കോഴിക്കോട്: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ സർക്കാരിന് പൂർണ്ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസമില്ലാത്ത ഒരാളെ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരുത്തില്ലെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. തുറമുഖവകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജേക്കബ് തോമസിനെതിരെ നടപടിവേണമെന്ന ശുപാര്‍ശ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടാണ് ചീഫ് സെക്രട്ടറിയുടെ നിലപാട് തള്ളിക്കളയുന്ന തരത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.
അതേസമയം താനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി വളരെ വ്യക്തമായി തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പ്രതികരണം. സംസ്ഥാനത്ത് 655 വിജിലന്‍സ് കേസുകളും പതിനൊന്നായിരത്തോളം പരാതികളും കഴിഞ്ഞ എട്ടുമാസമായി വിജിലന്‍സ് അന്വേഷിക്കുകയാണ്. സ്വാഭാവികമായും ഈ കേസുകളുമായി ബന്ധപ്പെട്ടവരാകും തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.
വിജിലന്‍സ് അന്വേഷണം ഒരിക്കല്‍ പൂര്‍ത്തിയായ കേസില്‍ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഈ ആവശ്യം സംബന്ധിച്ച നിയമോപദേശം അടക്കമുള്ളവ പരിശോധിക്കേണ്ടതുണ്ട്. വിജിലന്‍സ് പരിശോധന കഴിഞ്ഞ കേസില്‍ ധനകാര്യപരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്നത് പരിശോധിക്കുന്നതിനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്യോഗസ്ഥര്‍ക്ക് ന്യായമായ സംരക്ഷണം നല്‍കുമെന്ന നിലപാടാണ് സര്‍ക്കാരിന്റെത്. അതേസമയം സര്‍ക്കാരിന് വിശ്വാസമില്ലത്തവര്‍ ഭരണതലത്തില്‍ തുടരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ആരുകാണിച്ചാലും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല. അഴിമതിക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിശോധനയക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥരെ അനാവശ്യമായി പീഡിപ്പിക്കുന്ന സമീപനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments