കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും അമ്മയും കൂറുമാറിയെങ്കിലും റോബിന്‍ വടക്കാഞ്ചേരി രക്ഷപ്പെടില്ല. തങ്ങൾ പരസ്പര സമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും തനിക്ക് പ്രായപൂർത്തിയായെന്നുമായിരുന്നു പെൺകുട്ടി കോടതിയിൽ പറഞ്ഞത്. ഇതിനു പിന്നാലെ പെൺകുട്ടിയുടെ അമ്മയും ഈ മൊഴി ശരിവെക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ നിർണ്ണായകമായി പെൺകുട്ടിയുടെ ലൈവ് ജനന റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ഇതിന് വേണ്ടി കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ജനനം സംബന്ധിച്ച രേഖകള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതോടെയാണ് റോബന്‍ ശിക്ഷക്കപ്പെടുമെന്ന് ഉറപ്പാകുന്നത്.
1999 നവംബര്‍ 17-ന് പെണ്‍കുട്ടി ജനിച്ചു. നവംബര്‍ 24-ന് കൂത്തുപറമ്ബ് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തു. 2002ല്‍ പെണ്‍കുട്ടിയുടെ പേര് ചേര്‍ത്തു. കൂത്തുപറമ്പ് നഗരസഭ അധികൃതരാണ് ഇതുസംബന്ധിച്ച രേഖ കോടതിയില്‍ ഹാജരാക്കിയത്. ലൈവ് ബര്‍ത്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രസവസമയത്ത് പരിശോധിച്ച ഡോക്ടറെ 12-ന് വിസ്തരിക്കും. കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രി നഴ്സിങ് സൂപ്രണ്ട്, കൂത്തുപറമ്പ് നഗരസഭ സെക്രട്ടറി എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു.
പ്രോസിക്യുഷന്റെ അപേക്ഷ പ്രകാരം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജനനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയത്. ലൈവ് ബര്‍ത്ത് റിപ്പോര്‍ട്ടായതിനാല്‍ പ്രായപൂര്‍ത്തിയാകും മുമ്പാണ് പെണ്‍കുട്ടിയെ റോബിന്‍ വടക്കാഞ്ചേരി പീഡിപ്പിച്ചതെന്ന് വ്യക്തമാണ്. ഈ സാഹചര്യമാണ് റോബിന്റെ രക്ഷപ്പെടാനുള്ള മോഹങ്ങള്‍ തകര്‍ക്കുന്നത്. വൈദികനില്‍ നിന്ന് ഗര്‍ഭിണിയായി പ്രസവിക്കുമ്പോള്‍ 17 വയസും 5 മാസവുമായിരുന്നു പെണ്‍കുട്ടിയുടെ പ്രായമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ലൈവ് ബര്‍ത്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെളിയിക്കുന്നത്. ഗര്‍ഭകാലം കൂടി കണക്കാക്കുമ്പോള്‍ പീഡനം നടന്ന വേളയില്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ ഉള്ളു എന്നു കോടതിയെ രേഖകള്‍ വഴി ബോധ്യപ്പെടുത്തി.
ഇതോടെ ശാസ്ത്രീയ പരിശോധന ഇല്ലാതെ തന്നെ പെണ്‍കുട്ടിയുടെ പ്രായം തെളിയുകയാണെന്നാണ് വിലയിരുത്തല്‍.കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനനത്തീയതി തെറ്റാണ്. രേഖകളില്‍ ഉള്ളതും പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനത്തീയതിയല്ല. പെണ്‍കുട്ടി ജനിച്ചത് 1997ലാണ്. എന്നാല്‍ രേഖകളിലുള്ളത് 1999 എന്നാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചിരുന്നു. വൈദികനെതിരെ തനിക്ക് പരാതിയില്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.
തുടര്‍ന്ന് ഇവരെയും കോടതി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. സ്വന്തം താത്പര്യപ്രകാരമാണ് വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, അപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും കഴിഞ്ഞ ദിവസം പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു. പീഡനത്തിന് ഇരയായെന്ന് നേരത്തെ മജിസ്ട്രേറ്റിനോട് പറഞ്ഞത് ഭീഷണി മൂലമാണെന്നും, വൈദികനോടൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നും പെണ്‍കുട്ടി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
റോബിന്‍ വടക്കാഞ്ചേരിയെ രക്ഷിച്ചെടുക്കാനുള്ള തന്ത്രമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു.1997ല്‍ ജനിച്ചാല്‍ പെണ്‍കുട്ടിക്ക് 18 വയസ് കഴിയും. ഇതോടെ പ്രായപൂര്‍ത്തിയായി. അതിനാല്‍ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമാകില്ല. ഈ സാഹചര്യത്തില്‍ കോടതി റോബിനെ വെറുതെ വിടും. ഇതിന് വേണ്ടിയായിരുന്നു അമ്മ അതിവിദഗ്ധമായി കോടതിയില്‍ നിലപാട് എടുത്തത്. ലൈവ് ബെര്‍ത്തി റിപ്പോര്‍ട്ട് കിട്ടിയതോടെ കുട്ടിക്ക് 16 വയസ്സേ പീഡന സമയത്തുണ്ടായിരുന്നുള്ളൂവെന്നാണ് വ്യക്തമാകുന്നത്.
16 വയസുള്ള കുട്ടിയെ സമ്മത പ്രകാരം പീഡിപ്പിക്കുന്നതും കുറ്റകരമാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായതു കൊണ്ട് തന്നെ 18 വയസ് കഴിഞ്ഞെന്ന് തെറ്റിധരിച്ചാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന വാദവും നിലനില്‍ക്കില്ല. അതായത് എല്ലാ അര്‍ത്ഥത്തിലും റോബിന്‍ വടക്കാഞ്ചേരിക്ക് ശിക്ഷ ഉറപ്പാണെന്നാണ് പ്രോസിക്യൂഷന്‍ ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത്.
Post Your Comments