ചെന്നൈ: കൊള്ളക്കാരന്‍ വീരപ്പന്‍ കൊല്ലപ്പെടണമെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍നാസര്‍ മദനി ആഗ്രഹിച്ചെന്നും അതിനുവേണ്ടി പോലീസ് ഉദ്യോഗസ്ഥരെ സഹായിച്ചെന്നുമുള്ള ആരോപണം സ്ഥിരീകരിച്ച് തമിഴ്‌നാട് മുന്‍ ഡിജിപി രംഗത്ത്. വീരപ്പന്‍ വേട്ടയ്ക്ക് ചുക്കാന്‍ പിടിച്ച പ്രത്യേക ദൗത്യസേന തലവന്‍ കെ വിജയകുമാറിന്റെ പുസ്തകത്തിലാണ് ആദ്യം ഇതിന്റെ സൂചനകള്‍ ഉണ്ടായിരുന്നത്.
സംഭവം വൈറലായതോടെ ഇതിന്റെ സത്യാവസ്ഥ തെളിയിച്ചു കൊണ്ട് ഡിജിപി നടരാജന്‍ രംഗത്തെത്തി. വീരപ്പനെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത് മദനിയാണെന്ന് അദ്ദേഹം പറയുന്നു. ഇതിനായി പല തവണ മദനിയെ കണ്ടിട്ടുണ്ട്. പോലീസിന്റെ പ്രത്യുപകാരം മദനിക്ക് ലഭിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. വീരപ്പന്‍ ചേസിങ് ദി ബ്രിഗന്‍ഡ് എന്ന പുസ്തകത്തിലൂടെയാണ് ആദ്യം ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. ദമനി എന്ന പേരിലാണ് മദനിയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ആരോപണവിധേയനായി ജയിലില്‍ കഴിയവെയാണ് പോലീസ് മദനിയുടെ സഹായം തേടിയത്. വീരപ്പന്റെ മൂത്ത ജ്യേഷ്ഠന്‍ മാതയ്യന്‍ ഇതേസമയം കോയമ്പത്തൂര്‍ ജയിലിലുണ്ടായിരുന്നു. ഇവിടെ വച്ച് മദനിയും മാതയ്യനും സുഹൃത്തുക്കളായി. തന്റെ നാല് അനുയായികളെ വീരപ്പന്റെ സംഘത്തിലേക്ക് വിട്ടുതരാമെന്ന് പറയണമെന്ന് ദൗത്യസേന മദനിയോട് പറഞ്ഞു. പകരം ജാമ്യം വേഗത്തിലാക്കാന്‍ സഹായിക്കാമെന്നായിരുന്നു ദൗത്യസേനയുടെ വാഗ്ദാനം.
തുടര്‍ന്ന് ദൗത്യസേനയില്‍ നിന്നുള്ള നാല് പേര്‍ മദനിയുടെ ആളുകളെന്ന പേരില്‍ വീരപ്പന്റെ സംഘത്തില്‍ ചേര്‍ന്നു. തുടര്‍ന്ന് ഇവര്‍ വീരപ്പന്റെ നീക്കങ്ങള്‍ ദൗത്യസേന തലവന് ചോര്‍ത്തിക്കൊടുത്തു.
Post Your Comments