ന്യൂ ഡൽഹി : ഏപ്രിൽ ഒന്നു മുതൽ ജി.എസ്.ടി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള തർക്കം രൂക്ഷമാകുന്നു. പുതിയ അവകാശവാദങ്ങളുന്നയിച്ച് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയതോടെ കൗണ്‍സില്‍ യോഗത്തിന്റെ ആദ്യ ദിവസത്തെ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. കടല്‍ വഴി കടത്തുന്ന ചരക്കുകള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം തീരദേശ സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും, ജി.എസ്.ടി നഷ്ടപരിഹാരനിധിയുടെ മൂല്യമുയര്‍ത്തണമെന്നുമാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
ഏപ്രില്‍ ഒന്നുമുതല്‍ ജി.എസ്.ടി. നടപ്പാക്കാനാവില്ലെന്ന് സംസ്ഥാനങ്ങള്‍ എല്ലാം തന്നെ അറിയിച്ചു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമായ ഗുജറാത്തു പോലും സെപ്റ്റംബര്‍ മുതലേ ഇത് നടപ്പാക്കാനാകൂ എന്ന നിലപാടാണ് സ്വീകരിച്ചത്. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് 40 ശതമാനം വരുമാന നഷ്ടമുണ്ടായെന്നും ഇത് നികത്താന്‍ നടപടി വേണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം 55,000 കോടിയെന്നാണ് നേരത്തേ കണക്കാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് 90,000 കോടി രൂപയാകുമെന്ന് ബി.ജെ.പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അഭിപ്രായപ്പെട്ടു. വരുമാനനഷ്ടം തരണംചെയ്യാന്‍ കൂടുതല്‍ സാധനങ്ങള്‍ക്ക് തീരുവ ചുമത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ആഡംബര വസ്തുക്കള്‍, മദ്യം, പുകയില തുടങ്ങിയവയ്ക്കുമേല്‍ അധിക തീരുവ ചുമത്തി 55,000 കോടി രൂപയുടെ ജി.എസ്.ടി. നഷ്ടപരിഹാരനിധി ഉണ്ടാക്കാനാണ് നേരത്തേ ശുപാര്‍ശ ചെയ്തിരുന്നത്. സമുദ്രതീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തിനുള്ളിലൂടെ കൊണ്ടുപോകുന്ന ചരക്കുകള്‍ക്ക് ജി.എസ്.ടി. ചുമത്താനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് തീരദേശസംസ്ഥാങ്ങൾ വാദിച്ചു. ഇതേ തുടർന്ന് സംസ്ഥാനാന്തര വാണിജ്യത്തിനുമേല്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന ഇന്റഗ്രേറ്റഡ് ജി.എസ്.ടി. (ഐ.ജി.എസ്.ടി.) സംബന്ധിച്ച നിയമത്തിന്റെ കരടിന് അന്തിമരൂപം കൊടുക്കുവാനായില്ല.
പശ്ചിമബംഗാള്‍, കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളാണ് ഐ.ജി.എസ്.ടി. നിയമത്തിന്റെ വ്യാഖ്യാനത്തില്‍ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ സംസ്ഥാനങ്ങളുടെ അധികാരം ഉള്‍പ്പെടുത്തണമെന്ന് വാദിച്ചത്. ഇതിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് അഭിപ്രായം തേടാമെന്ന് ജി.എസ്.ടി. കൗണ്‍സിന്‍ അധ്യക്ഷന്‍ കൂടിയായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സമ്മതിച്ചു. ജി.എസ്.ടി. കണക്കാക്കുന്നതിലുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണോ കേന്ദ്രത്തിനാണോ എന്ന കാര്യത്തിൽ ബുധനാഴ്ച ചര്‍ച്ച ചെയ്യും. കേരളത്തില്‍ നിന്ന് ധനമന്ത്രി തോമസ് ഐസക് യോഗത്തില്‍ പങ്കെടുത്തു.
Post Your Comments