മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ രംഗത്ത്. അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍നിന്നുമായി കോടികളുടെ കോഴ വാങ്ങുന്ന എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് ആര്‍ജവമുള്ള നടപടികള്‍ സ്വീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനങ്ങളായി മാറിയിട്ടുണ്ടെന്ന കാര്യം പ്രസംഗിച്ച് കൈയടി നേടുകയല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യേണ്ടതെന്ന് മുരളീധരന്‍ വ്യക്തമാക്കി.
”ഊമക്കത്തുകളുടെ അടിസ്ഥാനത്തില്‍പോലും അന്വേഷണം നടത്തുന്ന വിജിലന്‍സിന് എയിഡഡ് വിദ്യാലയങ്ങളുടെ കാര്യത്തില്‍ അന്വേഷണം നടത്താനാകാത്തത് പരിഹാസ്യമാണ്. വന്‍തുക കോഴവാങ്ങുന്ന ഒരു വിഭാഗം എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ആര്‍ജവമുണ്ടായിരുന്നെങ്കില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ വിജിലന്‍സിനു നിര്‍ദേശം നല്‍കുകയാണ് പിണറായി വിജയന്‍ ചെയ്യേണ്ടത്. വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ കാലാകാലങ്ങളില്‍ ഇടത് വലത് സര്‍ക്കാരുകള്‍ എയിഡഡ് വിദ്യാലയങ്ങള്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. ഒരു വശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു നല്‍കുകയും മറുവശത്ത് ഈ മാനേജ്‌മെന്റുകള്‍ കോഴ വാങ്ങുകയാണെന്ന ആക്ഷേപമുയര്‍ത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് നിറഞ്ഞ തരംതാണ നടപടിയായി മാത്രമേ കാണാന്‍ കഴിയൂ”-മുരളീധരന്‍ പറയുന്നു.
എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ ഒരു വിഭാഗം സ്ഥാപനങ്ങള്‍ വന്‍തോതില്‍ കോഴ വാങ്ങാനുള്ള ഒരു പ്രധാന കാരണം ഇത്തരം സ്ഥാപനങ്ങളില്‍ അധ്യാപക നിയമനം നടത്താനുള്ള അവകാശം മാനേജ്‌മെന്റുകള്‍ക്കാണ് എന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. പക്ഷേ ശമ്പളം നല്‍കുന്നത് സര്‍ക്കാരും. അധ്യാപക നിയമനത്തിലൂടെ ലക്ഷങ്ങള്‍ കോഴ വാങ്ങാനുള്ള അവസരമായി ഒരു വിഭാഗം എയിഡഡ് വിദ്യാഭ്യാസ സ്ഥാപന മാനേജ്‌മെന്റുകള്‍ പ്രയോജനപ്പെടുത്തുന്നു. വിദ്യാര്‍ഥികളില്‍നിന്നും ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ കോഴ വാങ്ങുന്നുമുണ്ട്. അധ്യാപക നിയമനത്തിലൂടെ കോഴ വാങ്ങാനുള്ള നടപടി അവസാനിപ്പിക്കാന്‍ ഈ നിയമനം പി.എസ്.സിക്ക് വിടുകയാണ് വേണ്ടത്. അക്കാര്യത്തില്‍ ഒരു നടപടിയെടുക്കാനും സര്‍ക്കാരിന് ധൈര്യമില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments