തിരുവനന്തപുരം: റേഷന്‍ ഭക്ഷ്യധാന്യ വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. അതോടൊപ്പം കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മുമ്പ് സംസ്ഥാനത്തെ 2.76 കോടി ജനങ്ങള്‍ക്ക് സൗജന്യ ധാന്യ വിതരണം നടത്തിയിരുന്നു. ഭക്ഷ്യഭദ്രതാ നിയമത്തോടെ അത് 1.54 കോടിയായി കുറഞ്ഞു. വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കുന്നതിനൊപ്പം മുന്‍ഗണനാ വിഭാഗത്തിന്റെ എണ്ണം വര്‍ധിപ്പിക്കണമെന്നും സംസ്ഥാനം സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും.
16 മുതല്‍ 21 ലക്ഷം ടണ്‍ വരെ അരി ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 14.5 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ് സംസ്ഥാനത്തിനു നല്‍കുന്നത്. അന്ത്യോദയ വിഭാഗവും മുന്‍ഗണനാ വിഭാഗവും ചേര്‍ന്ന 1.54 കോടി ജനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ച ധാന്യം പ്രതിവര്‍ഷം 10.25 ലക്ഷം മെട്രിക് ടണ്ണാണ്.ബാക്കി വരുന്ന 1.80 കോടി ജനങ്ങള്‍ക്ക് വിതരണത്തിനായി പ്രതിവര്‍ഷം നാലു ലക്ഷം മെട്രിക് ടണ്‍ ധാന്യം മാത്രമാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ നാലു ലക്ഷം മെട്രിക് ടണ്‍ ധാന്യം കൊണ്ട് മുന്‍ഗണനാ ഇതര വിഭാഗത്തിനും സംസ്ഥാനത്തെ മറ്റു ക്ഷേമ സ്ഥാപനങ്ങള്‍ക്കും റേഷന്‍സാധനങ്ങള്‍ നല്‍കേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പരിഷ്കരണ നടപടികള്‍ക്ക് മാര്‍ച്ച് 31വരെ കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചെങ്കിലും ധാന്യ വിഹിതത്തിലെ കുറവിന് പരിഹാരം കണ്ടില്ലെന്നും ഇതാണ് സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലാക്കിയതെന്നുമാണ് സർക്കാർ നിലപാട്.
Post Your Comments