കൊല്ലം•ഓയൂര്‍ കരിങ്ങന്നൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിങ്ങന്നൂര്‍ അടയറ പ്രശാന്ത് മന്ദിരത്തില്‍ പ്രിയ (21) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വെളിനല്ലുര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ നിര്‍മലയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.
കഴിഞ്ഞ ബുധനഴ്ചയാണ് പ്രിയയെ കാണാതായത്. പ്രിയ പുതുശ്ശേരി സ്വദേശി അരുണ്‍ ബാബുവുമായി പ്രണയത്തിലായിരുന്നു. ഇരുവരുടേയും രജിസ്റ്റര്‍ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നതുമാണ്. ഇതിനിടെ യുവാവിന്റെ സഹോദരിയും പിതാവും ചില പ്രാദേശിക നേതാക്കളുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം നടക്കണമെങ്കില്‍ സ്വര്‍ണവും പണവും ആവശ്യപ്പെടുകയായിരുന്നു. ഇതേച്ചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ അഭിപ്രായ വ്യത്യസമുണ്ടായി. തുടര്‍ന്ന് ബുധനാഴ്ച രാവിലെ അരുണിന്റെ വീട്ടിലേക്ക് പോയ പ്രിയയെ കാണാതെയവുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കള്‍ പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയ്ക്കായി ബന്ധുക്കളും നാട്ടുകാരും പോലീസും അന്വേഷണം നടത്തി വരികെയാണ് വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെ ഇത്തിക്കരയാറ്റില്‍ പുതുശ്ശേരി വള്ളക്കടവ് ഭാഗത്ത് പ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് കൊണ്ട് വന്ന മൃതദേഹവുമായി വൈകിട്ട് ആറോടെയാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. മരണത്തിനുത്തരവാദികളായ അരുണ്‍ ബാബുവിനെയും അയാളുടെ പിതാവിനേയും, സഹോദരിയേയും വിഷയത്തില്‍ ഇടപെട്ട ബി.ജെ.പി നേതാക്കളേയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. പിന്നീട് എഴുകോണ്‍ സി.ഐ സ്ഥലത്തെത്തി പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്. രാത്രി വൈകി പ്രിയയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്.
Post Your Comments