ദുബായ്: കാനഡയില്‍ ആറേക്കളോളം വിസ്തൃതിയുള്ള സ്വകാര്യ ദ്വീപ് സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ യുവാവ്. എമിറേറ്റ്‌സ് എന്‍ബിഡിയുടെ ഡിജിറ്റല്‍ ലൈഫ്‌സ്റ്റൈല്‍ ബാങ്കായ ലിവിന്റെ ‘വിന്‍ എ പ്രൈവറ്റ് ഐലന്റ്’ മത്സരത്തില്‍ വിജയിച്ചതോടെയാണ് ബ്രണ്ടന്‍ ലോപ്‌സ് എന്ന യുവാവിനെ ഈ സൗഭാഗ്യം തേടിയെത്തിയത്. ഇന്ത്യന്‍ വംശജനായ ഇയാള്‍ പോര്‍ച്ചുഗീസ് പൗരനാണ്. മാതാപിതാക്കളോടൊപ്പം ഇതുവരെ വാടക വീട്ടിലാണ് യുവാവ് കഴിഞ്ഞിരുന്നത്.
കാമ്പെയ്നിന്റെ ഭാഗമായി 27 കാരനായ ചലച്ചിത്ര നിര്‍മ്മാതാവിനും ഡിജെയ്ക്കും ഒരു ലക്ഷം ദിര്‍ഹം ക്യാഷ് പ്രൈസ് ലഭിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കുന്നവര്‍ സാധാരണ ലിവ് ഉപയോക്താക്കളായിരിക്കുകയും ലോയല്‍റ്റി പോയിന്റുകള്‍ നേടുകയും വേണം.
ഏകദേശം അഞ്ച് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള ഹോള്‍പോയിന്റ് ദ്വീപ് കാനഡയിലെ നോവ സ്‌കോട്ടിയയിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ സ്വകാര്യ ദ്വീപുകള്‍ക്ക് 50,000 മുതല്‍, 100,000 ഡോളര്‍ വരെ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല, എനിക്ക് സ്വന്തമായി ഒരു വീടില്ല, ഞാന്‍ ഇപ്പോഴും മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഇപ്പോള്‍ ഞാനൊരു ദ്വീപിന്റെ ഉടമയാണ്. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല,’ ലോപ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.
‘100,000 ദിര്‍ഹം സമ്മാനമായി നേടിയപ്പോള്‍ തന്റെ മനസ്സില്‍ ആദ്യം വന്നത് ബന്ധുക്കളെ സഹായിക്കുക എന്നതാണെന്നും എന്നാല്‍ ഈ ദ്വീപ് സ്വന്തമായതോടെ എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്നും പറഞ്ഞ ലോപ്‌സ് തനിക്കിപ്പോള്‍ 27 വയസ് മാത്രമാണുള്ളതെന്നും തന്റെ പ്രായത്തിലുള്ള ആളുകള്‍ സ്വന്തമായി ഒരു ദ്വീപുണ്ടെങ്കില്‍ എന്താണ് ചെയ്യുക എന്ന കാര്യം തനിക്കറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും മാതാപിതാക്കളോടൊപ്പം കഴിയുന്ന തനിക്ക് സ്വന്തമായി ഒരു മുറിപോലുമില്ലെന്നും വ്യക്തമാക്കി. നോവ സ്‌കോട്ടിയയിലേക്ക് പോയി ദ്വീപ് കാണാനാണ് ലോപ്‌സ് പദ്ധതിയിടുന്നത്. തുടര്‍ന്ന് എന്തുചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
ഈ വര്‍ഷം ഏപ്രിലിലാണ് ലിവിന്റെ കാമ്പെയ്ന്‍ ആരംഭിച്ചത്. ഓരോ മാസവും ഏറ്റവും ഉയര്‍ന്ന ലിവിയന്‍ പോയിന്റുകളുള്ള ഉപഭോക്താക്കളെയും തിരഞ്ഞെടുത്ത 15 ഉപഭോക്താക്കളെയുമാണ് അന്തിമ പട്ടികയില്‍ തിരഞ്ഞെടുത്തത്. 20 ഫൈനലിസ്റ്റുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
Post Your Comments