തിരുവനന്തപുരം: ആദ്യമായി തിരുവനന്തപുരത്ത് ചേരുന്ന സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയോഗത്തിനു വേദിയാകുന്നത് തലസ്ഥാനത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടല്‍. വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ തമ്പാനൂരിലെ ഹൈസിന്ത് ഹോട്ടലിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. നേതാക്കള്‍ക്കു താമസ സൗകര്യം ഏര്‍പ്പെടുത്തിയ ഹോട്ടല്‍ ആയതിനാലാണ് അവിടെത്തന്നെ കേന്ദ്ര കമ്മിറ്റിയും ചേരുന്നതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. കറന്‍സി പരിഷ്‌കരണത്തിനെതിരെ വ്യാപക പ്രതിഷേധം സി.പി.എം തുടരുമ്പോഴാണ് വന്‍തുക നല്‍കി സംഘാടക സമിതി ഹൈസിന്ത് ഹോട്ടലിലെ ആഢംബര കോണ്‍ഫറന്‍സ് ഹാള്‍ ബുക്ക് ചെയ്തത് എന്നതും ശ്രദ്ധേയം.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും വരും നാളുകളില്‍ സ്വീകരിക്കേണ്ട ദേശീയ പ്രക്ഷോഭങ്ങളും മൂന്നുദിവസമായി നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും. സംഘടനാവിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കേരളത്തില്‍ അടുത്തിടെ ഇ.പി ജയരാജനും പി.കെ ശ്രീമതിയുമായും ബന്ധപ്പെട്ട് ഉയര്‍ന്ന ബന്ധുനിയമന വിവാദവും വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്കെതിരേയും പാര്‍ട്ടി നേതൃത്വം വി.എസിനെതിരെയും ഉന്നയിച്ച ആരോപണങ്ങളില്‍ പി.ബി കമ്മീഷന്‍ സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും ചര്‍ച്ചക്ക് വരും. മകന്‍ സുധീര്‍ നമ്പ്യാരുടെ കെ.എസ്.ഐ.ഡി.സി എം.ഡി നിയമനവുമായി ബന്ധപ്പെട്ടുണ്ടായ നടപടികളിലും പരാമര്‍ശങ്ങളിലും പി.കെ ശ്രീമതി എം.പിക്കെതിരേ പരസ്യശാസനയോ അച്ചടക്ക നടപടിയോ ഉണ്ടാകും. അതേസമയം തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന വി.എസ് അച്യുതാനന്ദന്റെ ആവശ്യവും കേന്ദ്ര കമ്മിറ്റി ചര്‍ച്ചചെയ്യും. നാളെ എ.കെ.ജി സെന്ററില്‍ ചേരുന്ന പി.ബി യോഗത്തില്‍ കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അജണ്ട തീരുമാനിക്കും. കേന്ദ്ര നേതൃയോഗത്തിന്റെ ഭാഗമായി ഏഴാംതീയതി വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനം നടക്കും.
Post Your Comments