Kerala

ആര്‍.എസ്.എസ് ആയുധപരിശീലനം;അന്വേഷണം വേണമെന്ന് സി.പി.ഐ.എം

തിരുവനന്തപുരം•കേരളത്തിലെ 30 കേന്ദ്രങ്ങളില്‍ ക്രിസ്തുമസ് അവധിക്കാലത്ത് ആര്‍.എസ്.എസ്. നടത്തിയ ആയുധപരിശീലനത്തെക്കുറിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ചും അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ശിബിരം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയുധപരിശീലനം നടത്തിയത് ദൃശ്യമാധ്യമങ്ങളില്‍ തന്നെ തെളിവു സഹിതം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എതിരാളികളെ മര്‍മ്മത്തില്‍ ആക്രമിച്ച് കൊലപ്പെടുത്താനുള്ള ”നിയുദ്ധ” എന്ന പരിശീലന പരിപാടിവരെ നടന്നതായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. 6 ദിവസങ്ങളിലായി നടത്തിയ ശിബിരത്തില്‍ പരിശീലിപ്പിച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ ഒരു കലാപകേന്ദ്രമാക്കാന്‍ ആര്‍.എസ്.എസ്. തയ്യാറെടുക്കുന്നുവെന്നതിന്റെ തെളിവാണ്. ഈ പരിപാടിക്കുവേണ്ടി ചിലയിടങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉപയോഗിച്ചുവെന്നത് അത്യന്തം ഗൗരവമുള്ള കാര്യമാണ്. ഇതിന് ആരാണ് അനുമതി കൊടുത്തതെന്നു പ്രത്യേകം പരിശോധിക്കണമെന്നും സി.പി.എം പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആയുധ പരിശീലനം നടത്തി ദുരുപയോഗപ്പെടുത്താന്‍ അനുവദിച്ചു കൂടാ. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ലയിലെ ചീമേനി പ്രദേശത്ത് ബോധപൂര്‍വ്വം അക്രമം അഴിച്ചുവിട്ടു കലാപം സൃഷ്ടിക്കാനാണ് ബി.ജെ.പി. നേതൃത്വം സന്നദ്ധമായത്. കാസര്‍ഗോഡ് ബി.ജെ.പി. ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായ അക്രമമാണഴിച്ചുവിട്ടത്. സി.പി.ഐ(എം) ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ എറിഞ്ഞു തകര്‍ക്കുകയും സഞ്ചാരസ്വാതന്ത്ര്യം പോലും തടയുകയുമാണ് ചെയ്തത്. ഈ അക്രണത്തിന്റെ ഫലമായാണ് ഹൃദ്രോഗബാധിതനായ സി.ജെ.ജോണിനെ ആര്‍.എസ്.എസുകാര്‍ വഴിയില്‍ തടഞ്ഞതിന്റെ ഫലമായി ചികിത്സ ലഭിക്കാതെ മരണപ്പെട്ട ദാരുണ സംഭവവും ഉണ്ടായിരിക്കുകയാണ്. എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരക്രമ കൂട്ടമായി കേന്ദ്രഭരണത്തിന്റെ തണലില്‍ ബി.ജെ.പി. മാറിയിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ വഴി പ്രകോപനങ്ങള്‍ സൃഷ്ടിച്ച് വ്യാപകമായ അക്രമ സംഭവങ്ങളാണ് ബി.ജെ.പി. നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസ്.നേതൃത്വമാണ് ഇതെല്ലാം ആസൂത്രണം ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ക്കെതിലെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആയുധ പരിശീലനങ്ങള്‍ക്കും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു സര്‍ക്കാരിനോട് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button