NewsIndia

മരങ്ങളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ അവ നിലനിന്നേനെ; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മരങ്ങൾ വ്യാപകമായി മുറിച്ചു നീക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതി. മരങ്ങൾ വോട്ടർമാരായിരുന്നുവെങ്കിൽ അവയെ വെട്ടിമുറിക്കില്ലായിരുന്നുവെന്ന് ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിവിധ പദ്ധതികൾക്കായി ഡൽഹിയിൽ സ്വകാര്യ കയ്യേറ്റക്കാരും അധികൃതരും മരങ്ങൾ വ്യാപകമായി മുറിച്ചുനീക്കിയതിനോടു പ്രതികരിക്കുമ്പോഴാണു ‘മരങ്ങളെ വോട്ടർമാരായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ അവ നിലനിന്നേനെ’ എന്ന് ജസ്റ്റിസുമാരായ ബാദർ ദുരസ് അഹമ്മദും അശുതോഷ് കുമാറുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.

ഡൽഹിയിൽ മുറിച്ചുനീക്കിയ മരങ്ങളുടെ എണ്ണം കണ്ടെത്താൻ സിഎജി ഓഡിറ്റ് വേണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. മാത്രമല്ല മുറിച്ചവ എന്തു ചെയ്തുവെന്നും കണ്ടെത്തണം. ഡൽഹിയുടെയും പരിസരപ്രദേശങ്ങളിലെയും ഹരിതാവരണങ്ങളും വനങ്ങളും നശിപ്പിക്കപ്പെട്ടതാണു കടുത്ത അന്തരീഷ മലിനീകരണകാരണമെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഡൽഹി മെട്രോ അടക്കമുള്ള അധികൃതരും അശോല സാങ്ച്വറി പോലെ കയ്യേറ്റക്കാരും വലിയ തോതിൽ മരങ്ങൾ മുറിച്ചുനീക്കിയതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വാദം ഒൻപതിനു തുടരും. വനം കയ്യേറ്റം കണ്ടെത്താൻ കഴിഞ്ഞവർഷം നൽകിയ സമയപരിധി ഡൽഹി സർക്കാർ ലംഘിച്ചതായും കോടതി കുറ്റപ്പെടുത്തി.

സർക്കാർ അനാസ്ഥ മൂലം വനങ്ങൾ കുറഞ്ഞതായി അമികസ് ക്യൂറിയും കോടതിയെ അറിയിച്ചു. എന്നാൽ വനങ്ങൾ കുറഞ്ഞെങ്കിലും ഹരിതാവരണം ഉയർന്നുവെന്നാണു ഡൽഹി സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button