനാൽ സംസ്ഥാന സര്‍ക്കാരിന് വിഷയത്തില്‍ ഇടപെടുന്നതിനു പരിമിതികള്‍ ഉണ്ട്. പതിനെട്ടിന ആവശ്യങ്ങൾ ചൂണ്ടികാട്ടി ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സംയുക്ത സമരസമിതി കമ്പനി അധികൃതർക്ക് ഇപ്പോള്‍   നിവേദനം നൽകിയിട്ടുണ്ട്. ചർച്ചക്ക് തയ്യാറായില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് ഇവരുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button