ദുബായ്: ദുബായില്‍ രജിസ്റ്റര്‍ ചെയ്യാതെ ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതൽ പിഴ അടയ്‌ക്കേണ്ടി വരും. ഇരുപതിനായിരം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുന്നത്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതിയോട് കൂടി മാത്രമേ ദുബായ് വ്യോമ മേഖലയില്‍ ഏതു തരത്തിലുള്ള പ്രവര്‍ത്തികളും ചെയ്യാൻ പാടുള്ളു. പുതിയ നിയമത്തിന് ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അംഗീകാരം നല്‍കി.
കഴിഞ്ഞ വർഷം അനധികൃത ഡ്രോണുകള്‍ നിമിത്തം ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പലതവണ നിര്‍ത്തിവെച്ചിരുന്നു. ആയിരക്കണക്കിന് യാത്രക്കാരെ ഇത് ബാധിച്ചു എന്ന് മാത്രമല്ല വിമാനത്താവളത്തിനും എമിറേറ്റ്‌സ് അടക്കമുള്ള വിമാനകമ്പനികള്‍ക്ക് വലിയ സാമ്പത്തികഭാരവും വരുത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോണുകളുടെ ആകാശപറക്കലുകള്‍ക്ക് കൃത്യമായ മാനദണ്ഡവുമായി അധികൃതര്‍ രംഗത്ത് എത്തുന്നത്.
ഏവിയേഷന്‍ സെക്ടറുമായി ബന്ധപ്പെട്ട ഒരുകൂട്ടം നിയമങ്ങള്‍ക്കാണ് ദുബായ് കിരീടവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനും ആയ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അംഗീകാരം നല്‍കിയിരിക്കുന്നത്. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാതെ ഡ്രോണ്‍ ഉപയോഗിച്ചാല്‍ രണ്ടായിരം മുതല്‍ 20,000 ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക. ഇത് വാണിജ്യ ആവശ്യങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാതെ ഡ്രോണ്‍ ഉപയോഗിക്കുന്നതിനുള്ള പിഴയാണ്. പതിനായിരം ദിര്‍ഹമാണ് എന്‍ഒസി ഇല്ലാതെ പരിപാടികള്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ചാല്‍ പിഴ. ദുബായ് ഏവിയേഷന്‍ സെക്ടറിലെ എന്ത് തരം പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. ഡിസിഎഎ ലൈസന്‍സ് അനുവദിക്കുക ഒരു വര്‍ഷത്തെ കാലവധിയിലാണ്. ലൈസന്‍സ് ഇല്ലാതെ എവിയേഷന്‍ സെക്ടര്‍ ഉപയോഗിച്ചാല്‍ 5000 ദിര്‍ഹം പിഴ ചുമത്തും. കരിമരുന്ന് കലാപ്രകടനം, ലേസര്‍ ഷോ തുടങ്ങിയവും ഇക്കൂട്ടത്തില്‍പ്പെടും.
ഏരിയല്‍ ഫോട്ടോഗ്രഫി, ബലൂണ്‍ പറത്തല്‍ തുടങ്ങിയവയ്ക്കും മൂന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. മുന്‍കൂട്ടി അനുമതി വാങ്ങാതെ എയര്‍ഷോ പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ചാല്‍ 30000 ദിര്‍ഹമാണ് പിഴ. വ്യോമഗതാഗതത്തെ എതെങ്കിലും വിതത്തില്‍ ബാധിക്കുന്ന പരിപാടി നടത്തിയാല്‍ പതിനായിരം ദിര്‍ഹം പിഴയും അടക്കേണ്ടി വരും.
Post Your Comments