കോട്ടയം: പ്രധാനമന്ത്രിക്കെതിരേയുള്ള മോശം പരാമർശവും ദേശീയഗാനവിവാദത്തില്‍ സ്വീകരിച്ച നിലപാടിനുമെതിരെ സംവിധായകന്‍ കമലിനെതിരേ ബി.ജെ.പി. സംസ്ഥാനകൗണ്‍സില്‍ യോഗത്തില്‍ പ്രമേയം കൊണ്ടുവരും.കൂടാതെ രാധാകൃഷ്ണനെ പരസ്യമായി എതിര്‍ത്ത മുന്‍ സംസ്ഥാനഅധ്യക്ഷന്‍ സി.കെ. പത്മനാഭനോട് വിശദീകരണവും ആരായും .കമലിനെ വിമര്‍ശിച്ചതിന്റെപേരില്‍ പഴികേട്ട ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനുള്ള പരോക്ഷപിന്തുണകൂടിയാണിത്.കോട്ടയത്ത് ബി.ജെ.പി. സംസ്ഥാന കൗണ്‍സില്‍, സംസ്ഥാനകമ്മിറ്റി യോഗങ്ങള്‍ക്ക് മുന്നോടിയായിചേര്‍ന്ന പാര്‍ട്ടി കോര്‍ഗ്രൂപ്പ് യോഗത്തിലും സംസ്ഥാനഭാരവാഹികളുടെ യോഗത്തിലും ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്.
അതേസമയം പത്മനാഭനെതിരേ നടപടിവേണമെന്ന് ആര്‍.എസ്.എസ്. നേതൃത്വം ബി.ജെ.പി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ണായകഘട്ടങ്ങളില്‍ പ്രസ്ഥാനത്തെ പ്രതിരോധത്തിലാക്കുന്ന നിലപാട് മുമ്പും പത്മനാഭന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആര്‍.എസ്.എസിന്റെ ആരോപണം. സി.കെ. പത്മനാഭന്‍ കൂടി പങ്കെടുത്ത കോര്‍ഗ്രൂപ്പ് യോഗമാണ് അദ്ദേഹത്തോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയെ ആക്രമിക്കാന്‍ എതിരാളികള്‍ക്ക് പത്മനാഭന്‍ മനഃപൂര്‍വം അവസരമൊരുക്കിയെന്ന് കോര്‍ഗ്രൂപ്പ് യോഗത്തിലും തുടര്‍ന്നുനടന്ന സംസ്ഥാനഭാരവാഹികളുടെ യോഗത്തിലും അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.ദേശീയസമിതി അംഗമായ പത്മനാഭനെതിരേ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് സംസ്ഥാനസമിതി പരാതിനല്‍കുമെന്നും സൂചനയുണ്ട്.
Post Your Comments