ഖത്തര്‍ : വ്യാജ സര്‍ട്ടിഫിക്കറ്റുകളും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കുടുക്കാന്‍ ഖത്തര്‍ മന്ത്രാലയം . ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വ്യാജന്മാരെ കണ്ടെത്തി കരിമ്പട്ടികയില്‍ പെടുത്താന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ വിദേശ ഏജന്‍സിയെ ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ആരോഗ്യമേഖലയില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ ജോലി തേടി എത്തുന്നവരില്‍ പലരും അപേക്ഷയോടൊപ്പം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നിലവിലുള്ള ജീവനക്കാരുടെയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. ഇത്തരക്കാരെ കണ്ടെത്തി ജോലിയില്‍ നിന്ന് പിരിച്ചു വിടാനും കരിമ്പട്ടികയില്‍ ഉള്‍പെടുത്താനുമാണ് ആരോഗ്യമന്ത്രാലയത്തിലെ ലൈസന്‍സിങ് സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ തീരുമാനം.
വ്യാജ സാക്ഷ്യപത്രങ്ങളുമായി ഹെല്‍ത്ത് സെന്ററുകളിലും ക്ലിനിക്കുകളിലും ജോലി നേടിയ ഡോക്ടര്‍മാരും നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരും ജോലിക്കിടെ സംഭവിച്ച പിഴവുകളില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരെയും കരിമ്പട്ടികയില്‍ ഉള്‍പെടുത്തും. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവരുടെ സാക്ഷ്യപത്രങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികളെ കൊണ്ട് പരിശോധിപ്പിക്കും. നിയമനത്തിന്റെ പ്രാഥമിക ഘട്ടം മുതലുള്ള നടപടിക്രമങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിച്ച യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും യാഥാര്‍ത്ഥമാണോ എന്ന് സൂക്ഷ്മ പരിശോധന നടത്തി ഉറപ്പുവരുത്തുകയാണ് ഏജന്‍സിയുടെ ചുമതല.
പരിശോധനയില്‍ വ്യാജ രേഖകള്‍ കണ്ടെത്തിയാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് മറ്റു ജിസിസി രാജ്യങ്ങളിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തും. നഴ്‌സിംഗ് മേഖലയില്‍ മാത്രം ഇതിനോടകം ഇത്തരം നിരവധി വ്യാജന്മാരെ കണ്ടെത്തിയതായും ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ചു പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments