ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരേ ബി.ജെ.പി രംഗത്ത്. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നും വിരാട് കോഹ്‌ലിക്ക് 47 ലക്ഷം നല്‍കിയതായി ആരോപണത്തില്‍ കുടുങ്ങി ഉത്തരാഖണ്ഡ് ഭരണകൂടം വിവാദത്തില്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഇന്ത്യന്‍ നായകനുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് ഭരണകൂടം കുടുങ്ങിയിരിക്കുന്നത്. ദുരിതാശ്വാസ നിധിയില്‍ നിന്നെടുത്താണ് സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷണല്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ ഇന്ത്യന്‍ നായകന് 47.19 ലക്ഷം പ്രതിഫലം നല്‍കിയതെന്നാണ് ആരോപണം.
ഒരു ബി.ജെ.പി അംഗമാണ് വിവരാവകാശരേഖയുടെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2013 ല്‍ ഉണ്ടായ കേദാര്‍നാഥ് വെള്ളപ്പൊക്കത്തിന് കിട്ടിയ സഹായ നിധിയില്‍ നിന്നും 2015 ജൂണിലാണ് 60 സെക്കന്റ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതിന് ഇന്ത്യന്‍ നായകന് പണം നല്‍കിയത്. ഈ സമയത്ത് ഉത്തരാഖണ്ഡിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു കോഹ്‌ലി. അതേസമയം സർക്കാർ നടപടിയെ ന്യായീകരിക്കുകയാണ്. രാജ്യത്തിന്റെ നട്ടെല്ല് തന്നെ ടൂറിസം ആണെന്നും അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളെ കാണിക്കാന്‍ ഒരു പ്രമുഖ മുഖത്തെ തെരഞ്ഞെടുക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും ചോദിക്കുന്നു. എല്ലാം നിയമപരമായിട്ടാണ് നടത്തിയതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പറയുന്നു.
ക്രിക്കറ്റ് താരവും സര്‍ക്കാരും തമ്മില്‍ ഇത്തരം ഏതെങ്കിലും ഇടപാട് നടന്നതായി കോഹ്‌ലിയുടെ വൃത്തങ്ങള്‍ അംഗീകരിച്ചിട്ടില്ല. അതേസമയം ഇക്കാര്യം പരിശോധിക്കുമെന്ന് പറഞ്ഞു. അതേസമയം വിവരാവകാശ രേഖ പുറത്തു വിട്ട് കോണ്‍ഗ്രസിനെതിരേ ശക്തമായ ആക്രമണമാണ് ബി.ജെ.പി അഴിച്ചുവിടുന്നത്. കോഹ്‌ലിയെ ഇത്രയും പണം നല്‍കി ബ്രാന്‍ഡ് അംബാസഡര്‍ ആക്കേണ്ട കാര്യം എന്താണെന്നും ബി.ജെ.പി ചോദിക്കുന്നു.
Post Your Comments