Kerala

കൊട്ടിയൂര്‍ പീഡനം : മുന്‍കൂര്‍ ജാമ്യം തേടി ഫാ. തേരകവും സിസ്റ്റര്‍ ബെറ്റിയും

കല്‍പറ്റ : കൊട്ടിയൂരില്‍ പതിനാറ് വയസുകാരി പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ സി.ഡബ്ലു.സി ചെയര്‍മാന്‍ ഫാ.തോമസ് ജോസഫ് തേരകവും സിസ്റ്റര്‍ ബെറ്റിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വയനാട് ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇവരുടെ അപേക്ഷ സ്വീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമുണ്ടായിട്ടില്ല. കൊട്ടിയൂര്‍ പീഡനവുമായി ബന്ധപ്പെട്ട് നവജാത ശിശുവിനെ ഏറ്റെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ഇവര്‍ക്കെതിരെ ആരോപിച്ച കുറ്റം. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനാല്‍ സര്‍ക്കാര്‍ വയനാട് ശിശുക്ഷേമ സമിതി പിരിച്ച് വിട്ട് ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് തേരകവും ബെറ്റിയും ജാമ്യാപേക്ഷ നല്‍കിയത്.

വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഫാ.തേരകത്തെ പുറത്താക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ പോലീസ് അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. ഇത് ലഭിച്ചാല്‍ എത്രയും പെട്ടെന്ന് അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളായി ഫാ.തേരകവും ബെറ്റിയും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി വയനാട്ടില്‍ പോലീസ് ശക്തമായ പരിശോധനയും നടത്തിവരുന്നുണ്ട്. ഇവര്‍ എവിടെയാണുള്ളതെന്ന കാര്യത്തില്‍ പോലീസിന് വിവരം ലഭിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പോക്‌സോ അടക്കമുള്ള കേസുകള്‍ ചുമത്തിയത് കൊണ്ട് ജാമ്യാപേക്ഷയ്ക്ക് തടസമാകുമോയെന്നും നിയമവിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button