സ്‌ത്രൈണതയെന്ന ഭാവത്തെ വാണിജ്യവല്‍ക്കരിക്കപ്പെടുന്ന രീതിയില്‍,അവളുടെ ശരീരത്തിലേറ്റ മുറിവുകളെ ചൂടോടെ വിറ്റഴിക്കാന്‍ വെമ്പുന്ന ദിനപത്ര-ദൃശ്യ മാധ്യമങ്ങളുടെ ആഘോഷങ്ങള്‍ക്കിടയില്‍,സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളികള്‍ക്കിടയില്‍,സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയുള്ള ആകുലതകളും ആശങ്കകളും ചാനല്‍ ചര്‍ച്ചകളാകുന്നതിനിടയില്‍ ഇതാ മറ്റൊരു വനിതാദിനം കൂടി വന്നെത്തുകയായി. സ്ഥൈര്യത്തിന്റെയും പോരാട്ടത്തിന്റെയും ഒരുപാട് ഓര്‍മകള്‍ ഈ ദിവസത്തിന് പിന്നിലുണ്ടെന്നത് ചരിത്രം. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും കണ്ണീരും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥയും ഈ ദിനത്തിന് കൂട്ടുണ്ടെന്നത് സത്യവും .എന്നിരുന്നാലും ഇന്ന് വനിതാദിനമെന്ന പേരില്‍ ആഘോഷങ്ങള്‍ കൊണ്ടാടാന്‍,അല്ലെങ്കില്‍ അതില്‍ പങ്കാളിയാകാന്‍ ഒരു മലയാളിസ്ത്രീയെന്ന നിലയില്‍ എനിക്ക് എന്തര്‍ഹതയാണ് ഉള്ളത് ??വാട്സാപ്പിലും ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും ആശംസകള്‍ കൈമാറിയും മുഖപുസ്തകഭിത്തികയില്‍ സ്ത്രീശക്തിയുടെ ഇമേജുകള്‍ പോസ്റ്റികൊണ്ടും ലൈവ് ആയിട്ട് കുറെയേറെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടും സോഷ്യല്‍മീഡിയയില്‍ വനിതാദിനം കൊഴുക്കുകയാണ്. മനസാക്ഷിയെ മരവിപ്പിക്കുന്ന അതിക്രൂരമായ പീഡനങ്ങളുടെ വാര്‍ത്തകള്‍ പേറി കേരളം തലതാഴ്ത്തിയിരിക്കുന്ന ഈ വേളയില്‍ വനിതാദിനമെന്ന പേരില്‍ ആശംസകള്‍ കൈമാറാന്‍ എനിക്ക് എന്തവകാശമാണ് ഉള്ളത് ??
ഞാനാദ്യമായി വനിതാദിനത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കാളിയാകുന്നത് മാലദ്വീപില്‍ വച്ചാണ്.ആറുവര്‍ഷത്തോളം അവിടെ അദ്ധ്യാപികയായി ജോലിചെയ്ത അനുഭവസമ്പത്തില്‍ ഞാന്‍ പറയട്ടെ സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ നമ്മുടെ സംസ്ഥാനത്തെക്കാള്‍,നമ്മുടെ രാജ്യത്തേക്കാള്‍ എത്രയോ മുന്‍പിലാണ് ആ കൊച്ചുദ്വീപുരാഷ്ട്രം. മലയാളികളെ വച്ചുനോക്കുമ്പോള്‍ വിദ്യാഭ്യാസകാര്യത്തില്‍ എത്രയോ പിന്നോക്കമാണ് ആ രാജ്യത്തിലെ ജനങ്ങള്‍. പക്ഷേ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തില്‍ എത്രയോ മുമ്പിലും.അവിടെ ഏതു പാതിരാത്രിക്ക് വേണമെങ്കിലും ഒരു സ്ത്രീക്ക് സ്വാതന്ത്ര്യമായി ഇറങ്ങിനടക്കാം.ഞാന്‍ ജോലി ചെയ്തിരുന്ന “മീധു”വെന്ന കൊച്ചു ദ്വീപില്‍ ആകുലതകളില്ലാതെ,തുറിച്ചുനോട്ടങ്ങളില്ലാതെ സ്കൂളില്‍ നിന്നും കലാപരിപാടികളും ആഘോഷപരിപാടികളും കഴിഞ്ഞു രാത്രി വീട്ടിലേക്കു എത്രയോ വട്ടം ഒറ്റയ്ക്ക് നടന്നുപോയിരിക്കുന്നു.എന്റെ ദ്വീപില്‍ ഞാനിന്നുവരെ ഒരു ശിശുപീഡനമോ ബാലപീഡനമോ ഒരു മാനഭംഗമോ നടന്നതായിട്ട് ഞാന്‍ കേട്ടിട്ടേയില്ല.പക്ഷേ അവിടെയും വില്ലന്മാരായിട്ടു ഉണ്ടായിരുന്നത് നമ്മുടെ ആളുകളായിരുന്നു.അതായത് പ്രബുദ്ധരായ മലയാളി സദാചാര ആങ്ങളമാര്‍. വിവാഹിതരാകാത്ത പെണ്‍കുട്ടികള്‍ അന്യരാജ്യത്ത് പോയി ജോലിചെയ്യുന്നത് പാപമായി കണ്ടിരുന്ന മലയാളി ആങ്ങളമാര്‍ എപ്പോഴും മഞ്ഞലെന്‍സുമായി പിന്നാലെയുണ്ടായിരുന്നത് കൊണ്ട് അപവാദപ്രചാരണങ്ങള്‍ക്ക് ഒട്ടുമേ കുറവ് ഉണ്ടായിരുന്നില്ല.അവിടെയും ഉണ്ടായിരുന്നു മലയാളി ചേച്ചിമാരുടെ സ്ത്രീസമത്വം. അത് പക്ഷേ പാരവയ്ക്കുന്നതിലും പരദൂഷണത്തിലും ആയിരുന്നുതാനും ..പറഞ്ഞുവന്നത് മാലദ്വീപിലെ വനിതാദിന ആഘോഷങ്ങളെ കുറിച്ചായിരുന്നുവല്ലോ.അവര്‍ക്ക് മനസാക്ഷി ക്കുത്തില്ലാതെ ആഘോഷിക്കാം വനിതാദിനം.കാരണം മാലദ്വീപിലെ വനിതകള്‍ക്കറിയാമായിരുന്നു എന്താണ് സ്ത്രീസ്വാതന്ത്ര്യമെന്ന്,എന്താണ് സ്ത്രീസുരക്ഷയെന്ന്. അവിടെ സ്ത്രീയെന്നാല്‍ വച്ചുവിളമ്പുകാരി മാത്രമല്ല,മറിച്ച് പുരുഷനൊപ്പം എല്ലാകാര്യത്തിലും സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ കെല്‍പ്പുള്ള വ്യക്തിത്വങ്ങളാണ്.അവര്‍ സ്ത്രീപുരുഷസമത്വം വേണമെന്ന് അവകാശപ്പെടുന്നില്ല,മറിച്ച് തങ്ങളുടെ വ്യക്തിത്വത്തിന് അഥവാ അസ്തിത്വത്തിന് ബഹുമാനം വേണമെന്നു തീവ്രമായി ആഗ്രഹിക്കുന്നവരാണ്.സ്ത്രീധനമില്ലാതെ,സ്റ്റാറ്റസ് സിമ്പലുകള്‍ നോക്കാതെ വിവാഹം കഴിക്കുന്ന മാലദ്വീപുകാര്‍ക്കിടയില്‍ ഗാര്‍ഹികപീഡനം വളരെ കുറവാണ്.വിവാഹമോചനം ഇവര്‍ക്കിടയില്‍ വളരെ കൂടുതലെങ്കിലും സ്വന്തം രക്തത്തിലുള്ള കുഞ്ഞുങ്ങളെ തെരുവിലെറിയുന്ന ശീലം ഇവര്‍ക്കിടയില്‍ ഇല്ല തന്നെ . അതുകൊണ്ടൊക്കെ തന്നെ വനിതാദിനം അതിന്റെ എല്ലാ പ്രാധാന്യത്തോടെയും ആചരിക്കാന്‍ അവര്‍ക്ക് തീര്‍ച്ചയായും യോഗ്യതയുണ്ട് .അവിടെയായിരുന്നപ്പോള്‍ എനിക്കും ..എന്നാല്‍ ഇന്നോ ??
ഒന്നിലധികം പീഡനശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഇന്ന് കേരളത്തില്‍ ഏതെങ്കിലും ഒരു ദിനപത്രവും ഇറങ്ങുന്നുണ്ടോ?. സാംസ്‌കാരിക ജീര്‍ണതയുടെയും സദാചാര തകര്‍ച്ചയുടെയും മൂല്യനിരാസത്തിന്റെയും വാര്‍ത്തകള്‍ ഉള്ളം തകര്‍ക്കുന്നതാണ്. പെറ്റമ്മപോലും മാനഭംഗത്തിനിരയാവുകയും സ്വന്തം രക്തത്തില്‍ പിറന്നമകളെ അന്യര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്യുന്ന സംസ്‌കാരം ഏത് വിദ്യാഭ്യാസത്തിന്റെയോ വിദ്യാഭ്യാസക്കുറവിന്റെയോ സൃഷ്ടിയാണെന്നറിയില്ല.കൊച്ചുകുട്ടികളുടെ ഇളം മേനിയുടെ രുചി നോക്കാന്‍ പാറിപറക്കുന്ന കഴുകന്മാരെ “പീഡോഫീലിയ”യെന്ന മാനസികരോഗത്തിന്റെ അതിരുകള്‍ക്കുള്ളില്‍ തളച്ചു അവര്‍ക്കായി വാദിക്കാനും രക്ഷിക്കാനും ഇറങ്ങുന്ന പുരോഗമനവാദികളുടെ നാടായി മാറി നമ്മുടെ കേരളം .ഇവിടെയാണോ സ്ത്രീസുരക്ഷ ??? വീട്ടിലും നാട്ടിലും പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും സ്ത്രീ ഇരയാവുമ്പോള്‍ പുരുഷന്‍ മാത്രമാണോ അതിനു ഉത്തരവാദി ??മദ്യത്തിനും ലഹരിക്കും അടിമപ്പെട്ട പുരുഷനെ ഒന്നാം പ്രതിയാക്കാമെങ്കിലും അവന്റെ കൂടെയോ അല്ലെങ്കില്‍ രണ്ടാം സ്ഥാനത്തോ പ്രതിപ്പട്ടികയില്‍ അവളുണ്ടെന്ന് പറയാതെവയ്യ.ഓരോ സ്ത്രീപീഡനത്തിനു പിന്നിലും കണ്ണിയായി മറ്റൊരു സ്ത്രീയുണ്ട് .അവളെ നമ്മള്‍ ലതാനായരായും ഉഷയായും മറ്റനേകം പേരുകളായും കണ്ടിട്ടും കേട്ടിട്ടുമുണ്ട് .പണത്തിനുവേണ്ടി സ്വന്തം പെണ്‍കുട്ടികളെ വില്‍ക്കുന്ന എത്രയോ അമ്മമാര്‍ നമുക്ക് ചുറ്റിലുമുണ്ട് .കൊട്ടിയൂരിലെ വൈദികന്റെ കാര്യത്തിലും അയാളെ സഹായിച്ചത് സ്ത്രീകള്‍ തന്നെയല്ലേ .അതും കന്യാസ്ത്രീകള്‍ ..ചോരകുഞ്ഞിനെ മാറ്റാനും പെണ്‍കുട്ടിയെ രഹസ്യമായി പ്രസവിക്കാനും ഒത്താശ ചെയ്തുകൊടുത്തത് പുരുഷന്മാരല്ലല്ലോ ??വഴിതെറ്റി പോകുന്ന മകളെ തിരിച്ചറിയാന്‍ ഏതോരമ്മയ്ക്കും കഴിയുമെന്നിരിക്കെ പണത്തിനു മുന്നില്‍ അടിപതറി പോയൊരു അമ്മയായിരിക്കണം കൊട്ടിയത്തെ പെണ്‍കുട്ടിയുടെ അമ്മയും .അഞ്ചാം ക്ലാസുകാരിയോടു തോന്നിയ കാമത്തിന്റെ കഥ യാതൊരുവിധ സങ്കോചവും ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ മനോരോഗിയോടു ഐ ലവ് യൂ പറഞ്ഞു ഐക്യദാര്‍ഢ്യം പുലര്‍ത്തിയ രാവണസന്തതികളുടെ നാട്ടിലാണോ പെണ്‍കുട്ടികള്‍ സുരക്ഷിതര്‍ ?? ഇവരൊക്കെയാണ് സ്ത്രീയുടെ യഥാര്‍ത്ഥ ശത്രുക്കള്‍ .അല്ലാതെ പുരുഷന്മാര്‍ മാത്രമല്ല . പുരുഷന്റെ അത്തരം ആസക്തിയുടെ എരിതീയിലേക്ക് നിങ്ങളെ നയിക്കുന്ന, അതിലേക്കു എണ്ണയൊഴിച്ച് അതിന് ശക്തി പകരുന്ന ആ ശത്രുവിനോടാണ് നമ്മള്‍ പട വെട്ടേണ്ടത്..
ഇന്നു സ്ത്രീ സ്വാതന്ത്ര്യമെന്ന പേരില്‍ നമ്മളെ നയിക്കുന്നവരില്‍ പലരും യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ ശത്രുവെന്ന് തിരിച്ചറിയുന്നിടതാണ് ഓരോ സ്ത്രീയുടെയും വിജയം . സ്വാതന്ത്രവും സുരക്ഷിതത്വവും തമ്മിലുള്ള ബന്ധവും വൈരുധ്യവുമെല്ലാം ആഴത്തില്‍ വിശകലനം ചെയ്യുന്നിടത്ത്,അല്ലെങ്കില്‍ അന്നുമുതല്‍ തുടങ്ങാം നമുക്കൊരു വനിതാദിനം .സ്ത്രീസ്വാതന്ത്ര്യമെന്നാല്‍ ലൈംഗികസ്വാതന്ത്ര്യമെന്നോ വസ്ത്രസ്വാതന്ത്ര്യമെന്നോ തെരുവില്‍ താലിപൊട്ടിച്ചെറിഞ്ഞുക്കൊണ്ടുള്ള സ്വാതന്ത്ര്യപ്രഖ്യാപനമെന്നോ പഠിപ്പിച്ചു തന്നവരുടെ മുഖത്ത് നോക്കി നാലുപറയാന്‍ ,ചെകിടടിച്ചു ഒരെണ്ണം കൊടുക്കാന്‍ കഴിഞ്ഞാല്‍ പെണ്ണേ, അവിടെ തുടങ്ങുന്നു നിന്റെ വനിതാദിനയാഘോഷം. അത്തരക്കാരുടെ ആഹ്വാനങ്ങള്‍ സമൂഹത്തിനെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നുവെന്ന തിരിച്ചറിവില്‍ തുടങ്ങുന്നു നിന്റെ വനിതാദിനം ..സ്ത്രീകള്‍ക്ക് വേണ്ടി പോരാടിയ സ്ത്രീകളെ ഓര്‍ക്കുന്നതോടൊപ്പം അവരെക്കാള്‍ ഫലപ്രദമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത,നിങ്ങള്‍ക്കൊപ്പം ഈ നിമിഷം വരെ കൂടെനിന്ന പുരുഷന്മാരെ,അതൊരുപക്ഷേ നമ്മുടെ അച്ചനാകാം ,സഹോദരനാകാം ,മകനാകാം ,സുഹൃത്താകാം ആരുമാകാം അവരെക്കൂടെ ഓര്‍ക്കാനും ബഹുമാനിക്കാനും കഴിയുന്നിടത്ത് തുടങ്ങാം നിന്റെ ആശംസകള്‍ .. വനിതാ സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പറ്റി ഘോരഘോരം പ്രസംഗിക്കുമ്പോഴും അവരെ കുറിച്ചോ വനിതാ ദിനത്തെ കുറിച്ചോ അറിയാത്ത കുറെ ജന്മങ്ങളുണ്ട് നമുക്കിടയില്‍ .അവരിലൊരാളുടെ കൈപ്പിടിച്ചുകൊണ്ട് ആശംസയര്‍പ്പിക്കാന്‍ നിനക്കായാല്‍ ,ആ ചുമലില്‍ തട്ടി നിനക്കൊപ്പം ഞാനുണ്ടെന്ന് പറയാന്‍ കഴിഞ്ഞാല്‍ പെണ്ണേ നിനക്ക് ആഘോഷിക്കാം ഈ വനിതാദിനം .
Post Your Comments