Latest NewsNewsTechnology

100 രൂപ ലഭിക്കാൻ കസ്റ്റമർ കെയറിൽ വിളിച്ചു, ഒടുവിൽ യുവാവിന് നഷ്ടമായത് 5 ലക്ഷം രൂപ! പണി കൊടുത്തത് ഗൂഗിളിലെ നമ്പർ

മൂന്ന് ഇടപാടുകൾ പേടിഎം മുഖാന്തരവും, ഒരെണ്ണം പഞ്ചാബ് നാഷണൽ ബാങ്കിന്റെ അക്കൗണ്ടും വഴിയാണ് നടത്തിയിരിക്കുന്നത്

യൂബർ ടാക്സി യാത്രയിൽ അധികമായി ഈടാക്കിയ പണം തിരികെ ലഭിക്കാൻ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. അധികമായി ഈടാക്കിയ 100 രൂപ തിരികെ ലഭിക്കുന്നതിനായാണ് യുവാവ് കസ്റ്റമർ കെയറിനെ ബന്ധപ്പെട്ടത്. എന്നാൽ, 100 രൂപയ്ക്ക് പകരം 5 ലക്ഷം രൂപയോളം നഷ്ടമാകുകയായിരുന്നു. ഗൂഗിളിൽ നിന്ന് കണ്ടെത്തിയ കസ്റ്റമർ കെയർ നമ്പറാണ് യുവാവിന് ഇത്തരമൊരു പണി കൊടുത്തത്.

ഗൂഗിളിൽ നിന്ന് കണ്ടെത്തിയ നമ്പറിലേക്ക് വിളിച്ചതോടെ അതിവിദഗ്ധമായാണ് തട്ടിപ്പുകാർ പണം തട്ടിയത്. ഗുരുഗ്രാമിൽ നിന്ന് യൂബർ ടാക്സി വിളിച്ച് യാത്ര ചെയ്ത പ്രദീപ് ചൗധരി എന്നയാളാണ് തട്ടിപ്പിന് ഇരയായത്. യാത്രയിൽ 205 രൂപയ്ക്ക് പകരം ഇയാളിൽ നിന്ന് 318 രൂപയാണ് യൂബർ ഈടാക്കിയത്. പിശക് ചൂണ്ടിക്കാണിച്ചപ്പോൾ ടാക്സി ഡ്രൈവർ യൂബർ കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, കസ്റ്റമർ കെയർ നമ്പർ ലഭിക്കുന്നതിനായി ഗൂഗിളിൽ തിരഞ്ഞതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

Also Read: സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത് പോലീസ് ഉദ്യോഗസ്ഥർ: അന്വേഷണം

ഗൂഗിളിൽ നിന്ന് ലഭിച്ച കസ്റ്റമർ കെയറിൽ വിളിച്ചതോടെ റീഫണ്ട് ലഭിക്കാൻ പ്ലേ സ്റ്റോറിൽ നിന്ന് ‘Rust Desk App’ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. പേടിഎം ഓപ്പൺ ചെയ്ത് rfnd112 മെസേജ് അയക്കാനും തട്ടിപ്പുകാർ നിർദ്ദേശിച്ചു. തുടർന്ന്, ആവശ്യപ്പെട്ട വിവരങ്ങളെല്ലാം രേഖപ്പെടുത്തിയപ്പോൾ അക്കൗണ്ടിൽ നിന്ന് 83,760 രൂപയാണ് പിൻവലിക്കപ്പെട്ടത്. പിന്നീട് നാല് തവണകളായി നടത്തിയ ഇടപാടിലൂടെ നാല് ലക്ഷം രൂപയും നഷ്ടമായി.

മൂന്ന് ഇടപാടുകൾ പേടിഎം മുഖാന്തരവും, ഒരെണ്ണം പഞ്ചാബ് നാഷണൽ ബാങ്കിന്റെ അക്കൗണ്ടും വഴിയാണ് നടത്തിയിരിക്കുന്നത്. യുവാവിന്റെ പരാതിയിൽ പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420-ാം വകുപ്പും ഐ.ടി നിയമത്തിലെ 66D വകുപ്പും ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന നമ്പറുകളിൽ മിക്കതും വ്യാജമായതിനാൽ, തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button