ന്യൂഡല്‍ഹി : അമ്പത്തിയേഴ് ക്യാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ ഒഴിവാക്കി. അമിത ഭാരമുണ്ടെന്ന് കണ്ടെത്തിയ 57 ജീവനക്കാരെയാണ് ഒഴിവാക്കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) മാര്‍ഗരേഖയനുസരിച്ച് കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധന നടത്തി വിമാന ജീവനക്കാരുടെ ശാരീരികക്ഷമത ഉറപ്പുവരുത്തേണ്ടതുണ്ട്. മാത്രമല്ല സമ്പൂര്‍ണ ശാരീരിക ക്ഷമതയുള്ളവര്‍, തല്‍ക്കാലത്തേക്ക് ചെറിയ പ്രശ്‌നങ്ങളുള്ളവര്‍, ശാരീരിക ക്ഷമതയില്ലാത്തവര്‍ എന്നിങ്ങനെ ജീവനക്കാരെ പട്ടികപ്പെടുത്തുകയും വേണം. ഈ പരിശോധനയിലാണ് 57 ജീവനക്കാര്‍ക്ക് അമിതഭാരമുള്ളതായി കണ്ടെത്തിയത്.
അമിത ഭാരമുണ്ടെന്ന് കണ്ടെത്തിയ 57 ജീവനക്കാര്‍ക്ക് ഇനി വിമാനത്താവളത്തിനുള്ളിലെ ഡ്യൂട്ടി നല്‍കും. എയര്‍ ഹോസ്റ്റസുമാരും വിമാന ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഭാരം കുറയ്ക്കണമെന്നും അല്ലെങ്കില്‍ വിമാനത്താവളത്തിലെ ഡ്യൂട്ടിയില്‍ സ്ഥിരപ്പെടുത്തുമെന്നും ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യയ്ക്ക് 3,800ല്‍ അധികം വിമാന ജോലിക്കാരുണ്ടെന്നാണ് കണക്ക്. ഇതില്‍ 2,500 പേരും സ്ത്രീകളാണ്. ആകെയുള്ള ജീവനക്കാരില്‍ 2,200 പേര്‍ക്കും സ്ഥിര ജോലിയാണ്. ഒന്നര വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത ഭാരമുള്ള ജീവനക്കാരെ എയര്‍ ഇന്ത്യ വിമാന ജോലിയില്‍നിന്ന് നീക്കുന്നത്.
2015 സെപ്റ്റംബറില്‍ അമിതഭാരമുണ്ടെന്ന് കണ്ടെത്തിയ 125 ജീവനക്കാരെ എയര്‍ ഇന്ത്യ വിമാനത്താവളത്തിലെ ജോലിയിലേക്ക് മാറ്റിയിരുന്നു. അമിതഭാരമുണ്ടെന്ന് കണ്ടെത്തുന്നവര്‍ക്ക് ഭാരം കുറച്ച് ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനായി മൂന്നു മാസത്തെ സമയം നല്‍കുന്നതാണ് സാധാരണ രീതി. അതിനുശേഷവും ഭാരം കുറച്ചില്ലെങ്കില്‍ ഇവരെ ശാരീരിക ക്ഷമതയില്ലാത്തവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തും.
Post Your Comments