IndiaNews

നടിയെ ആക്രമിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്; ക്വട്ടേഷനില്ലെന്ന നിഗമനത്തിലേക്ക് പോലീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. സംഭവത്തിന് പിന്നിൽ ക്വട്ടേഷനില്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയതായി സൂചന. കേസിലെ മുഖ്യപ്രതിയായ സുനിൽകുമാർ (പൾസർ സുനി) ക്വട്ടേഷനെന്ന് പറഞ്ഞത് നടിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് സംശയം. പിടിയിലായ പൾസർ സുനി വടിവാൾ സലിം, പ്രദീപ്, തമ്മനം മണികണ്ഠൻ, ഡ്രൈവർ മാർട്ടിൻ എന്നിവർക്കെതിരെ മാത്രമാണ് ഇതുവരെ തെളിവ് ലഭിച്ചത്. ഇക്കാര്യങ്ങൾ ഉറപ്പിക്കുന്നതിനായി കൂട്ടുപ്രതികളെ വീണ്ടും ചോദ്യം ചെയ്യുകയും സാക്ഷികളുടെ മൊഴി വീണ്ടും പരിശോധിക്കുകയും ചെയ്യുമെന്നും പോലീസ് പറഞ്ഞു.

ആക്രമിക്കുന്ന സമയത്ത് ഇത് ക്വട്ടേഷനാണെന്നും എതിർത്താൽ മയക്കുമരുന്ന് കുത്തിവച്ച് കൊച്ചിയിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകുമെന്നും സുനി ഭീഷണിപ്പെടുത്തിയതായി നടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ ഉണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.

കൂടുതൽ അന്വേഷണം നടത്തിയാലേ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സാധിക്കുവെന്നും ഇതിനായി കൂടുതൽ അന്വേഷണം വേണമെന്നു കഴിഞ്ഞ ദിവസം പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസിലെ പ്രതികളായ നാലു ഗുണ്ടകളുടെ കസ്റ്റഡി കാലാവധി അന്വേഷണ സംഘം തിങ്കളാഴ്ച വരെ നീട്ടിവാങ്ങി. ആലുവ മജിസ്ട്രേട്ട് കോടതിയിലാണ് അന്വേഷണ ആവശ്യം സംബന്ധിച്ച പുതിയ റിപ്പോർട്ട് പോലീസ് സമർപ്പിച്ചത്. തെളിവു ശേഖരണം പൂർത്തിയാവാത്ത സാഹചര്യത്തിൽ ഇവരെ ഫലപ്രദമായി ചോദ്യം ചെയ്യാൻ ഇന്നലെ വരെ കഴിഞ്ഞിരുന്നില്ല.

അതുപോലെ പൾസർ സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധിയും നീട്ടാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഇതിനായുള്ള അപേക്ഷ ഇന്നു സമർപ്പിച്ചേക്കും. ആദ്യ റിമാൻഡ് കാലാവധിയിൽ മാത്രമേ പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ലഭിക്കുകയുള്ളൂ. വരുന്ന 10 നാണു സുനി, വിജീഷ് എന്നിവരുടെ ആദ്യ റിമാൻഡ് കാലാവധി തീരുന്നത്. നടിയെ ആക്രമിക്കുന്ന രംഗം പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താൻ ഇന്നലെയും പോലീസിനു കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button