ഏതോ ഒരു ചാനലിൽ ഒരുച്ച നേരത്താണ് അമ്മയ്ക്കൊപ്പമിരുന്ന് “കാണാതായ പെൺകുട്ടി “യെന്ന ചിത്രം കണ്ടത്. കാമുകനുമായുളള രഹസ്യസമാഗമം കണ്ട മകളെ കൊല്ലാൻ കൂട്ടുനിന്ന ജയഭാരതിയുടെ അമ്മ കഥാപാത്രത്തോട് തോന്നിയ വെറുപ്പും ഭയവും മാറിയത് ” അത് സിനിമയല്ലേ,ജീവിതമല്ലല്ലോയെന്ന അമ്മയുടെ സമാശ്വസിപ്പിക്കലും മടിയിൽ കിടത്തി മുടിയിഴകളെ തഴുകിയുറക്കിയ സ്നേഹപ്രകടനവുമായിരുന്നു. അല്ലെങ്കിലും അമ്മയെന്ന വാക്കിനു സ്നേഹമെന്നു മാത്രമല്ലേ അർത്ഥമുള്ളൂവെന്ന് പഠിപ്പിച്ചത് സ്വാനുഭവങ്ങളായിരുന്നു. ഞാൻ കണ്ട, അടുത്തറിഞ്ഞ മാതൃത്വങ്ങളെല്ലാം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവുകളായിരുന്നു.പഠിച്ചതും വായിച്ചറിഞ്ഞതുമായ പുസ്തകങ്ങളിലെല്ലാം അമ്മയ്ക്ക് പര്യായം ത്യാഗമെന്നുകൂടിയായിരുന്നു. ഋതുഭേദങ്ങൾക്കപ്പുറമാണ് ഓരോ അമ്മ മനസ്സും. അതുകൊണ്ടാണ് സ്വന്തം അരവയർ മുറുക്കിപ്പിടിച്ചും മക്കൾക്ക് നിറവയറൊരുക്കാൻ അമ്മമാർക്ക് കഴിയുന്നത്. മക്കൾക്ക് ഒരു ചെറുപനി വന്നാൽ ഉറക്കമൊഴിഞ്ഞ് വേവുന്ന മനസ്സുമായി അവർക്ക് കാവലിരിക്കാൻ കഴിയുന്നത്.. വറുതിയിൽ പോലും മക്കളെ നോക്കി ചിരിക്കാൻ കഴിയുന്നതും അമ്മമാർക്ക് തന്നെയാണ്. നോവിന്റെ കടലാഴങ്ങൾ താണ്ടുമ്പോഴും ഓരോ അമ്മയും പുഞ്ചിരിക്കുന്നത് മക്കളെ ക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ടാണ്.
ഉദരത്തിൽ ജീവന്റെ തുടിപ്പ് അറിഞ്ഞതുമുതൽ ഈ നിമിഷം വരെ ഞാനെന്ന സ്വത്വത്തെ മറന്ന് അവൾക്കായി സമർപ്പിക്കുകയായിരുന്നു ഓരോ നിമിഷവും ഞാനെന്ന അമ്മ ‘. എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാണ്.അങ്ങനെയാകാനേ അവൾക്ക് കഴിയൂയെന്ന് കരുതാനാണിഷ്ടം. അതൊരു വെറും മിഥ്യയാണെങ്കിൽ കൂടി!! പക്ഷേ ഈയടുത്തക്കാലത്തായി കാണുന്ന കാഴ്ചകളിൽ അമ്മയെന്ന ഭൂമിയിൽ പകരം വയ്ക്കാനാകാത്ത സ്നേഹത്തെ തിരുത്തിയെഴുതിക്കുന്നു ചില നെറികെട്ട ജന്മങ്ങൾ.. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ക്രൂരയാവാൻ മാതൃത്വത്തിനു കഴിയുമെന്ന് കാട്ടിത്തന്ന നിരവധി സംഭവങ്ങൾ.
കാമുകനൊപ്പം സുഖജീവിതം നയിക്കുവാൻ വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി.. മരവിച്ച ആ ശരീരത്തെ നിർവികാരയായി നോക്കി നിന്നു അവളിലെ മാതൃത്വം.. ഇന്നിപ്പോൾ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ ചമ്മന്തിപ്പൊടിയുടെ രുചിക്കൂട്ട് ഒരുക്കി ദിവസങ്ങൾ തളളി നീക്കുന്നു അവർ.. വിടരും മുമ്പേ തല്ലിക്കെടുത്തിയ സ്വാസ്തികയെന്ന ഓമനയെ പകരം വയ്ക്കാൻ എത്ര പഞ്ചാഗ്നികളിൽ വെന്തുരുകിയാലും അവൾക്ക് കഴിയുമോ? ദാമ്പത്യത്തിന്റെ അസ്വാരസ്യങ്ങൾ അല്ല അവളെ കൊണ്ടത് ചെയ്യിച്ചത്.അപഥസഞ്ചാരത്തിന്റെ ത്രസിപ്പിക്കുന്ന ചിലന്തിവലയ്ക്കുളളിൽ കുടുങ്ങിപ്പോയ അവൾക്ക് ഭർത്താവും മകളും ഒരു വിലങ്ങുതടിയായി തോന്നി.ആ തോന്നലിൽ ഒരു യുവാവിനു നഷ്ടമായത് സ്വന്തം അമ്മയും മകളും ജീവിതവും.
പിന്നെയും കണ്ടു, കേട്ടു ഒരുപാട് ക്രൂരതയുടെ അമ്മ മുഖങ്ങളെ. നൊന്തു
പെറ്റ മകനെ ശ്വാസംമുട്ടിച്ചു കൊന്നിട്ട് അത് നിർവികാരയായി പോലീസിനോട് വിവരിച്ച ജയമോൾ!! കാമുകനൊപ്പം ഒളിച്ചോടുമ്പോൾ പിഞ്ചുബാല്യങ്ങളെ മറക്കുന്ന എണ്ണമറ്റ അമ്മമാർ!! പച്ചനോട്ടുകൾക്ക് വേണ്ടി സ്വന്തം മക്കളുടെ മാനം വിലപേശി വില്ക്കുന്ന അമ്മമാർ!! ആഗ്രഹിക്കാതെ ഉദരത്തിൽ മുളച്ചതുകൊണ്ട് മാത്രം ജനിച്ചയുടനെ ശ്വാസം മുട്ടിച്ചു ക്കൊല്ലാൻ മടിക്കാത്ത മാതൃത്വത്തെയും കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടു. കുഴിച്ചിട്ട പിഞ്ചുശരീരം നായകൾ മാന്തിപുറത്തിട്ടപ്പോൾ ലോകമറിഞ്ഞു പെറ്റ വയറിന്റെ ക്രൂരത. അമ്മിഞ്ഞപ്പാലിറ്റിച്ചു നല്കേണ്ടതിനു പകരം ആ അമ്മ കുഞ്ഞിനു നല്കിയത് മരണമായിരുന്നു.
പക്ഷേ സ്ത്രീത്വത്തിന്റെ ഏറ്റവും വലിയ പൈശാചികഭാവത്തെ മലയാളികൾ കണ്ടത് പിണറായിയിലെ സൗമ്യയിലായിരുന്നു.സൗമ്യയെന്ന പേരിനുളളിൽ ഒളിച്ചിരുന്ന കുടിലതയെ സ്ത്രീയെന്നും അമ്മയെന്നും എങ്ങനെ വിളിക്കും?? നിമിഷസുഖത്തിനു വേണ്ടി മാത്രം തനിക്കു ജന്മം നല്കിയവരെയും താൻ ജന്മം നല്കിയ കുരുന്നുകളെയും വിഷം കൊടുത്തു കൊന്ന ക്രൂരത !! കാമത്തിന്റെ വിശപ്പ് ബോധത്തെ ഭരിച്ചപ്പോൾ വിശന്ന വയറുകൾക്ക് വിഷമൂട്ടിയ പൈശാചികതയെ എങ്ങനെ ന്യായീകരിക്കാൻ കഴിയും.?? ശിഥിലമായ കുടുംബബന്ധത്തിന്റെ ഇരയെന്നൊക്കെ പറഞ്ഞ് വേണമെങ്കിൽ നമുക്ക് സൗമ്യയെ ന്യായീകരിക്കാം. പക്ഷേ ഒരു നിമിഷത്തെ വികാരത്തളളിച്ചയിൽ സംഭവിച്ച കൈപ്പിഴ ആയിരുന്നില്ലത്. സമർത്ഥമായി ആസൂത്രണം ചെയ്ത കൊലപാതകങ്ങൾ. അനുശാന്തി മകളെ കൊല്ലാൻ കാമുകനെ ഏല്പിച്ചുവെങ്കിൽ, ഇവിടെ സൗമ്യ ചോറിൽ എലിവിഷം ചേർത്ത് മകളെ ഊട്ടിക്കുകയായിരുന്നു.അമ്മ ഉരുളയായി കുഴച്ചു തരുന്നത് മരണമാണെന്ന് അറിയാതെ മാമുണ്ട പാവം പൊന്നുമോൾ.. തനിയാവർത്തനം സിനിമയിൽ മാനസിക വിഭ്രാന്തിയുളള മകനു വിഷമൂട്ടുന്ന കവിയൂർ പൊന്നമ്മ നമ്മെ കരയിച്ചിട്ടുണ്ട്. അതുപോലെ തന്നെ തുലാഭാരത്തിലെ ശാരദയും. ആ അമ്മ കഥാപാത്രങ്ങൾ നെഞ്ചിലെ പൊളളൽ ഉരുളകളാക്കി ഊട്ടിയത് സ്നേഹക്കൂടുതൽ കൊണ്ടായിരുന്നു. ഇവിടെയോ? സ്വന്തം സ്വാർത്ഥ ലാഭത്തിനു വേണ്ടി പത്തുമാസം ചുമന്നുപെറ്റ ഓമനയെയും മാതാപിതാക്കളെയും ഇല്ലാതാക്കിയതിനെ മനശാസ്ത്രപരമായി എങ്ങനെയൊക്കെ വിശകലനം ചെയ്താലും മാപ്പർഹിക്കാത്ത കുറ്റമാണ്.
ശിഥിലമാക്കപ്പെട്ട കുടുംബ ബന്ധങ്ങളാണ് സ്ത്രീകളെ കൊണ്ട് ക്രൂരകൃത്യങ്ങൾ ചെയ്യിക്കുന്നതെന്ന വാദമുഖങ്ങൾ പരക്കെ കേൾക്കുന്നുണ്ട്.ഒരു പരിധി വരെ നമുക്കതിനെ അംഗീകരിക്കാമെങ്കിലും സൗമ്യയെപ്പോലുളള കൊടും കുറ്റവാളികളെ അതിന്റെ തുലാസിൽ വച്ച് അളക്കാനാവില്ല. സ്ത്രീ ഇന്ന് ഏറെക്കുറെ സ്വയംപര്യാപ്തയാണ്. കേട്ടറിഞ്ഞിടത്തോളം നിയമപരമായി വിവാഹം കഴിച്ചുവളല്ല സൗമ്യ. പ്രണയം തോന്നിയവനെ കൂടെ താമസിപ്പിക്കുകയും അതിൽ രണ്ടു കുഞ്ഞുങ്ങൾ ഉണ്ടാവുകയും ചെയ്യുകയായിരുന്നു. അത്രമേൽ ബോൾഡായി ജീവിതപങ്കാളിയെ തിരഞ്ഞെടുത്ത ഒരുവൾക്ക് കുടുംബ ബന്ധത്തിലെ പാളിച്ച ഒരു പ്രശ്നമാകില്ല തന്നെ. അതിന്റെ പകയിൽ മകളെ കൊല്ലേണ്ട കാര്യവുമില്ല. കിടപ്പറയിലെ അവിഹിതത്തിനു മകൾ സാക്ഷിയായപ്പോൾ, തന്റെ സ്വൈരവിഹാരത്തിനു അവളൊരു വിഘാതമാണെന്നു തോന്നിയപ്പോൾ കൈവിറയ്ക്കാതെ മകൾക്ക് വിഷമൂട്ടി.. അപഥ സഞ്ചാരത്തിനു വീട്ടുകാർ തടസ്സമാണെങ്കിൽ വീട്ടുകാരെയും മകളെയും ഉപേക്ഷിച്ചു നിനക്ക് തെരുവിൽ പോകാമായിരുന്നു. ഒരു കുഞ്ഞിനു വേണ്ടി നേർച്ചയും നോമ്പും നോറ്റിരിക്കുന്ന ആയിരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അവർക്കറിയാം കുഞ്ഞുങ്ങളുടെ വില..
നൈമിഷിക സുഖത്തിനു വേണ്ടി സ്വന്തം ചോരയെ ഇല്ലാതാക്കുന്നവളെ മനശാസ്ത്രപരമായി ന്യായീകരിക്കുന്ന ഒരു പത്രപ്രവർത്തകന്റെ പോസ്റ്റ് വായിക്കാനിടയായി. ലൈംഗികതയുടെ അളവുക്കോൽ വച്ച് അളന്നപ്പോൾ അദ്ദേഹത്തിനു സൗമ്യ മഹതിയായി. അല്ലെങ്കിലും ഇപ്പോഴത്തെ പുതിയൊരു പ്രവണത രാജ്യദ്രോഹം, പെൺവാണിഭം, കൊലപാതകം ,ബലാത്സംഗം ,കുട്ടികളെ പീഡിപ്പിക്കൽ തുടങ്ങിയവ ചെയ്യുന്ന മഹാന്മാരെ അത്തരം സൽകർമ്മത്തിനു പ്രേരിപ്പിക്കുന്നത് സമൂഹമാണെന്നും
അവരുടെ മാനുഷിക മൂല്യങ്ങളും ജീവനും ജീവിതവും സംരക്ഷിക്കുന്നില്ലെന്നും ആ കുറ്റകൃത്യത്തിനുളള പങ്ക് നാം സഹജീവികൾ വീതിച്ചെടുക്കണമെന്നും തിട്ടൂരമുണ്ടാക്കി നാലാളറിയാൻ വാദിക്കുകയെന്നതാണല്ലോ. ഇത്തരം പൊളിറ്റിക്കൽ കറക്ട്നസ് താങ്ങാൻ കഴിയാത്ത സാധാരണക്കാരെ ബുദ്ധിജീവികൾക്ക് തീരെ പിടുത്തമില്ല താനും .ഇത്തരക്കാരുടെ അബദ്ധജഡിലങ്ങളായങ്ങളായ സൈദ്ധാന്തിക തത്വജ്ഞാനങ്ങളാണ് ഇവളുമാർക്കും ബാലപീഡകന്മാർക്കും മേയാനുളള വളക്കൂറുളള മണ്ണായി നാട് മാറുന്നതും. കൊല്ലുന്നവര്‍ക്ക് മാത്രമല്ലാ, കൊല്ലപ്പെടുന്നവര്‍ക്കുമുണ്ട് മനുഷ്യാവകാശങ്ങള്‍..
അതു പോലെ,സ്ത്രീ ശാക്തീകരണത്തിനു വേണ്ടി മുറവിളി കൂട്ടുന്ന സ്ത്രീപക്ഷവാദികൾ അറിഞ്ഞുവോ പിണറായിയിലെ ഈ അരും കൊലപാതകം?? ഒരു കഷണം വറുത്ത മീനിൽ ഫെമിനിസം കണ്ടവൾ അറിഞ്ഞുവോ നിമിഷനേരത്തെ സുഖത്തിനു വേണ്ടി പെറ്റ കുഞ്ഞിനെ വിഷം കൊടുത്തും കഴുത്തു ഞെരിച്ചും കൊന്ന മാതൃത്വങ്ങളെ? ഇവളുമാർക്ക് വേണ്ടിയിരുന്ന സ്വാതന്ത്ര്യം താലി കെട്ടിയവനെ ചതിച്ചുകൊണ്ട്, വീട്ടുകാരെ തീർത്തു ക്കൊണ്ട് കണ്ടവന്റെയൊപ്പം കിടക്കാനുളളതായിരുന്നു. ഈ കൊലപാതകങ്ങൾ ചെയ്തത് അച്ഛനായിരുന്നുവെങ്കിൽ ചർച്ചയാക്കാൻ ഫെമിനിസ്റ്റുകൾ മത്സരിച്ചേനേ.. സ്വന്തം സുഖത്തിനു വേണ്ടിയുളള വിമോചനത്തിനായുളള പരക്ക പാച്ചിലിൽ അവൾക്ക് കെട്ടിയവനെയും പെറ്റ കുഞ്ഞിനെയും കുടുംബത്തെയും കാണാനുള്ള കണ്ണുകളില്ല.. നിമിഷ നേരത്തെ സുഖത്തിനു വേണ്ടി ജന്മം കൊടുത്ത സ്വന്തം രക്തത്തെ അരിഞ്ഞു തള്ളുന്നവൾക്കെതിരെ വാളെടുക്കാൻ പക്ഷേ അഭിനവ ഫെമിനിച്ചികൾക്ക് കഴിയുന്നില്ല…. അല്ലെങ്കിലും സ്ത്രീപക്ഷ മാനുഫെസ്റ്റോയിൽ കുടുംബം, ഭർത്താവ്, അച്ഛൻ, കൂടപ്പിറപ്പ്, കുഞ്ഞ് ഇത്യാദികൾക്ക് ഭ്രഷ്ടല്ലേ… കറങ്ങി നടന്ന് കണ്ടിടം നിരങ്ങാനും വേഷം കെട്ടാനും വെള്ളമടിക്കാനും മര്യാദയ്ക്ക് നടക്കുന്ന ആണിന്റെ പുറത്ത് കുതിര കയറാനും വേണ്ടി മാത്രം ഫെമിനിസ്റ്റുകളാകുന്ന പെൺ കോലങ്ങൾ സ്ത്രീ ക്രിമിനലുകളെ കണ്ടില്ലെന്നു നടിക്കുന്നത് സ്വന്തം പ്രതിബിംബങ്ങളെ അവരിൽ കാണുന്നത് കൊണ്ടാണ്.. കുറ്റവാളികളും കുറ്റവാസനയും ലിംഗഭേദമേന്യേ സമൂഹത്തിലുണ്ട്. ആ യാഥാർത്ഥ്യം മനസ്സിലാക്കാതെ പുരുഷന്റെ തെറ്റുകൾ മാത്രം പർവ്വതികരിക്കാതെ വിടരാൻ തുടങ്ങും മുമ്പേ പൂമൊട്ടുകളെ തല്ലിക്കൊഴിക്കുന്ന നെറികെട്ട ജന്മങ്ങളെ ഒരുമിച്ച് ഒറ്റപ്പെടുത്താം.. നിയമസംഹിതകളുടെ വിടവിലൂടെ രക്ഷപ്പെടാനനുവദിക്കാതെ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പോരാടാം.
also read ;യാഥാർഥ്യം തിരിച്ചറിയാത്ത താത്വിക വിശകലനങ്ങൾ ത്രിപുരയിലെത്തുമ്പോൾ
Post Your Comments