കൊച്ചി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യത്തില്‍ വൈദികന്‍ ഉള്‍പ്പെട്ട വാര്‍ത്ത സഭ ഗൗരവത്തോടെ കാണുന്നതായി കേരളത്തിലെ കത്തോലിക്കാ സഭയിലെ മെത്രാന്‍മാരുടെ സമിതിയായ കെ.സി.ബി.സി അറിയിച്ചു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നതില്‍ ദു$ഖവും ഖേദവുമുണ്ട്. സമര്‍പ്പിതജീവിതം നയിക്കുന്ന വ്യക്തികള്‍ ശാരീരികവും മാനസികവും ആത്മീയവുമായ വിശുദ്ധി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കത്തോലിക്കാസഭ ആഗ്രഹിക്കുന്നതും അനുശാസിക്കുന്നതും ഇക്കാര്യത്തിലുണ്ടാകുന്ന വ്യക്തിപരമായ വീഴ്ചകള്‍ ദു$ഖകരവും ഗുരുതരവുമാണെന്ന് വക്താവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മേലധികാരികള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും കുറ്റാരോപിതര്‍ രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിധേയരാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യും. തെളിവുകള്‍ നശിപ്പിക്കുന്നതിനോ കുറ്റാരോപിതര്‍ രക്ഷപ്പെടുന്നതിനോ സഭ കൂട്ടുനില്‍ക്കില്ല. ഏതുതരത്തിലുള്ള നിയമപരമായ അന്വേഷണങ്ങളെയും സ്വാഗതംചെയ്യുന്നു. സഭാനിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ രൂപത തലത്തില്‍ നടക്കുന്നതായും കെ.സി.ബി.സി അറിയിച്ചു.
Post Your Comments