Prathikarana Vedhi

വ്യവഹാര കത്തീഡ്രലും വിശുദ്ധ പദവിയും: പി.സി ജോര്‍ജിന്റെ ലേഖനം വായിക്കാം

വ്യവഹാര കത്തീഡ്രലിലെ രണ്ടു പുകക്കുഴലുകളിലേക്കും കാരണവര്‍ ആധിയോടെ മാറി മാറി നോക്കി.വെളുത്ത പുകയും കറുത്ത പുകയും ഉയരുന്ന പുകക്കുഴലുകളാണവ.വെളുത്ത പുക ഉയര്‍ന്നാല്‍ വിശുദ്ധന്‍! കറുത്ത പുക ഉയര്‍ന്നാല്‍ കാരാഗ്രഹവും. കറുത്ത പുകയും കാരാഗ്രഹവും അത് പാടില്ല. വെളുത്ത പുകയും വിശുദ്ധ പദവിയും…അത് മാത്രമേ സംഭവിക്കാവൂ. നേരായ മാര്‍ഗ്ഗത്തിലൂടെ അത് നടക്കുകയുമില്ല. വ്യവഹാര കത്തീഡ്രലിലുള്ള ആരെയും വിലക്കെടുക്കാനോ കൈവശമുള്ള സ്വാധീനച്ചാക്കില്‍ കയറ്റാനോ ആവില്ല, പിന്നെ ഒരു വഴിയേ ഉള്ളൂ, വ്യവഹാര കത്തീഡ്രലിലെ പുകക്കുഴലുകളില്‍ നിന്നും പുക ഉയരുന്നതിനുള്ള സത്യവാങ്ങ് മൂല പൊടി സപ്‌ളൈ ചെയ്യുന്ന സേനയുടെ നായകനെ സ്വാധീച്ച് ചാക്കിനുള്ളില്‍ കയറ്റണം. അയാള്‍ക്കാണെങ്കില്‍ തത്ത, അഴിമതിവിരുദ്ധന്‍, സത്യസന്ധന്‍ എന്നീ ബിരുദങ്ങളുണ്ട്. ചെറുക്കന്റെ കൈയ്യില്‍ സ്വാധീനചാക്ക് കൊടുത്തു വിട്ടിട്ടുമുണ്ട്. സേനയുടെ നായകന്‍ അതിനുള്ളില്‍ കയറിയില്ലെങ്കില്‍ എന്നാലോചിച്ചപ്പോള്‍ തന്നെ കാരണവര്‍ വിയര്‍ക്കാന്‍ തുടങ്ങി.

ചതിച്ചും വഞ്ചിച്ചും കുതികാല്‍ വെട്ടിയും, ഒപ്പമുള്ളവരെ പിന്നില്‍ നിന്നു കുത്തിയും, നാട്ടിലെ മിച്ചവും കമ്മിയും സ്ഥിതിവിവരക്കണക്കുകളും തൂക്കിവിറ്റു പടുത്തുയര്‍ത്തിയതാണീ അദ്ധ്വാന വര്‍ഗ്ഗ നാട്ടുരാജ്യവും അവിടുത്തെ നാട്ടുരാജാവെന്ന പദവിയും. അധികാരം നഷ്ടപ്പെട്ട ത്രിവര്‍ണ്ണക്കാരുടെ സാമ്രാജ്യം ഉപേക്ഷിച്ചത് ഒട്ടേറെ പ്രതീക്ഷകളോടെയായിരുന്നു. ഇപ്പോള്‍ അധികാരമുള്ള ചുവപ്പന്‍ സാമ്രാജ്യത്തിലേക്ക് നാട്ടുരാജ്യം ലയിപ്പിക്കാമെന്ന കണക്കുകൂട്ടലുമുണ്ടായിരുന്നു. ഒന്നുമൊത്തിയില്ലെങ്കില്‍ കാവിക്കാരുടെ സാമ്രാജ്യത്തിലെങ്കിലും ഒരിടം പ്രതീക്ഷിച്ചു. ഒന്നും നടന്നില്ല… സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഒറ്റയ്ക്ക് നിന്ന് വഴിയാധാരമായത് മിച്ചം. സുരപാനീയ നിര്‍മ്മാതക്കളില്‍ നിന്ന് ഉണ്ടായ കളംങ്കം മാറാന്‍ വ്യവഹാര കത്തീഡ്രലില്‍ നിന്നും വെളുത്ത പുക വന്നേ മതിയാകൂ. എന്നാലേ വിശുദ്ധനാകാനും ചെറുക്കനെ ഒരു കരയിലെത്തിക്കാനും കഴിയൂ. നാട്ടുരാജ്യം ചെറുക്കനെ ഏല്‍പ്പിക്കാനായി അവന്‍ന്റെ കിരീടധാരണവും നടത്തണം. കൈയ്യിലിരിപ്പിലും, കയ്യിട്ട് വാരലിലും തന്നെയും കടത്തിവെട്ടുന്ന പ്രതിഭയാണവന്‍. അവന്‍ന്റെ കിരീടധാരണം ഉടനെ നടത്തണം.എല്ലാം നടക്കണമെംകില്‍ വിശുദ്ധ പദവി കിട്ടിയേ തീരൂ.ഒതേനന്‍ടെ ചുരികയില്‍ മുളയാണി തിരുകിയ തന്റെ കണ്‍കണ്ട ദൈവമായ ചന്തുവിന്റെ ചിത്രത്തിനു മുന്‍പില്‍ ചെന്നു നിന്ന് കാര്‍ണവര്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന പൂര്‍ത്തിയാക്കും മുന്‍പ് ബര്‍മുഡയുമിട്ട് ചെറുക്കന്‍ ഓടിയെത്തി പറഞ്ഞു ”അപ്പാ അയാള്‍ സ്വാധീനച്ചാക്കില്‍ കയറി… വ്യവഹാര കത്തീഡ്രലിലോട്ട് പോയിട്ടുണ്ട്”. ഇതു കേട്ട കാര്‍ണവര്‍ സന്തോഷമടക്കാനാവാതെ ചെറുക്കനെ വാരിപ്പുണര്‍ന്നു.

ചെറുക്കന്റെ കൈയ്യില്‍ കാരണവര്‍ കൊടുത്തയച്ച സ്വാധീന ചാക്കില്‍ കയറിയ സേനക്കാരുടെ നായകന്‍ വ്യവഹാര കത്തീഡ്രലിലേക്ക് നടക്കുകയായിരുന്നു അപ്പോള്‍. വ്യവഹാര കത്തീഡ്രലിന്റെ മേല്‍നോട്ടത്തിനായി ചുവപ്പന്‍മാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ വാദമുഖ പ്രമുഖന്‍ പോലുമറിയാതെ, വെളുത്ത പുകയും കറുത്ത പുകയും ഉയരുന്ന രണ്ടു പുകക്കുഴലുകളിലും വെളുത്ത പുക മാത്രം ഉണ്ടാകുന്ന സത്യവാങ്ങ് മൂല പൊടി അയാള്‍ നിറച്ചു വച്ചു. എന്നിട്ട് സത്യസന്ധന്‍ എന്ന മെഡല്‍ തൂങ്ങിയ നെഞ്ചും വിരിച്ച് അഴിമതി വിരുദ്ധ തൊപ്പി ഉറപ്പിച്ച തലയും നിവര്‍ത്തി സേനയുടെ നായകന്‍ നടന്നു. ആ നടപ്പും നോക്കി തന്നെ വിശുദ്ധനായി വാഴ്ത്തിയെന്ന അറിയിപ്പുമായി വ്യവഹാര കത്തീഡ്രലിലെ പുകക്കഴലില്‍ നിന്നും വെളുത്ത പുക ഉയരുന്നതും കാത്ത്, ജൂബ്ബായുടെ കൈയ്യും തെറുത്തു കയറ്റി,കാര്‍ണവര്‍ അക്ഷമനായി നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button