മനാമ : ബഹ്റിനിലെ ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി തടവുപുള്ളികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ രാജ്യത്തെമ്പാടും പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഇന്നലെ പുലര്‍ച്ചെ 5.30ഓടെ ജാവുവിലുള്ള റീഫോര്‍മേഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ജയിലിലായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ വൈദ്യുതാഘാതമേല്പിച്ചു കൊന്നതിനു ശേഷം അയാളുടെ ആയുധം ഉപയോഗിച്ച് ജയിലില്‍ ആക്രമം നടത്തിയാണ് 10 ഓളം തടവ് പുള്ളികള്‍ രക്ഷപ്പെട്ടത്.
അഹ്മദ് മുഹമ്മദ് സാലെഹ് മുഹമ്മദ് അല്‍ ഷെയ്ഖ് (26), അമര്‍ അബ്ദുള്ള ഇസ അബ്ദുള്‍ ഹുസൈന്‍ (28), മുഹമ്മദ് ഇബ്രാഹിം മുല്ല റെധി അല്‍ തൂഖ് (26), ഹസ്സന്‍ അബ്ദുല്ല ഇസ അബ്ദുള്‍ ഹുസൈന്‍ (24), ഇസ മൂസാ അബ്ദുള്ള ഹസ്സന്‍ (24), ഹുസൈന്‍ അതിയഹ് മുഹമ്മദ് സാലെഹ് (37), സാദിഖ് ജാഫര്‍ സല്‍മാന്‍ ഹുസൈന്‍ (27), അബ്ദുള്‍ ഹുസൈന്‍ ജുമാ ഹസ്സന്‍ അഹ്മദ് അല്‍ ഒനൈസി (31), റെഡ അബ്ദുള്ള ഇസ അല്‍ ഖസ്റ (29), ഹുസൈന്‍ ജാസ്സിം ഇസ ജാസ്സിം അല്‍ ബന (27) എന്നിവരാണ് ജയില്‍ ചാടിയ തടവ് പുള്ളികള്‍.
രക്ഷപ്പെട്ട പ്രതികളെല്ലാം തീവ്രവാദ പശ്ചാത്തലമുള്ള കേസുകളില്‍ പിടിയിലായവരാണ്. അതിനാല്‍ തന്നെ ഈ ആക്രമണത്തില്‍ തീവ്രവാദ സംഘടനയുടെ പങ്കാളിത്തം ഉള്ളതായി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. റൈഫിളുകള്‍, പിസ്റ്റളുകള്‍ എന്നിങ്ങനെയുള്ള ആയുധങ്ങളുമായെത്തിയ ആറോളം പേരടങ്ങിയ തീവ്രാവാദ സംഘം ആക്രമണത്തിന് പിന്നിലുള്ളതായാണ് നിഗമനം. ഇവരെ പ്രതിരോധിക്കുകയും, തടവുതുള്ളികള്‍ രക്ഷപ്പെടാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് അബ്ദുള്‍ സലാമിന് തന്റെ ജീവന്‍ നഷ്ടമായതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അബ്ദുള്‍ സലാമിനെ കൂടാതെ ആക്രമണത്തെ പ്രതിരോധിച്ച മറ്റൊരു പോലീസുകാരന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ആഭ്യന്തരമന്ത്രി ലഫ്നന്റ് ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
രാജ്യത്താകെ 12ലധികം സുരക്ഷാപരിശോധന കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. സംശയാസ്പദകരമായ സാഹചര്യത്തില്‍ ആരെയെങ്കിലും കാണുകയാണെങ്കില്‍ വിവരം ഉടന്‍ തന്നെ പൊലീസിന് കൈമാറണമെന്നും, രക്ഷപ്പെട്ട തടവുപുള്ളികളെ കണ്ടെത്തുന്നതിനു പൊതുജനങ്ങളുടെ എല്ലാ വിധ സഹകരണവും ഉണ്ടാകണമെന്നും ജയില്‍ അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ 80008008,999 എന്നീ നമ്പറുകളില്‍ വിളിച്ച അറിയിക്കണമെന്നും, വിളിക്കുന്നയാളെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments