
തിരുവനന്തപുരം : രണ്ട് ദിവസമായി രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗത കുറവാണെന്ന് മിക്ക ഉപഭോക്താക്കളും പരാതി പറയുന്നുണ്ട്. ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലാത്ത ഈ പ്രശ്നത്തിന്റെ കാരണത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. വന്‍ നാശനഷ്ടങ്ങളുണ്ടാക്കി തമിഴ്നാട് ആന്ധ്രാ തീരത്ത് വീശിയടിച്ച വര്‍ദ്ധ ചുഴലിക്കാറ്റാണ് ഇതിന് കാരണമായത്.
സമുദ്രാന്തര്‍ ഭാഗത്തെ കേബിള്‍ സംവിധാനത്തിലെ തകരാറുകള്‍ മൂലമാണ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗത കുറഞ്ഞതെന്നാണ് ടെലികോം കമ്പനികളുടെ വിശദീകരണം. തകരാര്‍ പരിഹരിക്കാന്‍ സാങ്കേതിക വിദഗ്ദര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും സേവനങ്ങള്‍ പൂര്‍ണ സജ്ജമാകാന്‍ സമയമെടുക്കുമെന്നാണ് ഇവര്‍ നല്കുന്ന വിശദീരണം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പ്രമുഖ ടെലികോം കമ്പനികളെല്ലാം ഔദ്യോഗിക വിശദീകരണം ഇറക്കിയിട്ടുണ്ട്.
ചെന്നൈ തീരത്ത് വീശിയടിച്ച വര്‍ദ്ധ ചുഴലിക്കാറ്റ് മൂലം ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗതയെ ഇത് ബാധിക്കാമെന്നും വോഡഫോണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതേ കാരണത്താല്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗതയില്‍ കുറവുണ്ടായതായും വിദഗ്ദര്‍ തകരാര്‍ പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും മറ്റൊരു ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്ലും ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചിട്ടുണ്ട്. ചെന്നൈയിലെ ഇന്റര്‍നെറ്റ് ഗേറ്റ്വേയില് സാരമായ തകരാര്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ചെന്നൈ തീരത്ത് വീശിയടിച്ച വര്‍ദ്ധ ചുഴലിക്കാറ്റ് സമുദ്രാന്തര്‍ ഭാഗത്തെ കേബിള്‍ സംവിധാനത്തില്‍ തകരാറുണ്ടാക്കിയെന്നുമാണ് കണ്ടെത്തല്‍.
Post Your Comments