Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരെയും സിസ്റ്റേഴ്സിനെയും കേസില്‍ കുടുക്കിയത്: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ ന്യായീകരിച്ച് സിന്ധു ജോയ്

കൊച്ചി: കൊട്ടിയൂരില്‍ വൈദിക ക്രിമിനലിന്റെ പീഡനത്തെതുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രവേശിപ്പിക്കപ്പെട്ട ക്രിസ്തുരാജ ആശുപത്രിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിന്ധു ജോയ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരെയും സിസ്റ്റേഴ്സിനെയും കേസില്‍ കുടുക്കിയതാണെന്ന വാദമാണ് സിന്ധു തന്റെ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ ഉയര്‍ത്തുന്നത്. ആരെയും വെള്ളപൂശാനോ രക്ഷപെടുത്താനോ അല്ല ഈ കുറിപ്പ് എന്നുകൂടി വ്യക്തമാക്കട്ടെ എന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് സിന്ധുജോയ് പ്രതികളെ ന്യായീകരിച്ചുള്ള കുറിപ്പ് തുടങ്ങിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കൊട്ടിയൂർ പീഢനത്തെക്കുറിച്ചു കൂടുതൽ അന്വേഷിച്ചപ്പോൾ ബോധ്യമായ ചില വിവരങ്ങളാണ് ഇവിടെ. ആരെയും വെള്ളപൂശാനോ രക്ഷപെടുത്താനോ അല്ല ഈ കുറിപ്പ് എന്നുകൂടി വ്യക്തമാക്കട്ടെ.
കണ്ണൂരിലെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ ഡോക്ടർമാരെയും സിസ്റ്റേഴ്‌സിനെയും ഈ കേസിൽ കുടുക്കിയതാണോ എന്ന സംശയം ബലപ്പെടുന്നു. വിചാരണ വരെ ജാമ്യം ലഭിക്കാത്ത ‘പോക്സോ’ ആണ് അവരുടെ പേരിലും ചുമത്തിയിട്ടുള്ളത്.ഇവർ കുറ്റവാളികൾ ആണെങ്കിൽ അവർ അർഹിക്കുന്ന ശിക്ഷ അവർക്ക് നൽകണമെന്നുതന്നെയാണ് എന്റേയും അഭിപ്രായം. ഇവിടുത്തെ ഡോക്ടർമാരും കന്യാസ്ത്രീകളും നിരപരാധികളാണ് എന്ന് തോന്നാൻ കാരണമിവയാണ്.
ഒന്ന് – ആ പെൺകുട്ടിയെ പ്രസവത്തിനായി ആദ്യം അഡ്മിറ്റ് ചെയ്‌തിരുന്നത്‌ പേരാവൂരിലെ രശ്‌മി ഹോസ്പിറ്റലിൽ ആണ്. ചില മെഡിക്കൽ കോംപ്ലിക്കേഷനുകൾ ശ്രദ്ധയിൽപ്പെട്ടതോടെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌യാൻ അവിടെനിന്നും നിർദേശിക്കുകയായിരുന്നു. രശ്മി ഹോസ്പിറ്റൽ ക്രിസ്ത്യൻ മാനേജ്‌മെന്റിനു കീഴിലുള്ളതല്ല എന്നുകൂടി ഓർമിക്കുക.
രണ്ട് – പ്രസവത്തിനു രണ്ടുമണിക്കൂർ മുൻപാണ് പെൺകുട്ടിയെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ എമെർജെൻസി വിഭാഗത്തിൽ കൊണ്ടുവരുന്നത്. രശ്മി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ റിക്കാർഡുകൾ ക്രിസ്തുരാജ് ആശുപത്രിയിൽ നൽകി. പെൺകുട്ടിക്ക് 18 വയസ് എന്നാണ് അതിൽ രേഖപ്പെടുത്തിയിരുന്നത്.
മൂന്ന് – അങ്ങനെയെങ്കിൽ രശ്മി ഹോസ്പിറ്റൽ അധികൃതർ എങ്ങനെയാണ് ഈ കേസിൽനിന്ന് ഒഴിവായത്? രശ്മി ഹോസ്പിറ്റലിൽനിന്ന് റഫർ ചെയ്ത് ക്രിസ്തുരാജയിൽ എത്തിയ പെൺകുട്ടിയുടെ പ്രസവശുശ്രൂഷ നിർവഹിച്ചതിനാണ് ഡോക്ടർമാരെയും കന്യാസ്ത്രീകളെയും വിചാരണ വരെ ജാമ്യമില്ലാത്ത പോക്സോ ചുമത്തിയിരിക്കുന്നത്. ആശുപത്രിയിൽ എത്തി 2 മണിക്കൂറിനുള്ളിൽ പ്രസവം നടന്നു. അത്ര അടിയന്തര സാഹചര്യത്തിലാണ് പെൺകുട്ടിയെ രക്ഷിതാക്കൾ എത്തിക്കുന്നത്.
നാല് – ഇതിൽ അതീവബുദ്ധിപരമായ ഒരു ഗൂഡാലോചന നടന്നിട്ടില്ലേ എന്നു സംശയിക്കണം. കാരണം, നിരപരാധികളായ ഡോക്ടർമാരും സിസ്റ്റേഴ്‌സും കേസിൽ കുടുങ്ങുന്നതോടെ സഭയും സമൂഹവും അവരുടെ രക്ഷക്കുവേണ്ടി ശബ്ദിക്കും. ഈ ബഹളത്തിനിടയിൽ യഥാർത്ഥ കുറ്റവാളികൾക്ക് രക്ഷപെടാനുള്ള പഴുതൊരുങ്ങും.ഓർക്കുക,കന്യാസ്ത്രീകളും മനുഷ്യരാണ്; അവർക്കും നീതി നിഷേധിക്കപ്പെട്ടുകൂടാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button