ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അമ്മയുടെ മരണവുമായി പുതിയൊരു ട്വിസ്റ്റാണ് തമിഴ്‌നാട്ടില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ജയയുടെ മരണത്തിന് പിന്നില്‍ അവരുടെ വിശ്വസ്തനായ ഒ.പനീര്‍ശെല്‍വമാണ് എന്നതാണ് ഇപ്പോള്‍ ഇതുസംബന്ധിച്ച് ഉയരുന്നത്.
ആരോഗ്യമന്ത്രി വിജയഭാസ്‌കറാണ് അമ്മയുടെ മരണത്തില്‍ പനീര്‍ശെല്‍വത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജയലളിതയുടെ മരണത്തില്‍ മന്നാര്‍ഗുഡി മാഫിയയ്ക്കും ശശികലയ്ക്കും പങ്കുണ്ടെന്ന ആരോപണം നാടിന്റെ പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നുവെങ്കിലും പനീര്‍ശെല്‍വത്തിന്റെ പേര് ഉയരുന്നത് ഇതാദ്യമാണ്.
ജയലളിതയുടെ ചികിത്സ സംബന്ധിച്ച ഒരു വിവരവും തോഴി ശശികല തങ്ങളെ അറിയിച്ചില്ലെന്ന് പനീര്‍ശെല്‍വം ആരോപിച്ചിരുന്നു. എന്നാല്‍, എല്ലാ വിവരങ്ങളും പനീര്‍ശെല്‍വത്തിന് അറിയാമായിരുന്നുവെന്നും മന്ത്രി വിജയഭാസ്‌കര്‍ ആരോപിക്കുന്നു.
ജയലളിതയുടെ ചികിത്സയെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് പനീര്‍ശെല്‍വം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല അധികാരത്തിലുള്ളപ്പോള്‍ ജയലളിതയ്ക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് പനീര്‍ശെല്‍വത്തിന് പരാതിയില്ലായിരുന്നുവെന്നും അധികാരം നഷ്ടപ്പെട്ടപ്പോഴാണ് ഇക്കാര്യത്തില്‍ വ്യാജപ്രചാരണം അഴിച്ചുവിടുന്നതെന്നും വിജയദാസ് പറയുന്നു.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ജയലളിത ചികിത്സയിലിരിക്കെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയിരുന്ന ദിവസേനയുള്ള ബ്രീഫിംഗില്‍ പങ്കെടുത്തിരുന്ന അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു പനീര്‍ശെല്‍വം. അതുകൊണ്ടു തന്നെ ജയലളിതയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന പനീശെല്‍വത്തിന്റെ വാദം കള്ളമാണെന്നും വിജയഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments