തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി നടത്തുന്ന സത്യഗ്രഹ സമരത്തെ അടിച്ചമര്‍ത്താന്‍ സി.പി.എം നേതാക്കള്‍ പൊലീസുമായി ഗൂഢാലോചന നടത്തിയെന്ന ആക്ഷേപം ശക്തമാകുന്നു. ബി.ജെ.പി പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതക്കാന്‍ പൊലീസ് മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്ന് നേതാക്കള്‍ ആരോപിക്കുന്നു.
കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ആക്രമണം അഴിച്ചുവിട്ടത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, വി.വി.രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനുശേഷം പ്രവര്‍ത്തകര്‍ രണ്ടുമണിക്കൂറോളം പേരൂര്‍ക്കട ജംഗ്ഷനില്‍ കുത്തിയിരുന്നു. റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ശേഷമാണ് പൊലീസ് ബലപ്രയോഗം തുടങ്ങിയത്. ഏഴുതവണ ജല പീരങ്കി പ്രയോഗം നടത്തിയ പൊലീസ് പല തവണ ലാത്തിച്ചാര്‍ജ്ജ് നടത്തി.
കണ്‍ടോണ്‍മെന്റ് അസി.കമ്മിഷണറുടെ കെ.ഇ.ബൈജുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ ഷൂസിട്ടു ചാടി ചവിട്ടുകയും തുടര്‍ന്ന് ഭീകരമായ രീതിയില്‍ ലാത്തിച്ചാര്‍ജ്ജ് നടത്തുകയുമായിരുന്നുവെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. തലയ്ക്ക് ലാത്തിയടിയേറ്റ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് ജീപ്പിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മൂന്ന് മണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നു. ഇതിനിടെ സമരപ്പന്തലിലെത്തി വി.മുരളീധരനെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം നടത്തി. മുരളീധരനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ഐ.ജി മനോജ് എബ്രഹാം അസി. കമ്മിഷണറോട് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ അറസ്റ്റിനെ ചെറുക്കുമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതോടെയാണ് പൊലീസ് പിന്തിരിഞ്ഞത്. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ബി.ജെ.പി നാളെ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുവരെ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. ലാത്തിച്ചാര്‍ജ്ജിന് മുമ്പ് തന്നെ പ്രകോപനമില്ലാതെ അസി. കമ്മിഷണര്‍ കെ.ഇ ബൈജു ചാടി ഷൂസിട്ട കാല്‍കൊണ്ട് ചവിട്ടുകയായിരുന്നുവെന്നും തെരുവു ഗുണ്ടയെ പ്പോലെ പെരുമാറിയ ബൈജുവിനെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും ബി.ജെ.പിയുടെ ലാ അക്കാദമി സമരസമിതി കണ്‍വീനറുമായ സി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
Post Your Comments