IndiaNews

അഭിഭാഷകരെ അഗ്നിവിശുദ്ധി വരുത്താൻ സുപ്രീംകോടതി; സർവകലാശാലകൾക്ക് പ്രത്യേക നിർദേശം

ന്യൂഡല്‍ഹി: അഭിഭാഷകരെ അഗ്നിവിശുദ്ധി വരുത്താൻ സുപ്രീംകോടതി. സർവകലാശാലകൾക്ക് സുപ്രീം കോടതി പുതിയ നിർദേശം നൽകി. അഭിഭാഷകരുടെ നിയമബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ സുപ്രീംകോടതി സര്‍വകലാശാലകളോട് ആവശ്യപ്പെട്ടു. ഇതിന് ഫീസ് ഈടാക്കരുതെന്നും ജഡ്ജിമാരായ പി.സി. ഘോഷ്, ആര്‍.എഫ്. നരിമാന്‍ എന്നിവരുടെ ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. 2015-ലെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ്) വെരിഫിക്കേഷന്‍ ചട്ടത്തെ ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ബാര്‍ കൗണ്‍സിലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനുള്ള ഫീസ് തങ്ങള്‍ക്ക് വഹിക്കാനാവില്ലെന്ന് പറഞ്ഞു. ഇതിനായി സര്‍വകലാശാലകള്‍ 200 മുതല്‍ 2000 രൂപ വരെ ഈടാക്കിയേക്കാം. ആയിരം രൂപയാണെങ്കില്‍പ്പോലും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ 60 കോടി നല്‍കേണ്ടിവരുമെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ബാര്‍ കൗണ്‍സില്‍ നേരത്തേ തന്നെ കേസില്‍ എല്ലാ സര്‍വകലാശാലകളെയും കക്ഷിചേര്‍ക്കാന്‍ കോടതിയുടെ അനുമതി തേടിയിരുന്നു. കേസില്‍ കക്ഷിചേരാന്‍ ലോ കോളേജുകളോട് ആവശ്യപ്പെട്ട് പരസ്യം നല്‍കാന്‍ ഫെബ്രുവരി പത്തിന് ബാര്‍ കൗണ്‍സിലിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

ഒന്നരമാസത്തിനകം സര്‍വകലാശാലകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് വിവരങ്ങള്‍ നല്‍കണമെന്നാണ് ബാര്‍ കൗണ്‍സിലിന്റെ ആവശ്യം. തുടർന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നരമാസത്തിനകം വോട്ടര്‍പ്പട്ടിക തയ്യാറാക്കാന്‍ സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്ക് നിര്‍ദേശം നല്‍കണം. തുടര്‍ന്ന് 75 ദിവസത്തിനകം 2015-ലെ വെരിഫിക്കേഷന്‍ ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടത്തണമെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button