കട്ടക്ക്: രാജ്യത്തുടനീളം ഇതുവരെ കണ്ടെത്തിയത് 70,000 കോടി രൂപയുടെ കള്ളപ്പണം. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് (എസ്.ഐ.ടി.) കള്ളപ്പണം പിടികൂടിയത്. ഇക്കാര്യം വ്യക്തമാക്കിയത് എസ്.ഐ.ടി.യുടെ ഡെപ്യൂട്ടി ചെയര്മാന് ജസ്റ്റിസ് അരിജിത് പസായത്താണ്. ഈ വിവരങ്ങളടങ്ങുന്ന എസ്.ഐ.ടി.യുടെ ആറാം ഇടക്കാല റിപ്പോര്‍ട്ട് ഏപ്രില്‍ ആദ്യയാഴ്ച സുപ്രീംകോടതിക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിൽ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍വഴി വിദേശത്തുനിന്നു കണ്ടെത്തിയ 16,000 കോടിയുടെ കള്ളപ്പണവും ഉൾപെടും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന വിവിധ ഏജന്‍സികളുമായി നടത്തിയ ചര്‍ച്ചയിലാണ് പസായത്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കള്ളപ്പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് തങ്ങളുടെ ഇടക്കാല റിപ്പോര്‍ട്ടുകളില്‍ എസ്.ഐ.ടി. ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ മിക്ക ആവശ്യവും അംഗീകരിച്ചു. മറ്റുള്ളവ കേന്ദ്രപരിഗണനയിലാണെന്നും പസായത്ത് പറഞ്ഞു.
15 ലക്ഷമോ അതില്‍ക്കൂടുതലോ പണം കൈവശംവെയ്ക്കുന്നതിനെ കള്ളപ്പണമായി കണക്കാക്കാമെന്ന നിര്‍ദേശം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. മാത്രമല്ല എസ്.ഐ.ടി.യുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് മൂന്നുലക്ഷത്തില്ക്കൂടുതലുള്ള പണമിടപാടുകള്‍ക്ക് സർക്കാർ നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് അദ്ദേഹം വിശദമാക്കി.
2011-ല്‍ അഭിഭാഷകനായ രാംജേഠ്മലാനിയുടെ ഹര്‍ജിയെത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം എസ്.ഐ.ടി. രൂപവത്കരിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം 2014 മെയ് 28-ന് എസ്.ഐ.ടി. പുനഃസംഘടിപ്പിക്കുകയും ചെയര്‍മാനായി ജസ്റ്റിസ് എം.ബി. ഷായെയും ഡെപ്യൂട്ടി ചെയര്‍മാനായി പസായത്തിനെയും നിയമിക്കുകയായിരുന്നു.
Post Your Comments