India

നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി

ബംഗളൂരൂ : നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ വലിയൊരു പോരാട്ടമാണ് സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നതെന്നും ബംഗളൂരുവില്‍ പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യവെ മോദി പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവാസസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. എഫ് ഡി ഐ എന്നാല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം എന്നു മാത്രമല്ല, ആദ്യം ഇന്ത്യ വികസിപ്പിക്കൂ എന്നതും കൂടിയാണെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ വംശജനായ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

നോട്ട് നിരോധനത്തെ ജനവിരുദ്ധ നടപടിയെന്ന് വിശേഷിപ്പിക്കുന്നവര്‍ കള്ളപ്പണത്തിന്റെ രാഷ്ട്രീയ ആരാധകര്‍ ആണെന്ന് മോദി പറഞ്ഞു. കള്ളപ്പണവും അഴിമതിയും രാജ്യത്തെ നിയമവ്യവസ്ഥയേയും ഭരണത്തേയും പൊള്ളയാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, കള്ളപ്പണത്തിനെതിരെ സര്‍ക്കാര്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ആ യുദ്ധത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച പ്രവാസികളോട് നന്ദിയുണ്ട്. രാജ്യത്തിന്റെ വികസനത്തില്‍ പ്രവാസികള്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ 69 ബില്യണ്‍ ഡോളറാണ് പ്രവാസികള്‍ എത്തിക്കുന്നതെന്നത് മറക്കാനാവില്ല. എഫ്.ഡി.ഐയ്ക്ക് രണ്ട് നിര്‍വചനങ്ങളാണുള്ളത്. നേരിട്ടുള്ള വിദേശ നിക്ഷേപം എന്നതാണ് ഒന്ന്. രണ്ടാമത്തേത് ആദ്യം ഇന്ത്യയുടെ വികസനം എന്നതാണ് മറ്റൊന്ന്. അതിനാല്‍ തന്നെ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് പൂര്‍ണ ആത്മവിശ്വാസത്തോടെ എനിക്ക് പറയാനാവും – മോദി ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ അടക്കമുള്ള മാദ്ധ്യമങ്ങള്‍ ഇതിനായി അവര്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. വിദേശത്ത് ജോലി ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്കായി പ്രവാസി കൗശല്‍ വികാസ് യോജന എന്ന പേരില്‍ നൈപുണ്യ വികസന പദ്ധതി നടപ്പാക്കും. യുവാക്കള്‍ രാജ്യത്തിന്റെ വികസനത്തിനായി സമയവും കഴിവും ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button