Prathikarana Vedhi

ഗാന്ധി മറ്റാരെയെങ്കിലും മാറ്റിയല്ല ഗാന്ധിയായത് എന്നതുപോലെ തന്നെ ഇവിടെയും സ്വാഭാവികമായി സംഭവിക്കുകയായിരുന്നു: ചര്‍ഖ വിവാദത്തില്‍ നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്ന അഡ്വ. ശങ്കു ടി ദാസിന്റെ പഠനാര്‍ഹമായ ലേഖനം

രണ്ടു ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്.
ഖാദിയും മോഡിയും തമ്മിൽ എന്താണ് ബന്ധം?

ഖാദി കലണ്ടറിൽ ഗാന്ധിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കപെടാൻ മോഡിക്ക് എന്താണ് അവകാശം?ഇതിന് രണ്ടിനും ഉത്തരം പറയാൻ ശ്രമിക്കും മുമ്പ് മൂന്നാമതായൊരു മറുചോദ്യം കൂടിയുണ്ട്.ഖാദിയും ഗാന്ധിയും തമ്മിൽ എന്താണ് ബന്ധം?ചർഖ കണ്ടു പിടിച്ചത് മഹാത്മാ ഗാന്ധിയല്ല.ഏറ്റവും ചുരുങ്ങിയത് അഞ്ചാം നൂറ്റാണ്ട് മുതലെങ്കിലും ചർഖ ഇവിടുണ്ട്.അതിനും വളരെ മുൻപ് തന്നെ സ്പിൻഡിൽ (റാട്ടുസൂചി) പോലുള്ള ലഘു ഉപകരണങ്ങൾ ഉപയോഗിച്ചിവിടെ കൈത്തറിയുമുണ്ട്.

പിന്നെയെങ്ങനെയാണ് ഗാന്ധി ചർഖയുടേയും കൈത്തറി വസ്ത്രങ്ങളുടെയും ഒക്കെ പരസ്യ മുഖമായി മാറിയത്? ഗാന്ധി അവയെ റീലോഞ്ച് ചെയ്യുകയായിരുന്നു.തങ്ങളുടെ നാട്ടിൽ നിന്നുള്ള വസ്ത്രങ്ങളുടെ ഇറക്കുമതി കൂട്ടാനായി ബ്രിട്ടീഷുകാർ തദ്ദേശീയ വസ്ത്ര വ്യവസായത്തെ തകർത്ത് തരിപ്പണമാക്കിയ കാലത്ത്, വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കാനും സ്വന്തം ആവശ്യത്തിനുള്ള വസ്ത്രം സ്വയം നെയ്തെടുക്കാനും ഗാന്ധി ഭാരതീയരോട് ആഹ്വാനം ചെയ്തു. സ്വന്തം ചർഖയിൽ തനിക്കുള്ള വസ്ത്രം നെയ്തെടുത്ത് പ്രതിരോധത്തിന്റെ മാതൃക സ്വയം കാണിച്ചു തന്നു.

സ്വദേശിയുടേയും സ്വയം പര്യാപ്തതയുടേയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി ദേശീയ സമരത്തിൽ ചർഖയെ പ്രതിഷ്ഠിക്കുക വഴി ഖാദിക്ക് നഷ്ടപ്പെട്ട പ്രചാരവും പ്രസക്തിയും വീണ്ടെടുത്തു.അങ്ങനെയാണ് ഗാന്ധി ഖാദി പ്രസ്ഥാനത്തിന്റെ മുഖമായി മാറുന്നത്.ഖാദിയുടെ പിതൃത്വമല്ല,

ഒന്നാം ഖാദി മൂവ്മെന്റിന്റെ പിതൃത്വമാണ് ഗാന്ധിക്കുള്ളത്. അതിനെ ഒന്നാം ഖാദി മൂവ്മെന്റ് എന്ന് വിളിച്ചത് അതിനൊരു തുടർച്ചയും ഉണ്ട് എന്നത് കൊണ്ടാണ്. ഇവിടെയൊരു രണ്ടാം ഖാദി മൂവ്മെന്റും ഉണ്ടായിട്ടുണ്ട്. അല്ല, ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

സ്വതന്ത്ര ഇന്ത്യയിലെ ഖാദിയുടെ ചരിത്രം തകർച്ചയിൽ നിന്ന് കൂടുതൽ തകർച്ചയിലേക്കുള്ള കൂപ്പു കുത്തലിന്റേതാണ്. 1960-61 കാലഘട്ടത്തിൽ കൈത്തറി മേഖലയിൽ 1.7 കോടി ആളുകളാണ് ജോലി ചെയ്തിരുന്നതെങ്കിൽ 2014-15 കാലമായതോടെ ഇത് 0.11 കോടിയായി കുറഞ്ഞു.

ഖാദി പ്രചാരണത്തിനായി ഒരു മന്ത്രാലയവും കമ്മീഷനും വർഷാവർഷം വർദ്ധിപ്പിക്കുന്ന ഗവണ്മെന്റ് സബ്‌സിഡിയും ഒക്കെ ഉണ്ടായിട്ടും ഖാദിക്ക് ഇപ്പോഴും ഇന്ത്യൻ വസ്ത്ര വിപണിയുടെ ഒരു ശതമാനത്തിൽ കൂടുതൽ (1%) കയ്യടക്കാൻ സാധിച്ചിട്ടില്ല. 2016 വരെ ഒരിക്കൽ പോലും രണ്ടക്കത്തിലുള്ള വളർച്ചാ നിരക്ക് രേഖപ്പെടുത്താത്ത ഖാദിയുടെ വില്പന ചില വർഷങ്ങളിൽ നെഗറ്റീവ് വരെ രേഖപ്പെടുത്തിയിരുന്നു.

2016ൽ പുറത്തിറങ്ങിയ സി.പി.പി.ആറിന്റെ (Centre for Public Policy Research) പഠന റിപ്പോർട് ശക്തമായ നടപടികൾ സർക്കാർ തലത്തിൽ ഇനിയെങ്കിലും സ്വീകരിച്ചില്ലെങ്കിൽ ഖാദി രാജ്യത്ത് അന്യം നിന്ന് പോയേക്കും എന്ന് വരെ മുന്നറിയിപ്പ് നൽകി. അത്ര ദയനീയമായി കഴിഞ്ഞിരുന്നു കഴിഞ്ഞ എഴുപത് വർഷം കൊണ്ട് ഇന്ത്യയിലെ ഖാദി മേഖലയുടെ അവസ്ഥ.

പക്ഷെ 2014 പകുതിയോടെ രാജ്യത്ത് വലിയൊരു മാറ്റമുണ്ടായി.നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിലേറി. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻ കീ ബാത്തിൽ തന്നെ മോഡി സംസാരിച്ചത് ഖാദിയെ പുനരുജ്ജീവിപ്പിക്കുന്നതിനെ പറ്റിയാണ്.

ഓരോ വീട്ടിലും ഒരു ഖാദി ഉല്പന്നമെങ്കിലും എന്ന ആഹ്വാനം അദ്ദേഹം നൽകിയത് അന്നാണ്.1905ൽ സ്വദേശി മൂവ്മെന്റ് ആരംഭിച്ച ഓഗസ്റ്റ് ഏഴാം തീയതി രാജ്യം ദേശീയ കൈത്തറി ദിനമായി ആചരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.ഓഗസ്റ്റ് ഏഴിന് തമിഴ്നാട്ടിൽ വെച്ച് സംഘടിപ്പിച്ച ആദ്യ കൈത്തറി ദിന സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്ത് മികച്ച നെയ്ത്തുകാർക്ക് പ്രഖ്യാപിച്ച സന്ത് കബീർ പുരസ്കാരം അദ്ദേഹം വിതരണം ചെയ്തു.

രണ്ടാം ദേശീയ കൈത്തറി ദിനം കഴിഞ്ഞ വർഷം വാരണാസിയിൽ സംഘടിപ്പിക്കപ്പെട്ടു.കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി അതിനോടനുബന്ധിച്ച് നയിച്ച “ഐ വിയർ ഹാൻഡ്‌ലൂം ചാലഞ്ച്” സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

രണ്ടു മാസത്തിന് ശേഷം ഇക്കഴിഞ്ഞ ഗാന്ധി ജയന്തിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത മോഡി വീണ്ടും സംസാരിച്ചത് ഖാദിയെ പറ്റി തന്നെയാണ്.”ഖാദി ഫോർ ഫാഷൻ, ഖാദി ഫോർ നേഷൻ” എന്ന ആഹ്വാനമായിരുന്നു മോഡി അന്ന് യുവാക്കൾക്ക് നൽകിയത്.തുടർന്നു ഒക്ടോബർ 16ന് ലുധിയാനയിൽ വെച്ച് നടത്തിയ ചടങ്ങിൽ പ്രധാനമന്ത്രി 500 സ്ത്രീകൾക്ക് ചർഖ വിതരണം ചെയ്തു.

ആ ചടങ്ങിലെ ചിത്രമാണ് ഇപ്പോൾ വിവാദമായിരിക്കുന്ന ഖാദി കലണ്ടറിൽ ഉപയോഗിച്ചിരിക്കുന്നത്.ഏതായാലും മോഡിയുടെ പരിശ്രമങ്ങളെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നു തന്നെയാണ് കണക്കുകൾ തെളിയിക്കുന്നത്.

2015-16 കാലഘട്ടത്തിൽ ചരിത്രത്തിൽ ആദ്യമായി ഖാദി മേഖലയിൽ 29% വളർച്ച രേഖപെടുത്തുകയും വിൽപ്പന 1500 കോടി രൂപയിൽ കവിയുകയും ചെയ്തു എന്ന് റിപ്പോർട് ചെയ്തിരിക്കുന്നത് ഖാദി അന്യം നിന്ന് പോവാറായി എന്ന് പറഞ്ഞ സി.പി.പി.ആർ തന്നെയാണ്.

ഈ സാമ്പത്തിക വർഷത്തിൽ ഖാദി പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക് 35% ആണത്രേ.അതെ. സിംഗിൾ ഡിജിറ്റ് ഗ്രോത്തും നെഗറ്റീവ് ഗ്രോത്തും മാത്രം കൈവരിച്ചിരുന്ന നമ്മുടെ ഖാദി മേഖലയുടെ കാര്യം തന്നെയാണ് പറയുന്നത്. മോഡി ഖാദിക്ക് വേണ്ടി ചെയ്തത് ഗാന്ധി ഖാദിക്ക് വേണ്ടി ചെയ്ത അതേ കാര്യം തന്നെയാണ്. അദ്ദേഹമതിനെ റീലോഞ്ച് ചെയ്തു.

അങ്ങനെ ഇവിടെയൊരു രണ്ടാം ഖാദി മൂവ്മെന്റ് സാധ്യമാക്കി.മോഡിക്ക് ഖാദിയുമായി എന്ത് ബന്ധം എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം അത് തന്നെയാണ്. ഗാന്ധിക്ക് ഖാദിയുമായുള്ള അതേ ബന്ധം തന്നെ. രസകരമായ മറ്റൊരു സംഗതി കൂടി ഇതിലുണ്ട്.

2016 സെപ്റ്റംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഉപയോഗിച്ച് റിലയൻസ് ജിയോ രാജ്യത്തെ പ്രമുഖ പത്രങ്ങളിലൊക്കെ ഒന്നാം പേജ് പരസ്യം കൊടുക്കുന്നത്.പി.എം.ഒയുടെ അനുവാദം പോലും വാങ്ങാതെ റിലയൻസ് ചെയ്ത ഇക്കാര്യം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ഒരു കോർപ്പറേറ്റ് സ്ഥാപനം തങ്ങളുടെ ഉൽപന്നം വിറ്റഴിച്ചു ലാഭമുണ്ടാക്കാനായി പ്രധാന മന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതിന്റെ ധാർമികതയാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്.സംഭവത്തിൽ അന്വേഷണം ഉണ്ടാവുകയും, റിലയൻസിന്റെ നടപടി 1950ലെ എംബ്ലംസ് ആൻഡ് നെയിംസ് ആക്ടിന്റെ സെക്ഷൻ 3ന് വിരുദ്ധമാണ് എന്ന് കണ്ടെത്തുകയും, അതിന്റെ അടിസ്ഥാനത്തിൽ കോൺസ്യൂമർ അഫയേഴ്സ് മിനിസ്ട്രി 67 വർഷം പഴക്കമുള്ള ആ നിയമത്തിൽ നിർദ്ദേശിക്കുന്ന പിഴയായ 500 രൂപ റിലയൻസിന് മേൽ ചുമത്തുകയും ചെയ്തിരുന്നു.പക്ഷെ അതു കൊണ്ടും വിമർശനം തീർന്നില്ല.

പ്രധാനമന്ത്രി മോഡിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിക്കുക വഴി റിലയൻസ് കോടാനുകോടി രൂപയുടെ ലാഭമെങ്കിലും ഉണ്ടാക്കി കാണണം എന്നും, അതിന്റെ പേരിൽ വെറും 500 രൂപ പിഴ ഈടാക്കുന്നത് തീരെ അപര്യാപ്തമാണെന്നും, ചുമത്തപ്പെടുന്ന പിഴയുടെ തോത് റിലയൻസിന്റെ ലാഭത്തിന് ആനുപാതികം ആയിരിക്കണമെന്നുമൊക്കെ അഭിപ്രായമുണ്ടായി.

എന്നാൽ അഭിപ്രായ വ്യത്യാസം ഉണ്ടാവാത്ത ഒരേയൊരു സംഗതി നരേന്ദ്ര മോഡിയുടെ ചിത്രം ഉപയോഗിക്കുക വഴി റിലയൻസ് വലിയ ലാഭമുണ്ടാക്കി എന്നത് മാത്രമായിരുന്നു.മോഡിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിച്ചാൽ ഉൽപന്നം കൂടുതൽ വിറ്റഴിക്കാൻ സാധിക്കും എന്ന് പ്രതിപക്ഷ കക്ഷികൾ പോലും സമ്മതിക്കുകയായിരുന്നു അവിടെ.

റിലയൻസിന്റെ വിവാദ പരസ്യം വന്നു രണ്ടു മാസത്തിന് ശേഷം ഡീമോണടൈസേഷന്റെ പശ്ചാത്തലത്തിൽ നവംബർ 10ന് ഇലക്ട്രോണിക് കോമേഴ്‌സ് പ്ലാറ്റ്ഫോമായ ‘പേറ്റിയെം’ നരേന്ദ്ര മോഡിയുടെ ചിത്രം ഉപയോഗിച്ച് എല്ലാ പ്രമുഖ പത്രങ്ങളിലും ഒന്നാം പേജ് പരസ്യം കൊടുത്തു.റിലയൻസ് ജിയോ പരസ്യത്തിന്റെ അധാർമികതയും നിയമവിരുദ്ധതയും പിഴ സാധ്യതയും ഒക്കെ ചർച്ച ചെയ്യപ്പെട്ട ശേഷമാണ് പേറ്റിയെം ഇത് ചെയ്യുന്നത് എന്നോർക്കണം.അത് കൊണ്ടുള്ള ദോഷം എന്ത് തന്നെയായാലും അതിനെയൊക്കെ കവച്ച് വെയ്ക്കുന്ന ഗുണം മോഡിയുടെ ചിത്രം വെച്ച് പരസ്യം ചെയ്താൽ കമ്പനിക്ക് ഉണ്ടാവും എന്ന കൃത്യമായ നിർണ്ണയത്തോടെയാണ് അവരത് ചെയ്തത്.

ഉത്പന്നം പരമാവധി വിറ്റഴിച്ചു ലാഭമുണ്ടാക്കുക, ബാക്കിയൊക്കെ വരുന്നിടത്ത് വെച്ച് കാണുക എന്ന സാധാരണ കച്ചവട യുക്തി ഒരു വൻകിട കോർപ്പറേറ്റ് സ്ഥാപനം പോലും പ്രയോഗിക്കുകയായിരുന്നവിടെ.പേറ്റിയെമ്മിനെതിരെ ഇപ്പോൾ അന്വേഷണം നടന്നു വരികയാണ്.റിലയൻസ് അനുഭവത്തിന്റെ പശ്ചാത്തലത്തിലും, ഇത്തരം സംഭവങ്ങളുടെ ആവർത്തനമുണ്ടാവുന്നതിനാലും, 1950ലെ നിയമം പരിഷ്കരിച്ച് ഉയർന്ന പിഴ കമ്പനിക്ക് മേൽ ചുമത്തപ്പെടും എന്നാണ് കേൾക്കുന്നത്.

അതെന്തായാലും, ഇതിലൂടെയൊക്കെ അടിവരയിടപ്പെട്ട ഒരു പോയിന്റ് ഇതാണ്.ഉൽപന്നം എന്തായാലും, മോഡിയുടെ ചിത്രമുണ്ടെങ്കിൽ സാധനം വിറ്റു പോവും.ഇതിനൊക്കെ ശേഷമാണ് ഖാദി കലണ്ടറിൽ മോഡിയുടെ ചിത്രം ഉപയോഗിച്ച വിവാദം വരുന്നത്.ഏറ്റവും വലിയ തമാശ, റിലയൻസിന്റെയും പേറ്റിയെമ്മിന്റെയും പരസ്യം വന്നപ്പോൾ അവർ മോഡിയുടെ ചിത്രം ഉപയോഗിച്ച് അമിത ലാഭം കൊയ്തു എന്നാരോപിച്ച അതേ ആളുകളാണ്, ഇപ്പോൾ ഖാദി കലണ്ടർ മോഡിയുടെ ചിത്രം ഉപയോഗിക്കുമ്പോൾ ഗാന്ധി പോയേ എന്ന് വിലപിക്കുന്നത് എന്നതാണ്.പ്രധാനമന്ത്രിയുടെ അനുവാദത്തോടെയല്ല അത്തരത്തിൽ കലണ്ടർ അച്ചടിച്ചതെന്നും, സംഭവത്തിൽ നരേന്ദ്ര മോഡി തന്നെ അതൃപ്തി രേഖപ്പെടുത്തി എന്നും, കെ.വി.ഐ.സിയോടും ബന്ധപ്പെട്ട മന്ത്രാലയത്തോടും പി.എം.ഒ വിശദീകരണം ആവശ്യപ്പെട്ടു എന്നുമൊക്കെ ഇതിനോടകം വാർത്തയായി കഴിഞ്ഞിട്ടുണ്ട്.

എന്നാലും വിമർശകരോട് ചില ചോദ്യങ്ങളുണ്ട്.റിലയൻസും പേറ്റിയെമ്മും ഒക്കെ മോഡിയുടെ ചിത്രം ഉപയോഗിച്ചുണ്ടാക്കി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്ന ലാഭം ഖാദി കൂടി ഉണ്ടാക്കുന്നതിൽ എന്താണിത്ര വിഷമം?സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ പോലും മോഡിയുടെ മാർക്കറ്റ് സ്വീകാര്യത ഉപയോഗപ്പെടുത്തി തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുമ്പോൾ ഖാദി പോലുള്ള പൊതു മേഖലയിലെ വ്യവസായങ്ങൾ എന്തിനാ അതിൽ നിന്ന് മാറി നിൽക്കുന്നത്?

അല്ലെങ്കിൽ തന്നെ, ഗാന്ധിയുടെ ചിത്രം കലണ്ടറിൽ നിലനിർത്തുന്നതാണോ ഖാദിക്ക് കൂടുതൽ പ്രചാരവും വിൽപ്പനയും ലാഭവും ഉണ്ടാവുന്നതാണോ യഥാർത്ഥത്തിൽ ആവശ്യം?ഗാന്ധിജി പോലും രണ്ടാമത്തേതാവും തിരഞ്ഞെടുക്കുക. കലണ്ടറിൽ മുഖം വരുമ്പോളല്ല,

ഖാദിയുടെ പ്രചാരം വർദ്ധിക്കുമ്പോളാണ് തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് എന്നദ്ദേഹത്തിന് നല്ല ബോധ്യമുണ്ടാവും.എന്നാലീ വിമർശകരുടെ പ്രശ്നം ഗാന്ധി സ്നേഹമൊന്നുമല്ലല്ലോ. അവരുടെ പ്രശ്നം മോഡി വിരോധമാണ്.ആ വിരോധമാണ് ഖാദിക്ക് ലാഭം ഉണ്ടായില്ലെങ്കിലും വേണ്ടില്ല, മോഡിയുടെ ചിത്രം ഒഴിവായാൽ മതി എന്നവരെ കൊണ്ട് ചിന്തിപ്പിക്കുന്നത്.

നാത്തൂന്റെ കണ്ണീര് കാണാൻ ആങ്ങളയുടെ മരണമാഗ്രഹിക്കുന്ന നിലവാരത്തിലുള്ള ആ വൃത്തികെട്ട രാഷ്ട്രീയത്തിന് ഗാന്ധിയെ മറയാക്കുന്നതാണ് ശരിക്കും വലിയ ഗാന്ധി നിന്ദ എന്ന് പറയാതെ വയ്യ.. ഗാന്ധിയെ മാറ്റാൻ മോഡിക്ക് എന്തധികാരം എന്ന് ചോദിക്കുന്നവർക്കുള്ള ലളിതമായ ഉത്തരവും ഇതിലടങ്ങിയിട്ടുണ്ട്.

മോഡിയുടെ ഈ സ്വീകാര്യത തന്നെയാണ് മോഡിയുടെ അധികാരം.മതിയായ വരുമാനമുള്ളവർ പാചക വാതക സബ്‌സിഡി വേണ്ടെന്ന് വെക്കണമെന്നുള്ള മോഡിയുടെ “ഗിവ് ഇറ്റ് അപ്പ്” ആഹ്വാനം കേട്ട് 82 ലക്ഷം കുടുംബങ്ങളാണ് 2016 മാർച്ച് വരെ തങ്ങൾക്ക് കിട്ടിയിരുന്ന എൽ.പി.ജി സബ്‌സിഡി ഉപേക്ഷിച്ചിരിക്കുന്നത്.വർഷത്തിൽ 5000 രൂപ വേണ്ടെന്നു വെക്കാൻ ബുദ്ധിമുട്ടില്ലാത്തത്രയും വരുമാനമുള്ള കുടുംബങ്ങളുടെ മാത്രം കാര്യമാണിത്.

മോഡി ആഹ്വാനം ചെയ്താൽ അനുസരിക്കാൻ തയ്യാറായ, വരുമാനം ഇല്ലാത്തതിനാൽ മാത്രം അത് സാധിക്കാതെ വന്ന, ലക്ഷോപലക്ഷം കുടുംബങ്ങൾ ഇന്ത്യയിൽ വേറെയുമുണ്ട്.രാജ്യത്ത് വേറെയേത് രാഷ്ട്രീയ നേതാവിനാണ് ഇങ്ങനെയൊരു പദ്ധതി നടത്താൻ സാധിക്കുക?മൻമോഹൻ സിംഗ് ആഹ്വാനം ചെയ്താൽ നൂറു രൂപ ജനം പോട്ടെ എന്ന് വെക്കുമോ??
ഡെമോണടൈസേഷനെ പറ്റി ‘ഔട്ട്ലുക്’ എഴുതിയത് മോഡിയല്ലാതെ മറ്റേത് നേതാവാണ് അതിന് ധൈര്യപ്പെട്ടിരുന്നത് എങ്കിലും അതയാളുടെ രാഷ്ട്രീയ മരണത്തിൽ തന്നെ കലാശിച്ചേനെ എന്നാണ്.നോട്ട് നിരോധനം മോഡിക്ക് മാത്രം ചെയ്യാൻ പറ്റിയിരുന്ന കാര്യമാണ്.അത്ര വലിയൊരു സാഹസമായിരുന്നത്.

ജനങ്ങൾ കലാപം ചെയ്തേനേ.തിരഞ്ഞെടുപ്പുകൾ തോറ്റമ്പിയേനേ.പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുയർന്നേനേ.പക്ഷെ മോഡിക്ക് ഇതൊന്നും നേരിടേണ്ടി വന്നില്ല.ജനങ്ങൾക്ക് അദ്ദേഹത്തെ വിശ്വാസമാണ് എന്നത് കൊണ്ട് മാത്രമാണ് മോഡി ഒരു പരിക്കുമില്ലാതെ ആ അമ്പത് ദിവസങ്ങളെ അതിജീവിച്ചത്.ആ വിശ്വാസമാണ് മോഡിയുടെ അധികാരം.ഗാന്ധിയെ ഗാന്ധിയാക്കിയത് ഈ വിശ്വാസമാണ്.ഗാന്ധിയുടെ ആഹ്വാനം കേട്ടാൽ ജോലിയും വിദ്യാഭ്യാസവുമൊക്കെ ഉപേക്ഷിച്ച്‌ സമരത്തിനിറങ്ങാൻ ആളുകൾ തയ്യാറായിരുന്നു.

ഗാന്ധി ആവശ്യപ്പെട്ടാൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് രഞ്ജിപ്പിലെത്താൻ പരസ്പരം പോരടിച്ചിരുന്ന രാഷ്ട്രീയ കക്ഷികൾ പോലും സന്നദ്ധരായിരുന്നു.ഗാന്ധി നിരാഹാരം അനുഷ്ഠിച്ചാൽ അതവസാനിപ്പിക്കാൻ വേണ്ടി മാത്രം കലാപ മേഖലകളിൽ പോലും സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിരുന്നു.ഗാന്ധിക്ക് അതെല്ലാം സാധിച്ചത് അദ്ദേഹത്തിന്റെ സർവ സംഗ പരിത്യാഗിയായ സന്ന്യാസിയുടെ പരിവേഷം മൂലമായിരുന്നു.എല്ലാം ഉപേക്ഷിച്ചയാളും ഒന്നും നേടാനില്ലാത്തയാളുമായ ഗാന്ധിയുടെ ഉദ്ദേശ്യങ്ങളെ അവിശ്വസിക്കാൻ എതിരാളികൾക്ക് പോലും കഴിയുമായിരുന്നില്ല എന്നതാണ് സത്യം.ഭാരതത്തിന്റെ മാത്രമൊരു സവിശേഷതയാണത്.ലോകത്ത് മറ്റെല്ലായിടത്തും നേടിയെടുത്തവരും, കീഴ്പ്പെടുത്തിയവരും, പിടിച്ചടക്കിയവരും ആദരിക്കപെട്ടപ്പോൾ ഇവിടെ മാത്രം വേണ്ടെന്ന് വെച്ചവരാണ് ഏറ്റവും ബഹുമാനിക്കപെട്ടത്.രാമനും, ബുദ്ധനും, അശോകനും, ശങ്കരനും, വിവേകാനന്ദനും, ഗാന്ധിയുമെല്ലാം ഇത്തരത്തിൽ ഉള്ളതെല്ലാം പരിത്യജിച്ച് മഹാന്മാരായവരാണ്.

ഈ നിസ്വാർത്ഥനായ പരിത്യാഗിയുടെ പരിവേഷം തന്നെയാണ് മോഡിയുടേയും ശക്തി.സ്വന്തം കുടുംബത്തെ പോലും ഉപേക്ഷിച്ച, പ്രധാനമന്ത്രി മന്ദിരത്തിലേക്ക് ബന്ധുക്കളില്ലാതെ കടന്നു വന്ന, കഴിഞ്ഞ പതിനെട്ട് വർഷങ്ങളായി അധികാരത്തിലിരുന്നിട്ടും കഴമ്പുള്ള ഒരു അഴിമതിയാരോപണം പോലും എതിരെ ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത മോഡിയുടെ പ്രവർത്തികൾക്ക് പിന്നിൽ എന്തെങ്കിലും സ്വാർത്ഥ ലാഭേച്ഛയുണ്ടാവും എന്ന് വിശ്വസിക്കാൻ ജനങ്ങൾ ഒരു കാരണവശാലും ഒരുക്കമല്ല.അദ്ദേഹത്തിന്റെ ഉദ്ദേശം നല്ലതാവുമെന്നും അത് രാജ്യത്തിന്റെ ഗുണത്തെ കരുതിയാവുമെന്നും ഉറപ്പുള്ളതിനാൽ താത്കാലിക ബുദ്ധിമുട്ടുകൾ അവഗണിച്ചും അവർ അദ്ദേഹത്തിന്റെ പദ്ധതികളെ പിന്തുണക്കാൻ തയ്യാറാവുന്നു.പ്രതിപക്ഷവും മാധ്യമങ്ങളും ഇടത് ലിബറലുകളുമെല്ലാം ഒറ്റകെട്ടായി ശ്രമിച്ചിട്ടും അവർ മോഡിക്കൊപ്പം അടിയുറച്ചു നിൽക്കുന്നു.

ആ ജനപിന്തുണ തന്നെയാണ് മോഡിയുടെ അധികാരം.കലണ്ടറിൽ എന്ത് കൊണ്ട് മോഡിയുടെ ചിത്രം ഉപയോഗിച്ചു എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ കെ.വി.ഐ.സി ചെയർമാൻ വിനയ് കുമാർ സക്‌സേന പറഞ്ഞത് “മോഡിയാണ് ഇന്ന് ഇന്ത്യയിലെ ഖാദിയുടെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർ. ഖാദിയുടെ ഇപ്പോഴത്തെ വളർച്ചയിൽ മോഡിയുടെ പങ്ക് പരിശോധിക്കുമ്പോൾ അദ്ദേഹം ഈ ആദരവ് തീർച്ചയായും അർഹിക്കുന്നുണ്ട്” എന്നാണ്.പി.എം.ഒയുടെ അനുവാദം പോലും വാങ്ങാതെ ഖാദി കലണ്ടറിൽ മോഡിയുടെ ചിത്രം വെയ്ക്കുമ്പോൾ അദ്ദേഹമാണതിൽ വരേണ്ടത് എന്ന കാര്യത്തിൽ ഖാദി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.മോഡി ഗാന്ധിയെ മാറ്റിയതല്ല,

ഗാന്ധി മറ്റാരെയെങ്കിലും മാറ്റിയല്ല ഗാന്ധിയായത് എന്നത് പോലെ തന്നെ ഇതും സ്വാഭാവികമായി സംഭവിക്കുകയായിരുന്നു.മോഡി ഗാന്ധിയാവാൻ ശ്രമിക്കുന്നു എന്ന് പറയുന്നവർക്ക് അതിപ്പോഴും മനസിലായിട്ടില്ല.സത്യത്തിൽ ഗാന്ധിയുടെ സ്ഥാനം പിടിച്ചെടുക്കേണ്ട യാതൊരാവശ്യവും മോഡിക്ക് ഇല്ല തന്നെ.കാരണം തന്റേത് മാത്രമായൊരു സ്ഥാനം ഇതിനോടകം തന്നെ രാജ്യത്തിന്റെ ചരിത്രത്തിൽ അദ്ദേഹം നേടി കഴിഞ്ഞിട്ടുണ്ട്.അതൊരിക്കലും രണ്ടാമത്തെ ഗാന്ധി എന്നേയല്ല.അത്, ആദ്യത്തെ നരേന്ദ്ര മോഡി എന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button