ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് ഏകദേശം ഉറപ്പായി. പനീര്‍ശെല്‍വം രാജിവെച്ചതോടെ ചിന്നമ്മ ശശികല അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് ഉയര്‍ന്നുവരുന്നത്. എന്നാല്‍, ശശികലയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പലര്‍ക്കും അതൃപ്തിയുണ്ട്.
തമിഴ്‌നാട് രാഷ്ട്രീയം പുകയുമ്പോഴാണ് ശശികലയ്‌ക്കെതിരെയുള്ള സ്വത്ത് സമ്പാദന കേസിന്റെ വിധി വരാനിരിക്കുന്നത്. ശശികലയ്‌ക്കെതിരെയായിരിക്കണം വിധി എന്നാണ് പലരും പ്രാര്‍ത്ഥിക്കുന്നത്. അഴിമതി കേസില്‍ അടുത്തയാഴ്ച വിധി പറയുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ശശികലയുടേയും കുപ്രസിദ്ധമായ മന്നാര്‍ഗുഡി സംഘത്തിന്റേയും അധികാരം കയ്യടക്കലിനെതിരെ ഒരു വിഭാഗത്തിന്റെ ശക്തമായ രോഷമുയരുന്നതിന് ഇടയിലാണ് അടുത്ത പ്രതിസന്ധിയായി പഴയ കേസില്‍ വിധി വരുന്നത്.
ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991- 96കാലത്ത് നടന്ന 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനത്തിലാണ് തോഴി ശശികലയും ഉള്‍പ്പെട്ടിട്ടുള്ളത്. 2014ല്‍ ബെംഗലൂരൂ പ്രത്യേക കോടതി ഇരുവര്‍ക്കും നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചിരുന്നു. 2015ല്‍ ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയതോടെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോവുകയായിരുന്നു. ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കേസിന്റെ വിധി വരുന്നതെന്നത് നിര്‍ണ്ണായകമാണ്.
Post Your Comments