ലണ്ടന്‍•എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ട ഇന്ത്യന്‍ യാത്രാ വിമാനത്തെ ജര്‍മന്‍ വ്യോമസേന വളഞ്ഞ് സുരക്ഷയൊരുക്കി. വ്യാഴാഴ്ചയാണ് സംഭവം. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ ജെറ്റ് എയര്‍വേയ്സ് 9W-118 വിമാനം ജര്‍മ്മനിയുടെ മുകളിലൂടെ പറക്കുമ്പോഴാണ് ജര്‍മന്‍ എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്‌ടമായത്. അപകടമോ, റാഞ്ചല്‍ ശ്രമമോ ആണെന്ന് കരുതി ഉടന്‍ തന്നെ ജര്‍മന്‍ യുദ്ധവിമാനങ്ങള്‍ കുതിച്ചെത്തുകയായിരുന്നു. യുദ്ധ വിമാനങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ ജെറ്റ് എയര്‍വെയ്സ് വിമാനത്തെ കണ്ടെത്തി. സാങ്കേതിക തകരാറുകള്‍ കൊണ്ടാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഇത് പരിഹരിച്ച് ആശയ വിനിമയം പുനഃസ്ഥാപിക്കുന്നത് വരെ രണ്ട് യൂറോ ഫൈറ്റര്‍ യുദ്ധവിമാനങ്ങള്‍ ജെറ്റ് എയര്‍വെയ്സിന് സംരക്ഷണമൊരുക്കി.
ആശയ വിനിമയം നിമിഷങ്ങള്‍ക്കകം പരിഹരിച്ചതായി ജെറ്റ് എയര്‍വേയ്സ് പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു. തുടര്‍ന്ന് ലണ്ടനിലേക്ക് പറന്ന വിമാനം അവിടെ സുരക്ഷിതമായിറക്കി. 330 യാത്രക്കാരും 15 ജീവനക്കാരുമാണ് ബോയിംഗ് 777 വിമാനത്തില്‍ ഉണ്ടായിരുന്നത്.
വ്യോമസേനാ വിമാനങ്ങള്‍ ജെറ്റ് എയര്‍വെയ്സ് വിമാനത്തെ വളയുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നെങ്കിലും ഇന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശീലന വിമാനത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റിനെയും ജെറ്റ് എയര്‍വെയ്സ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ റഡാറിലുള്ള വിമാനങ്ങളെ ട്രാക്ക് ചെയ്യുകയും പൈലറ്റുമാരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ഒരു വിമാനം ഒരു പ്രദേശത്തെ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ പരിധിയില്‍ നിന്ന് മറ്റൊരു എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ പരിധിയില്‍ പ്രവേശിക്കുമ്പോള്‍ അവരുമായി ബന്ധം സ്ഥാപിക്കണം. അങ്ങനെയുണ്ടായില്ലെങ്കില്‍ ആ വിമാനത്തെ ‘തിരിച്ചറിയപ്പെടാത്ത’തായി കണക്കാകും
Post Your Comments