തിരുവനന്തപുരം: ചെറിയ കാലയളവില്‍ ശിക്ഷിക്കപ്പെട്ടവരും ശിക്ഷകാലാവധി തീരാറായതുമായ നൂറോളം തടവുകാരെ മാത്രമേ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്ന് വിട്ടയക്കുന്നുള്ളൂവെന്ന് ജയില്‍മേധാവി ആര്‍. ശ്രീലേഖ. 1850ഓളം തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായ വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. ജീവപര്യന്തം ശിക്ഷ തടവുകാരെ ആരെയും മോചിപ്പിക്കുന്നില്ല. തടവുകാരുടെ ജയിലിലെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍പെടാത്തവര്‍ക്ക് പല വിശേഷസന്ദര്‍ഭങ്ങളിലും സര്‍ക്കാര്‍ ശിക്ഷയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മയക്കുമരുന്ന്, കൊലപാതകം, ഗുണ്ടാലിസ്റ്റില്‍പെട്ടവര്‍ എന്നിവര്‍ക്ക് ഒരു കാരണവശാലും ശിക്ഷയിളവ് അനുവദിക്കില്ലെന്നും വാര്‍ത്തക്കുറിപ്പില്‍ അവര്‍ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 17നാണ് 2262 തടവുകാരുടെ പ്രപ്പോസല്‍ ജയില്‍വകുപ്പ് സംസ്ഥാനസര്‍ക്കാറിന് സമര്‍പ്പിച്ചത്. ഈ ലിസ്റ്റ് പരിശോധിക്കാന്‍ ആഭ്യന്തര അഡീഷനല്‍ സെക്രട്ടറി ഷീലാറാണി ചെയര്‍പേഴ്‌സണായ നാലംഗസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി പരിശോധിച്ച് അര്‍ഹരെന്ന് കണ്ടത്തെിയ തടവുകാരുടെ ലിസ്റ്റാണ് അന്തിമമായി പ്രത്യേക ശിക്ഷയിളവ് നല്‍കുന്നതിനായി സര്‍ക്കാറിന്റെ പരിഗണനയില്‍ വന്നിട്ടുള്ളത്. സംസ്ഥാനത്തെ ജയിലുകളില്‍ മൂവായിരത്തോളം തടവുകാരാണ് ഉള്ളത്. സര്‍ക്കാര്‍ ശിക്ഷയിളവ് പ്രഖ്യാപിക്കുന്നതിലൂടെ ഈ ലിസ്റ്റില്‍ നിന്ന് നൂറോളം തടവുകാര്‍ക്ക് മാത്രമേ മോചനം ലഭിക്കൂവെന്നും ശ്രീലേഖ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
Post Your Comments