ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കല്‍ ക്ഷമയോടെ സ്വീകരിച്ചതിനു ജനങ്ങളോടു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗപരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മന്‍ കി ബാത്തിന്റെ ഇരുപത്തേഴാം പതിപ്പായിരുന്നു ഇത്. ശ്രോതാക്കള്‍ക്കു ക്രിസ്മസ് ആശംസകള്‍ നേര്‍ന്നാണ് മോദി പ്രസംഗം തുടങ്ങിയത്. ”സഹനത്തിന്റെയും ത്യാഗത്തിന്റെയും ദിനമാണിത്. ക്രിസ്തു പാവപ്പെട്ടര്‍ക്കു വേണ്ടി ത്യാഗം ചെയ്യുക മാത്രമല്ല ചെയ്തത്. പാവങ്ങളുടെ ത്യാഗത്തെ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ഇന്ന് അടല്‍ ബിഹാരി വാജ്‌പേയിയുടെ പിറന്നാള്‍ കൂടിയാണ്. അദ്ദേഹം രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്”.
സര്‍ക്കാരിന്റെ നടപടിയെ സ്വീകരിക്കുകയും വഴിതെറ്റിക്കാനെത്തിയവര്‍ക്കു നല്ല മറുപടി നല്‍കുകയും ചെയ്ത ജനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നെന്നും മോദി പറഞ്ഞു. ”കഴിഞ്ഞ കുറച്ചു നാളുകളായി കാഷ്‌ലെസ് ഇടപാടുകളുടെ തോത് രാജ്യവ്യാപകമായി വര്‍ധിച്ചു. ഇരുനൂറു മുതല്‍ മുന്നൂറു ശതമാനം വരെയാണ് വര്‍ധന. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളെപ്പറ്റിയും ഡിജിറ്റല്‍ ട്രാന്‍സാക്ഷനെപ്പറ്റിയുമുള്ള അവബോധം ജനങ്ങളില്‍ വര്‍ധിച്ചു വരുന്നുണ്ട്”. ഡിജിറ്റല്‍ ബാങ്കിങ് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു പദ്ധതികളും മോദി പ്രഖ്യാപിച്ചു. വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമായി ഡിജി ധന്‍ വ്യാപാര്‍ യോജന, ലക്കി ഗ്രഹക് യോജന എന്നിവയാണ് പ്രഖ്യാപിച്ചത്. പാവപ്പെട്ടവര്‍ക്കും ചെറിയ വരുമാനക്കാര്‍ക്കും ഉപകാരപ്രദമാണ് പുതിയ പദ്ധതികളെന്നും പ്രധാനമന്ത്രി പറഞ്ഞു.
”ലോകബാങ്കിന്റെ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടു. പൗരന്മാരുടെ കഠിധ്വാനത്തിന്റെ ഫലമാണത്. രാജ്യമെങ്ങും കള്ളപ്പണക്കാര്‍ പിടിയിലാകുന്നുണ്ട്”. സാധാരണക്കാര്‍ നല്‍കുന്ന വിവരമനുസരിച്ചാണിത്. പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ പലയിടത്തുനിന്നും ചോദ്യങ്ങളുയരുന്നുണ്ട്. പക്ഷേ അഴിമതിയില്‍ മുങ്ങിയവരെ പിടികൂടാന്‍ തന്നെയാണ് തീരുമാനമെന്നും മോദി പറഞ്ഞു.
Post Your Comments